sections
MORE

പ്രവാസികളുടടെ മാപ്പിളപ്പാട്ടോർമകളിൽ കുട്ടിമാഷ്; ആ ഇശൽതേൻകണം ഒരിക്കലും മായില്ലെന്ന് പ്രിയപ്പെട്ടവർ

vm-kutty2
SHARE

ദുബായ് ∙ മലയാളിക്ക് മാപ്പിളപ്പാട്ടിന്റെ ഇശൽമണം പകർന്ന് നൽകിയ ആദ്യ മാപ്പിളപ്പാട്ടുകാരിലൊരാളായ വി.എം.കുട്ടിയുടെ വിയോഗത്തിൽ ഗൾഫും തേങ്ങുന്നു. യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളെയെല്ലാം ഹൃദയത്തിൽ ചേർത്തുവച്ചിരുന്ന പ്രിയ ഗായകൻ ഏറ്റവും കൂടുതൽ സ്റ്റേജ് പരിപാടികളിൽ പങ്കെടുത്തിരിക്കുക യുഎഇയിൽ തന്നെയായിരിക്കാം. 2019 ലായിരുന്നു അവസാനമായി വി.എം.കുട്ടി യുഎഇയിലെത്തിയത്. സംരംഭകനും മാപ്പിളപ്പാട്ട് കലാസ്നേഹിയുമായ ഷംസുദ്ദീൻ നെല്ലറ തന്റെ ഭവനത്തിൽ ഒരുക്കിയ മാപ്പിളപ്പാട്ട് സന്ധ്യയിൽ, അദ്ദേഹത്തോടൊപ്പം ഒരുകാലത്ത് വേദി നിറഞ്ഞുപാടിയ വിളയിൽ ഫസീലയുമെത്തിയിരുന്നു. പണ്ട് കല്യാണവീടുകളിൽ മാത്രം ഒതുങ്ങിപ്പോയിരുന്ന മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയവരിൽ മുൻപന്തിയിൽ നിൽക്കുന്ന ഇരുവർക്കും അന്ന് യുഎഇയിലെ സംഗീതാസ്വാദക ലോകത്തിന്റെ ആദരവ് നൽകുകയുണ്ടായി.

വി.എം.കുട്ടിയുമായി വളരെ അടുപ്പമുള്ള ഒട്ടേറെ പേർ യുഎഇയിലുണ്ട്. അദ്ദേഹം കൈപിടിച്ചുയർത്തിയ ഗൾഫിലെ യുവ ഗായകരും മാപ്പിളപ്പാട്ടു പ്രേമികളും കണ്ണീരോടെ അദ്ദേഹത്തെ ഒാർക്കുന്നു.  ഞെട്ടലോടു കൂടിയുള്ളതായിരുന്നു ഇന്നത്തെ സൂര്യോദയമെന്നായിരുന്നു ഷംസുദ്ദീൻ നെല്ലറയുടെ പ്രതികരണം. കുട്ടി മാഷ് എന്ന്  സ്നേഹത്തോടെ വിളിച്ചിരുന്ന മാപ്പിളപ്പാട്ടിന്റെ കുലപതി വി.എം കുട്ടി വിടവാങ്ങിയ വാർത്ത ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു മാസങ്ങൾ ആയി ചികിത്സയിലായിരുന്നു. ഗായകനും ഗാനരചയിതാവും മാപ്പിളപ്പാട്ട് ഗവേഷകനും സംഘാടകനും കൂടിയായ മാഷിന്‍റെ വിയോഗം മാപ്പിളപ്പാട്ട് ലോകത്ത് വലിയ വിടവ് തന്നെ സൃഷ്ടിക്കും. മാഷുമായുള്ള ബന്ധത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ചെറുപ്പകാലത്ത് ടേപ്പ് റോക്കാര്‍ഡറില്‍ പാട്ട് കേട്ടിരുന്നപ്പോള്‍ മുതല്‍ നേരില്‍ കാണാന്‍ ആഗ്രഹിച്ചവരില്‍ ഒരാളായിരുന്നു മാഷ്. വര്‍ഷങ്ങള്‍ക്കിപ്പുറം മരുഭൂമിയില്‍ ഉപജീവന മാര്‍ഗം തേടിയെത്തിയപ്പോള്‍ മാപ്പിളപ്പാട്ടിനോടും ഗായകരോടുമുള്ള ഇഷ്ടക്കൂടുതൽ കാരണം  ജോലി കഴിഞ്ഞുള്ള വിശ്രമ ഇടവേളകളിൽ പ്രവാസ ലോകത്ത് നടക്കുന്ന മാപ്പിളപ്പാട്ട് മേളകൾക്കെത്താനും അദ്ദേഹത്തെ നേരിട്ട് കാണാന്‍ ഒത്തുകൂടുന്ന ആയിരങ്ങളുടെ കൂട്ടത്തില്‍ ഒരാളായി ഞാനും ഉണ്ടായിരുന്നു. പിന്നീട് നെല്ലറ എന്ന ബ്രാൻഡ് തുടങ്ങി കച്ചവടത്തില്‍ സജീവമായപ്പോള്‍ സംഗീത പരിപാടികളുമായി കൂടുതല്‍ സഹകരിക്കാനും  ഇടപഴകാനുമായി. അന്നുമുതലാണ് മാഷുമായുള്ള ബന്ധം തുടങ്ങുന്നത്.

