ADVERTISEMENT

ദുബായ്∙ ലോകത്ത് ഏറ്റവും സന്തോഷമുള്ളവരുടെ പവിലിയൻ കാഴ്ചക്കാരിലും സന്തോഷം നിറയ്ക്കുന്നു. ലോക സന്തോഷ നിലവാര സൂചികയിൽ തുടർച്ചയായി നാലാമതും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഫിൻലൻഡ് പവിലിയൻ കണ്ടാൽ മഞ്ഞു കൊണ്ട് നിർമിച്ച അറബി കൂടാരമാണെന്നേ തോന്നൂ.

ലുമി (ഫിന്നിഷിൽ മഞ്ഞ് എന്നർഥം) വീണുറഞ്ഞു നിൽക്കുന്ന കുന്നു പോലെയാണ് ഇതു രൂപകൽപന ചെയ്തിരിക്കുന്നതും. ഉള്ളിൽ ആകാശത്തേക്ക് തുറന്നിരിക്കുന്ന ഫണൽ പോലെയുള്ള ഭാഗം മനോഹരം. പുറത്തെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് ശാന്തമായിരിക്കാൻ പറ്റിയ സ്ഥലം. ഫിൻലൻഡിലെ കുന്നിൻ ചെരുവിൽ നിറയുന്ന പ്രശാന്തതയാണ് ഇവിടെ അനുഭവപ്പെടുക.

തൂവെള്ള നിറത്തിലെ പവിലിയനിൽ എല്ലാം സാങ്കേതിക മയമാണ്.  എന്നാൽ വായു, ജലം, പരിസ്ഥിതി തുടങ്ങിയവയെല്ലാം വൃത്തിയായി സൂക്ഷിക്കാൻ സാങ്കേതിക സംവിധാനങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പവിലിയൻ വ്യക്തമാക്കുന്നു. അതിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ സന്തോഷം പകരുന്നു.

ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം, സാങ്കേതിക മികവിലൂടെ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾക്കു പോലുമുള്ള പരിഹാരം, അഴിമതിരഹിത ഭരണത്തിലൂടെയും പ്രകൃതി സംരക്ഷണത്തിലൂടെയും സുസ്ഥിര വികസനവും മുന്നേറ്റവും ഇതെല്ലാമാണ് ഫിൻലൻഡിനെ വേറിട്ടു നിർത്തുന്നത്. കുറഞ്ഞ സ്ഥലത്ത് സാങ്കേതിക വിജ്ഞാനം ഉപയോഗിച്ച് നടത്തുന്ന മികച്ച കൃഷിയാണ് മറ്റൊരു കുളിർമയുള്ള കാഴ്ച.

ലോകത്തെ ഏറ്റവും പഴക്കമുള്ളതും കടുപ്പമേറിയതുമായ പാറക്കഷണം, സാന്താക്ലോസിന് കുട്ടികൾ എഴുതിയ നൂറ്റാണ്ട് പഴക്കമുള്ള ക്രിസ്മസ് കാർഡ്, മൊബൈൽ ഫോൺ രംഗത്തെ ആദ്യ സുപരിചത പേരായ നോക്കിയ തുടങ്ങി ഒട്ടേറെ കാഴ്ചകൾ ഈ പവിലിയനെ വ്യത്യസ്തമാക്കുന്നു. റെയിൻഡിയറിന്റെ രോമം, മാനിന്റെ കൊമ്പു കൊണ്ടു നിർമിച്ച കരകൗശല വസ്തുക്കൾ തുടങ്ങിയവയെല്ലാം വിൽപനയ്ക്കും വച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com