ADVERTISEMENT

ദുബായ് ∙ തുർക്ക്മെനിസ്ഥാന്റെ പവിലിയനിൽ എല്ലാം കുതിരമയമാണ്. കുതിരയോട്ട കമ്പക്കാരനായ ഗർബാൻഗൂലി ബെർഡിമെഹമ്മദോവ് പ്രസിഡന്റായ രാജ്യത്തിന്റെ പവിലിയൻ ഇതുപോലെയായില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ.

തിരുവിതാംകൂറിന് ആന പോലെ തുർക്ക്മെനിസ്ഥാന്റെ മുദ്രകളിൽ കുതിരയാണ്. പന്തയക്കുതിരകളിൽ പേരു കേട്ട ഇനമായ അകാൽ ടെക്കി. ദേശീയ മൃഗം സ്വർണക്കുതിര. സ്വർണംപോലെ തിളങ്ങുന്ന മേനിയഴകാണ് അകാൽടെക്കിയുടെ പ്രത്യേകത. ഇവയുടെ പരിപാലനത്തിനും പ്രജനനത്തിനുമെല്ലാം വൻ സംവിധാനങ്ങൾ തന്നെ രാജ്യത്തുണ്ട്. എല്ലാ വർഷവും ഏപ്രിലിലെ അവസാന ഞായറാഴ്ച കുതിരയ്ക്കായി ദേശീയ അവധി ദിനമായും ആഘോഷിക്കുന്നു.

ഈ ദിവസം രാജ്യമെങ്ങും കുതിരയോട്ട മത്സരങ്ങളും പ്രദർശനങ്ങളും ഏറ്റവും സൗന്ദര്യമുള്ള അശ്വത്തെ തിരഞ്ഞെടുക്കലുമെല്ലാം നടക്കും. പവിലിയനുള്ളിലെ കൂറ്റൻ എൽഇഡി സ്ക്രീനിലും പായുന്നത് അകാൽടെക്കി കുതിരകളാണ്. കുതിരക്കമ്പക്കാർ ഏറെയെത്തുന്ന എക്സ്പോയിൽ അതിന്റെ വൻവിപണനം തന്നെയാണ് ലക്ഷ്യമാക്കുന്നത്. മധ്യേഷ്യയിൽ തെക്ക് പടിഞ്ഞാറായി കസഖിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയ്ക്കിടയിലുള്ള രാജ്യമാണ് തുർക്ക്മെനിസ്ഥാൻ.

പടിഞ്ഞാറ് ഭാഗം കാസ്പിയൻ കടൽ അതിരിടുന്ന രാജ്യം പ്രകൃതിവാതകം കൊണ്ട് സമ്പന്നമെങ്കിലും കുതിരക്കഥകൾ കൊണ്ടാണ് ശ്രദ്ധനേടിയത്. നായ്പ്പോരിനും പേരുകേട്ട രാജ്യമാണിത്. കഴിഞ്ഞ വർഷം രാജ്യതലസ്ഥാനമായ ആഷ്ഗാബട്ടിൽ അലബേ നായയുടെ കൂറ്റൻ സ്വർണപ്രതിമ സ്ഥാപിക്കുകയും ചെയ്തു. അശ്വ-ശ്വാന കഥകൾ നിറയുന്ന രാജ്യ പവിലിയനിൽ കരകൗശല വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും വിൽപനയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com