vm-kutty1

ഒരു ഗായകന്‍ എന്നതിലപ്പുറം ഒരുപാട് കലാകാരന്മാരെ വാര്‍ത്തെടുത്തതിൽ അദ്ദേഹത്തിന്‍റെ പങ്ക് ചെറുതല്ല. വിളയില്‍ ഫസീല, മുക്കം സാജിത , കണ്ണൂർ സീനത്ത് തുടങ്ങി വേദികളിൽ നിറഞ്ഞു നിന്നിരുന്ന പലരും അദ്ദേഹത്തിന്റെ കൈപിടിച്ച്‍ കയറി വന്നവരാണ്. 2010ൽ ദുബായിൽ സംഘടിപ്പിച്ച നെല്ലറ ഗൾഫ് മാപ്പിളപ്പാട്ട് അവാർഡ് നൈറ്റിൽ മികച്ച ഗായകനുള്ള അവാർഡ് അദ്ദേഹത്തിന്റെ കൈകളിൽ ഏൽപ്പിച്ചത് ഇന്നും മായാത്ത ഓർമ. ചാനൽ റിയാലിറ്റി ഷോകളിൽ ഒപ്പം ജഡ്ജായി ഇരുന്നതും, ബഷീർ തിക്കോടിയുടെ നേതൃത്വത്തിൽ എടപ്പാളിലെ വീട്ടിൽ നിന്നു പഴയകാല ഗായിക ആയിഷ ബീഗത്തിന്റെ ആലപ്പുഴയിലെ വീട്ടിലേക്ക് അന്നത്തെ ഗായകരെ ഒത്തൊരുമിപ്പിച്ച് മാഷിനൊപ്പം ബസ് യാത്ര നടത്തിയതും, സംഗീതത്തിൽ ഒട്ടും തല്പരനല്ലാത്ത എന്റെ പിതാവിനെ തമാശ രൂപേണ സ്വാധീനിച്ച് ഗാനം പാടി കേൾപ്പിച്ച് ആസ്വദിപ്പിച്ചതും തുടങ്ങി മാഷുമായുള്ള മധുരോർമകൾ ഏറെ. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ മാഷിന്റെ പ്രവത്തനങ്ങൾ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിനിമയില്‍ പാടിയും അഭിനയിച്ചും അദ്ദേഹം കഴിവ് തെളിയിച്ചു. 

1980-90 കളിൽ തരംഗിണി കാസറ്റുകളിലൂടെ തരംഗമായി മാറിയ ദാസേട്ടന്റെ മാപ്പിളപ്പാട്ടുകൾക്ക് കാരണക്കാരിൽ ഒരാളും മാഷ് തന്നെ. ദുബായിൽ എപ്പോൾ വന്നാലും വീട്ടിൽ വരാനും പരിപാടി അവതരിപ്പിക്കാനും പ്രത്യേകം സമയം കണ്ടെത്താറുണ്ട്. അവസാനമായി 2019ൽ ദുബായിൽ വന്നപ്പോൾ നെല്ലറ ഭവനത്തിൽ ആദരവ് നൽകിയതും അവരുടെ ട്രൂപ്പിന്റെ പഴയ ഗായിക വിളയിൽ ഫാസീലാത്തയൊടൊപ്പം പാടിയതും ഇശൽമാല അവാർഡ് നൽകിയതും  മറ്റു ചില നല്ലോർമകൾ. 

