ADVERTISEMENT

ദുബായ് ∙ യുഎഇയിലും സൗദി അറേബ്യയിലുമുള്ള രോഗബാധിതരായ മൂന്നു കുട്ടികളുടെ ജീവൻ രക്ഷിക്കാൻ രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം. ദുബായിലെ വിജിത് വിജയനും കുടുംബവുമാണ് അടുത്തിടെ മരിച്ച രണ്ടു വയസ്സുകാരനായ മകൻ വിവാൻ വിജിത് വിജയന്റെ അവയവങ്ങൾ ദാനം ചെയ്തത്. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിജിത് വിജയനെയും കുടുംബത്തെയും സമൂഹ മാധ്യമത്തിലൂടെ അഭിനന്ദിച്ചു.

കുടുംബത്തിന്റെ  മനുഷ്യത്വപരമായ പ്രവൃത്തി ജീവന് വേണ്ടി പൊരുതുന്നവർക്കു തിരിച്ചുവരവിന് അവസരം നൽകുന്നതായി അദ്ദേഹം കുറിച്ചു. മകന്‍ നഷ്ടപ്പെട്ട കഠിന വ്യഥയനുഭവിക്കുമ്പോഴും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്മനസ്സ് കാണിച്ച വിജിത് വിജയന്റെ കുടുംബത്തിന്റെ മഹത് കർമം തനിക്ക് ഏറ്റവും ഹൃദയഹാരിയായ പ്രവൃത്തിയായി അനുഭവപ്പെട്ടതായി ഷെയ്ഖ് ഹംദാൻ പറഞ്ഞു.

ദുബായിലെ ഏറ്റവും വലിയ മാനുഷിക നിലപാടുകളിലൊന്ന് സംഭവിച്ച വാർത്തയാണ് അറിഞ്ഞത്. മരിച്ചുപോയ കുട്ടിയുടെ പിതാവായ വിജിത് വിജയൻ, മകന്റെ അവയവങ്ങൾ ദാനം ചെയ്ത് രോഗികളായ മൂന്നു കുട്ടികളുടെ ജീവൻ രക്ഷിക്കാൻ തയാറായി. ദൈവത്തിന് നന്ദി. മൂന്ന് കുട്ടികൾക്കും എന്റെ ആശംസകൾ– ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു. ഈ ത്യാഗം മൂലം മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കപ്പെട്ടു. അവരുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്. വിവാന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. മൂന്നു കുട്ടികൾക്കും ആരോഗ്യകരമായ ജീവിതം നയിക്കാൻ ആത്മാർഥമായ ആശംസകൾ ഹംദാൻ വ്യക്തമാക്കി. 

വിജിത് വിജയൻ മലയാളിയാണെന്നാണു സുചന. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com