ADVERTISEMENT

ദുബായ് ∙ കാർഷിക മേഖല വിപുലമാക്കാൻ മലിനജലം പാഴാക്കാതിരിക്കാനുള്ള ശാസ്ത്രീയ പദ്ധതികൾക്കു തുടക്കമാകുന്നു. മലിനജലം ശുദ്ധീകരിച്ച് കൃഷിയിടങ്ങൾ നനയ്ക്കുന്നതിനൊപ്പം സംസ്കരണ കേന്ദ്രങ്ങളിലെ ജൈവ മാലിന്യങ്ങളും വളമാക്കും. രാജ്യത്ത് ഓരോ വർഷവും 73.5 കോടി ഘനമീറ്റർ മലിനജലം ശുദ്ധീകരിക്കുന്നതിൽ നാലിലൊന്നിൽ കൂടുതലും പാഴാകുന്ന സാഹചര്യത്തിലാണിത്.

ഭക്ഷ്യോൽപന്നങ്ങളുടെ ഇറക്കുമതി കുറയ്ച്ച് ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം ഭക്ഷ്യസംസ്കരണ രംഗത്തും പുതിയ പദ്ധതികൾ തുടങ്ങും. സംസ്കരിച്ച ജൈവമാലിന്യങ്ങൾ വളമാക്കി ഹരിത ഗൃഹങ്ങളിലും തട്ടുകൃഷിയിലും ഉപയോഗപ്പെടുത്തിയാൽ ചെലവു കുറയ്ക്കാമെന്നാണു കണ്ടെത്തൽ. പ്രതിവർഷം 1.67 ലക്ഷം ടൺ ഉത്പാദിപ്പിക്കുന്നതായാണ് കണക്ക്.

ഇന്റർനാഷനൽ സെന്റർ ഫോർ ബയോസാലൈൻ അഗ്രികൾചർ, ഇന്റർനാഷനൽ സെന്റർ ഫോർ അഗ്രികൾചറൽ റിസർച് ഇൻ ദ് ഡ്രൈ ഏരിയാസ്, യുഎഇ യൂണിവേഴ്സിറ്റി, ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതികൾ ആരംഭിക്കുക. കാർഷിക മുന്നേറ്റം ലക്ഷ്യമിട്ടുള്ള പദ്ധതികളും  നടപ്പാക്കുന്നുണ്ട്. സർവകലാശാല വിദ്യാർഥികൾ, വനിതകൾ എന്നിവരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കും.

ഹൈടെക് സാങ്കേതിക വിദ്യകൾ നടപ്പാക്കി യുവാക്കളെ ആകർഷിക്കുക, പുതിയ കൃഷിരീതികളും കാർഷികോപകരണങ്ങളും പരിചയപ്പെടുത്തുക, യുഎഇയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കാർഷിക പദ്ധതികൾ ആവിഷ്കരിക്കുക,  കാർഷിക-ഭക്ഷ്യസംസ്കരണ മേഖലയിൽ സംരംഭങ്ങൾ തുടങ്ങാൻ  സാമ്പത്തിക-സാങ്കേതിക സഹായം നൽകുക എന്നിവയാണു മറ്റു പദ്ധതികൾ.

യുഎഇയുടെ ഭക്ഷ്യോൽപാദനം മൂന്നിരട്ടിയാക്കാൻ ലക്ഷ്യമിട്ടു മേയിൽ ആരംഭിച്ച 'ഫുഡ് ടെക് വാലി'യിൽ കീടനാശിനി-രാസവള രഹിത പച്ചക്കറി ഉൽപാദിപ്പിക്കാനുള്ള പദ്ധതി പ്രാഥമികഘട്ടം പിന്നിട്ടു പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com