രണ്ട് വർഷം മുമ്പ് മകൻ റഹ്മത്തിന്റെ വീട്ടിലെ ചടങ്ങിൽ മാഷിനൊപ്പം പാടി വളർന്ന ഗായകരെ ഒരുമിപ്പിച്ച് കുട്ടീസ് എന്ന ഓർക്കസ്ട്രയ്ക്ക് രൂപം നൽകുന്നതിൽ പങ്കാളിയാകാൻ സാധിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പായിരുന്നു അദ്ദേഹത്തെ അവസാനമായി വീട്ടിൽ കാണാൻ പോയത് . പുറത്ത് പോകുന്ന തിരക്കിലായിരുന്നെങ്കിലും അൽപസമയം ചെലവഴിക്കാനും മാഞ്ഞുതുടങ്ങിയ ഒാർമകളിൽ നിന്നു എന്നെ ഓർത്തെടുക്കാനും കുശലാന്വേഷണം നടത്താനും പ്രത്യേകം ശ്രദ്ധ പുലർത്തി–ഷംസുദ്ദീൻ പറഞ്ഞു.

vm-kutty

താൻ ആദ്യമായി പാടിത്തുടങ്ങിയത് വി.എം.കുട്ടി, മൂസ എരഞ്ഞോളി തുടങ്ങിയവരുടെ കൂടെ ആയിരുന്നുവെന്നും അത് തന്റെ മാപ്പിളപ്പാട്ട് ജീവിതത്തിലെ അവിസ്മരണീയാനുഭവങ്ങളാണെന്നും ദുബായിലെ യുവ ഗായകനും സംരംഭകനുമായ ഗഫൂർ ഷാസ് അനുസ്മരിച്ചു.

അന്നവർ ഒന്നിച്ചു പാടി; അവസാനഗാനം

മാപ്പിളപ്പാട്ട് പ്രേമികള്‍ക്ക് ഗൃഹാതുരത്വം സമ്മാനിച്ച് അവർ അന്ന് വീണ്ടും ഒന്നിച്ചു പാടി, മാപ്പിളപ്പാട്ടിന്റെ വലിയ ഗായകൻ വി.എം.കുട്ടിയും ശബ്ദത്തിൽ തേൻതുള്ളികളൊളിപ്പിച്ച വിളയിൽ ഫസീലയും. ആസ്വാദകരുടെ ഹൃദയത്തിൽ തേന്മഴ പെയ്യിച്ച ഇശൽ രാവായിരുന്നു  ദുബായിലെ ഒരു പറ്റം പാട്ടു ആസ്വാദകർക്ക്. 

ഏറെ കാലങ്ങൾക്ക് ശേഷമാണ് സംഗീത പ്രേമികൾക്ക് മുന്നിൽ മാപ്പിളപ്പാട്ടിലെ  എക്കാലത്തെയും  മികച്ച  കൂട്ടുകെട്ടായ വി. എം. കുട്ടിയും വിളയിൽ ഫസീലയും പാട്ടുമായെത്തിയത്. 85-ാം വയസ്സിലും ശാരീരിക അവശതകൾ മറന്ന്  വി. എം. കുട്ടി  മധുരമായി പാടിയപ്പോൾ ഇശൽതേൻകണങ്ങളും നാട്ടുനന്മകളും പൂത്തുലഞ്ഞു. തനത് മാപ്പിള മാപ്പിളാകലാ- സാഹിത്യ വേദിയാണ് ഈ കൂട്ടുകെട്ടിനെ ഇശലുകളിൽ ചേർത്തുവയ്ക്കാനും ആദരവുകൾ നൽകാനുമുള്ള ചടങ്ങ് ഷംസുദ്ദീൻ നെല്ലറയുടെ വീട്ടിൽ ഒരുക്കിയത്. 

വേദികളിൽ നിന്ന് വേദികളിലേയ്ക്ക് പാടിപ്പറന്ന ഒരു കാലമുണ്ടായിരുന്നു ഇരുവർക്കും. ലോകത്തെങ്ങുമുള്ള ആസ്വാദകരിലേക്ക് മാപ്പിളപ്പാട്ടിന്റെ  മാധുര്യം  ചേർത്തുവച്ച് വി എം കുട്ടി -വിളയിൽ ഫസീല ചിരപ്രതിഷ്ഠ നേടി. ഇത്തരമൊരു കൂട്ടുകെട്ട് ഈ രംഗത്ത് വളരെ ചുരുക്കം. പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കിയ മാന്ത്രികസ്വരമാണ് ഇരുവരുടേതും. വി.എം.കുട്ടിയെ സി.കെ.അബ്ദുൽ മജീദ് ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വിളയിൽ ഫസീലയെ ഫൈസൽ എളേറ്റിലും ആദരിച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA