ADVERTISEMENT

കുവൈത്ത് സിറ്റി∙ പുതുതായി നൽകുന്ന വർക്ക് പെർമിറ്റുകൾക്ക് കാലാവധി ഒരു വർഷമാക്കണമെന്ന്  മാൻ‌പവർ പബ്ലിക് അതോറിറ്റി ശുപാർശ. അതോറിറ്റി പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ശുപാർശയുള്ളത്. നിലവിൽ കുവൈത്തിലുള്ള തൊഴിൽ നൈപുണ്യ ജോലിക്കാർക്ക് ഇഷ്ടാനുസരണം സ്പോൺസറെ മാറാൻ അനുവദിക്കണമെന്നും വിസാ നിയമം ലംഘിച്ച്  തുടരുന്നവരെ നാടുകടത്തണമെന്നും  ഭാവിയിൽ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കരുതെന്നും ശുപാർശയുണ്ട്.

ചെറുകിട- ഇടത്തരം സംരംഭങ്ങളിൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് മറ്റൊരു ശുപാർശ. ഈ വിഭാഗം സ്ഥാപനങ്ങളിൽ നിലവിൽ 79,000 വർക്ക് പെർമിറ്റുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ സ്ഥാപനങ്ങളുടെ എണ്ണം 4000 മാത്രമാണ്. തൊഴിൽ വിപണിയിൽ യഥാർഥത്തിൽ ആവശ്യമുള്ള തൊഴിലാളികളെ ഉൾക്കൊള്ളുന്നതിനുള്ള നടപടികൾ ആസൂത്രണം ചെയ്യണം. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ തൊഴിൽശേഷി കണക്കെടുക്കണം.

സ്വദേശികളെ ലഭിക്കാൻ സാധ്യതയുള്ള തൊഴിലിൽ വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകരുത്. സർക്കാർ കരാറുകളുമായി ബന്ധപ്പെട്ട തൊഴിലാളികളെ സംബന്ധിച്ച എല്ലാ മന്ത്രാലയങ്ങളും അവലോകനം നടത്തണം. കരാർ കാലാവധി അവസാനിച്ച തൊഴിലാളികളെ മറ്റിടങ്ങളിൽ പ്രയോജനപ്പെടുത്താം. സ്വദേശികൾ താൽപര്യപ്പെടാത്ത തൊഴിലുകളിൽ വിദേശികളെക്കാൾ പ്രാമുഖ്യം ബിദൂനികൾ (പൗരത്വമില്ലാത്തവർ‌)ക്ക് നൽകണം. അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കണം.

പെട്രോൾ സ്റ്റേഷൻ, ഷോപ്പിങ് സെന്റർ, കാർ പാർക്കിങുകൾ, ടാക്സി ഡ്രൈവർ, ക്ലീനിങ് മേഖല, ഗാർഡുമാൽ എന്നീ ജോലികളിലാണ് അവിദഗ്ധരുടെ കൂടുതലുള്ളത്. ജനസംഖ്യയിലുള്ള അസന്തുലനം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും പഠന റിപ്പോർട്ടിലുണ്ട്. 12ലക്ഷം വിദേശികളിൽ തൊഴിലെടുക്കുന്ന 71% പേർ 60 മുതൽ 359 ദിനാ‍ർ വരെ ശമ്പളം വാങ്ങുന്നതായാണ് കണക്ക്. 5 ലക്ഷം പേർ 60മുതൽ 119 ദിനാർ വരെയും 324000 പേർ 120 മുതൽ 179 ദിനാർ വരെയും 146000 പേർ 180 മുതൽ 239 ദിനാർ വരെയും 96500 പേർ 240 മുതൽ 359 ദിനാർ വരെയുമാണ് ശമ്പളം പറ്റുന്നത്.

480 ദിനാറിന് മുകളിൽ ശമ്പളമുള്ള വിദേശികളുടെ എണ്ണം 231800 ആണ്. 55000 പേർക്ക് 420- 479 ദിനാർ ശമ്പളമുണ്ട്. തൊഴിൽ മേഖലയിലെ പ്രവാസികളിൽ കൂടുതൽ ഇന്ത്യക്കാരാണ്. അവരിൽ റസ്റ്ററൻ‌റ്, മൊത്ത വ്യാപാരം, ഹോട്ടൽ എന്നിവിടങ്ങളിൽ 206700 പേരും കൃഷി, മത്സ്യ മേഖലയിൽ 89300 പേരുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com