sections
MORE

ഷാർജ രാജ്യാന്തര പുസ്തകമേള: ഒരുക്കം പൂർത്തിയായി; ഇന്ത്യയിൽ നിന്ന് എഴുത്തുകാരും, 83 പ്രസാധകരും പങ്കെടുക്കും

shb
SHARE

ഷാർജ ∙ മഹാമാരിക്കാലത്ത് അക്ഷര സാന്ത്വനമേകാൻ ലോകത്തെ ഏറ്റവും വലിയ മൂന്നു പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേള (എസ് െഎബിഎഫ്)യ്ക്ക് ഒരുക്കം പൂർത്തിയായതായി അധികൃതർ പറഞ്ഞു. 'എന്നും എവിടെയും കൃത്യമായ പുസ്തകമുണ്ട്'  എന്ന പ്രമേയത്തിൽ നവംബർ 3 മുതൽ13 വരെ ഷാർജ അല്‍ താവൂനിലെ എക്സ്പോ സെന്ററിലാണ്  40–ാമത് മേളയെന്ന് സംഘാടകരായ ബുക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി അറിയിച്ചു.  യുഎഇ സുംപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധാകാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിലാണ് പരിപാടി.

നൊബേൽ ജേതാവ് ഗുർന, ഘോഷ്, ചേതൻ ഭഗത്, സന്തോഷ് ജോർജ് കുളങ്ങര

 സാഹിത്യത്തിനുള്ള ഇപ്രാവശ്യത്തെ നൊബേൽ ജേതാവ് ടാൻസാനിയൻ എഴുത്തുകാരൻ അബ്ദുൽ റസാഖ് ഗുർനയുടെ സാന്നിധ്യമാണ് മേളയിലെ ഏറ്റവും വലിയ സവിശേഷത. കൂടാതെ, അൾജീരിയൻ നോവലിസ്റ്റ്  യാസ്മിന ഖുദ്ര, 'ദ് പെർസ്യൂട്ട് ഒാഫ് ഹാപ്പിനസ്' എന്ന പ്രശസ്ത അമേരിക്കൻ ചിത്രത്തിന് നിദാനമായ ബിസിനസ് മാൻ ക്രിസ് ഗാർഡ്നർ, ഇന്ത്യയിൽ നിന്ന് ഇംഗ്ലീഷ് എഴുത്തുകാരായ അമിതാവ് ഘോഷ്, ചേതൻ ഭഗത് അടക്കമുള്ളവരും കേരളത്തിൽ നിന്ന് ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയും പങ്കെടുക്കും. മണിഹീസ്റ്റ് എന്ന ലോകപ്രശസ്ത ത്രില്ലർ ടിവി പരമ്പരയുടെ അണിയറക്കാരും എത്തും. എഴുത്തുകാരെയും കലാകാരന്മാരെയും കൂടാതെ, പ്രസാധകർ എന്നിവർ സംഗമിക്കുന്ന 11 ദിവസത്തെ മേളയിൽ പുസ്തകപ്രകാശനം, സംവാദം, ചർച്ചകൾ, അഭിമുഖം തുടങ്ങിയവയും മറ്റു കലാ–സാംസ്കാരിക, സംഗീത, പാചക പരിപാടികളും അരങ്ങേറും. സ്പെയിനാണ് ഇപ്രാവശ്യത്തെ അതിഥിരാജ്യം.

santhosh-amithav-abdul

പുസ്തകത്തെയും വായനയെയും സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വായനക്കാരുടെ സാന്നിധ്യം മേളയ്ക്ക് ആഘോഷപരിവേഷം നൽകും. കഴിഞ്ഞ വർഷം ഓൺലൈനിലൂടെയായിരുന്നു അതിഥികൾ മേളയിൽ പങ്കെടുത്തിരുന്നത്. മലയാളത്തിൽ നിന്നടക്കം ഇന്ത്യയിൽ നിന്ന് കൂടുതൽ പ്രമുഖരെത്തുമെന്നും ഇവരുടെ പേരുവിവരങ്ങള്‍ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അൽ അമിരി പറഞ്ഞു. 

ഇന്ത്യയിൽ നിന്ന് 83 പ്രസാധകർ

ഇന്ത്യയുൾപ്പെടെ 81 രാജ്യങ്ങളിൽ നിന്ന് 1,559 പ്രസാധകർ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് മലയാളമുൾപ്പെടെ 83 പ്രസാധകരെത്തും. ഇൗജിപ്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രസാധകരെത്തുക–293. ആതിഥേയ രാജ്യമായ യുഎഇ 240 പ്രസാധകരുമായി രണ്ടാം സ്ഥാനത്തുണ്ട്. ബ്രിട്ടൻ–132, ലബനൻ–111 എന്നിങ്ങനെയാണ് മറ്റുള്ളവർ. 

 പുസ്‍തക പ്രേമികള്‍ക്ക് മേളയിൽ നേരിട്ടെത്തി പുസ്‍തകങ്ങള്‍ കാണുകയും സ്വന്തമാക്കുകയും ചെയ്യാം. വെള്ളിയാഴ്ചകളിലൊഴിച്ച് രാവിലെ 10 മുതൽ രാത്രി 10 വരെയും  വെള്ളിയാഴ്ചകളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. സന്ദർശകർ ഒാൺലൈനിലൂടെ റജിസ്റ്റർ ചെയ്യണം:https://www.sibf.com/en/accountregistration 

ഇന്ത്യൻ പവലിയനിലെ റൈറ്റേഴ്സ് ഫോറം തിരിച്ചുവരുന്നു

ഇന്ത്യൻ പവലിയനിലെ റൈറ്റേഴ്സ് ഫോറം ഇപ്രാവശ്യം ഉണ്ടാകുമെന്ന് ബുക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻകുമാർ  പറഞ്ഞു. കോവിഡ് കാരണം കഴിഞ്ഞവർഷം ഇൗ പ്രത്യേക ഹാൾ ഇല്ലായിരുന്നു. ഇതുമൂലം സ്റ്റാളുകൾക്ക് മുന്നിലായിരുന്നു പ്രകാശന പരിപാടികൾ നടന്നത്.  മലയാളമടക്കം ഇന്ത്യൻ പുസ്തകങ്ങൾ പ്രകാശനം ചെയ്യാനുള്ള വേദിയാണിത്. ഇപ്രാവശ്യവും മലയാളത്തിൽ നിന്ന് 130ലേറെ പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ ഏറ്റവും പുതിയ പുസ്തകങ്ങളുമായാണ് പ്രസാധകരെത്തുക. കൂടാതെ, യുഎഇ അടക്കമുള്ള ഗൾഫിലെയും നാട്ടിലെയും എഴുത്തുകാരുടെ പുസ്തകങ്ങളും  ലഭ്യമാകും.

​മലയാളത്തിൽ നിന്ന് ഒട്ടേറെ പേർ

മലയാളത്തിൽ നിന്ന് പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ പേര്‍ തങ്ങളുടെ പുസ്തകവുമായെത്തും. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ, വി.ഡി.സതീശൻ, മാന്ത്രികനും മോട്ടിവേഷൻ സ്പീക്കറുമായ ഗോപിനാഥ് മുതുകാട്, നടൻ ആസിഫ് അലി, മുൻ പ്രവാസി കൂടിയായ എഴുത്തുകാരൻ സുറാബ് തുടങ്ങിയവരാണ് പ്രകാശനത്തിനായി പുസ്തകങ്ങളുമായി എത്തുക. ആസിഫ് അലിയുടെ ഭാര്യാമാതാവിന്റെ പുസ്തകമാണ് മേളയിൽ പ്രകാശനം ചെയ്യുക

ഒട്ടേറെ പുതിയ രാജ്യങ്ങളും

ഇപ്രാവശ്യം പുതുതായി ഒട്ടേറെ രാജ്യങ്ങളിൽ നിന്ന് പ്രസാധകരെത്തും. തൻസാനിയ, അൾജീരിയ, കൊളംബിയ, കാമറൂൺ, സുഡാൻ എന്നിവയടക്കം പത്തോളം പുതിയ രാജ്യങ്ങളാണ് പങ്കെടുക്കുക. 

പ്രസാധക സമ്മേളനം

11–ാമത് പ്രസാധക സമ്മേളനം മേളയ്ക്ക് മുന്നോടിയായി ഇൗ മാസം 31 മുതൽ നവംബർ 2 വരെ നടക്കും.  520 പ്രസാധകരും 35 പ്രാസംഗികരും പങ്കെടുക്കുന്നതാണ്. രാജ്യാന്തര പ്രസാധക സംഘടനയുടെ നേതൃത്വത്തിൽ 3 ദിവസം നീണ്ടുനിൽക്കുന്ന  സമ്മേളനത്തിൽ പ്രസാധകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പുസ്തക വിവർത്തനങ്ങളുടെ അവകാശങ്ങൾ കൈമാറുകയും ചെയ്യും.

ലൈബ്രറി സമ്മേളനം

എട്ടാമത് ഷാർജ രാജ്യാന്തര ലൈബ്രറി സമ്മേളനം നവംബർ 9 മുതൽ 11 വരെ നടക്കും.ലൈബ്രറേയന്മാര്‍, ലൈബ്രറി പ്രഫഷനുകൾ, പ്രഭാഷകർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 

പ്രവേശന സമയക്രമം

പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. രാവിലെ 10 മുതൽ രാത്രി 10 വരെ. വെളളിയാഴ്ചകളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെ.

വ്യാപാര സംബന്ധമായി സന്ദർശിക്കുന്നവർ, പ്രസാധകർ, ഗവേഷകർ, സ്ഥാപനങ്ങൾ, ലൈബ്രറികൾ തുടങ്ങിയവയുടെ പ്രതിനിധികൾക്ക്: രാവിലെ 9 മുതൽ രാത്രി 10 വരെ.

വാർത്താ സമ്മേളനത്തിൽ ഷാർജ പൊലീസ് സെൻട്രൽ ഒാപറേഷൻസ് ഡയറക്ടർ ജനറൽ ബ്രി.ജനറൽ ഡോ. അഹമദ് സഇൗദ് അൽ നൗഅർ, എത്തിസാലാത്ത് നോർത്തേൺ എമിറേറ്റ്സ് ഡയറക്ടര്‍ ജനറൽ അബ്ദുൽ അസീസ് താരിം, ഷാർജ ടിവി ഡയറക്ട‌ർ സാലിം അൽ ഗൈതി തുടങ്ങിയവര്‍ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA