ADVERTISEMENT

ദുബായ് ∙ സുന്ദരവും സുഖകരവുമായ ലോകം സ്വന്തമാക്കാൻ 'സ്മാർട്' ആകാതെ രക്ഷയില്ലെന്നു ദക്ഷിണ കൊറിയ. നിർമിതബുദ്ധി, റോബട്ടിക്സ് തുടങ്ങിയവ അതിരുകളില്ലാത്ത പ്രതീക്ഷകളാണ് ലോകത്തിനു സമ്മാനിക്കുന്നത്. കയ്യിൽ വിരുതുകളുണ്ടെങ്കിൽ അദ്ഭുതങ്ങൾ തേടിയെത്തുമെന്നാണ് പവിലിയന്റെ പ്രമേയം.

പഠനം, കൃഷി, ഗതാഗതം, ബഹിരാകാശ പദ്ധതികൾ എന്നിവയ്ക്കൊപ്പം കലകളെയും സ്മാർട് ആക്കിയാണ് കൊറിയൻ മുന്നേറ്റം.  പാട്ടിലും നൃത്തത്തിലും നാടകത്തിലുമെല്ലാം സൂപ്പർ സ്മാർട്. ശബ്ദവും വെളിച്ചവും പശ്ചാത്തലവും കാഴ്ചക്കാരെ മറ്റൊരു ലോകത്തേക്കു കൊണ്ടുപോകുന്നു. ഇന്നത്തെ സാങ്കേതിക വിദ്യ നാളെ പഴഞ്ചരക്കാകുമെന്ന് ആദ്യം തിരിച്ചറിയണമെന്നു പവിലിയൻ പ്രതിനിധികൾ പറയുന്നു.

ഒരു വിദ്യയും ശാശ്വതമല്ലാത്തതിനാൽ ഓരോ ദിവസവും പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാതെ പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയായി. പുതിയ രോഗങ്ങൾ, കാലാവസ്ഥാ വെല്ലുവിളികൾ തുടങ്ങിയവ സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഭയാനകമാണെന്ന് ലോകം തിരിച്ചറിഞ്ഞു.

റോബട്ടിക് സാങ്കേതിക വിദ്യകൾ മനുഷ്യരെ ഒരിക്കലും അലസരാക്കില്ല. പല ജോലികളും ലഘൂകരിക്കുമ്പോൾ പുതിയ കാര്യങ്ങൾ കണ്ടെത്താൻ കൂടുതൽ സമയം ലഭിക്കും. റോബട്ടുകൾ മനുഷ്യർക്കു ഭീഷണിയാകുമെന്ന ആശങ്ക പഴങ്കഥയാണെന്നും വ്യക്തമാക്കി.

റോബട്; ക്ലീൻ ചങ്ങാതി

അപരിചിതരെ തിരിച്ചറിയാൻ റോബട്ടിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ലെന്നാണ് മറ്റൊരു പാഠം. ശരീരോഷ്മാവ് മാത്രമല്ല, 'മനസ്സിലിരിപ്പും' കണ്ടെത്താനാകും. മുഖം, കണ്ണുകൾ, വിരലടയാളങ്ങൾ എന്നിവ സ്കാൻ ചെയ്തു നിമിഷങ്ങൾക്കകം എല്ലാ വിവരങ്ങളും അറിയാൻ കഴിയുന്ന റോബട്ടുകൾ സാധാരണ വീടുകളിൽ പോലും അനിവാര്യമാകുന്ന സാഹചര്യമാണുള്ളത്.

വയോധികരെയും രോഗികളെയും കുട്ടികളെയും പരിചരിക്കുക, വീട്ടുജോലികൾ ചെയ്യുക, പാട്ടു പാടുക, നൃത്തം ചെയ്യുക, വീടിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയെല്ലാം ഒറ്റയ്ക്കു ചെയ്യാൻ കഴിയുന്ന റോബട്ടുകളുടെ കാലമാണ് വരുന്നത്.

ഏറ്റവും വിശ്വസ്തനായ കൂട്ടുകാരനാണ് റോബട്.  നിർമിതബുദ്ധിയുടെ തുടർഘട്ടങ്ങൾക്ക് കൃഷിമുതൽ ബഹിരാകാശം വരെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്നും സാങ്കേതിക വിദഗ്ധർ വിശദീകരിക്കുന്നു. മൊബിലിറ്റി ഡിസ്ട്രിക്ടിൽ 4,651 ചതുരശ്ര മീറ്ററിലാണ് പവിലിയൻ ഒരുക്കിയത്.

'അപരൻ' അതിവിരുതൻ

പവിലിയിനിലെ കാഴ്ചകൾ കാണിക്കാൻ 'അപരൻ' കൂട്ടിനുണ്ടാകും. സംഘാടകർ തരുന്ന മൊബൈലിൽ സന്ദർശകർക്ക് 'ഡിജിറ്റൽ ഇരട്ടയെ' സൃഷ്ടിക്കാം. മൊത്തം ചുറ്റിക്കറങ്ങി താഴത്തെ നിലയിലെ ഉല്ലാസമേഖലയിൽ എത്തുമ്പോൾ യാത്രയ്ക്കിടയിലെടുത്ത മനസ്സിനിണങ്ങിയ ചിത്രങ്ങൾ അപരൻ സമ്മാനമായി തരും.

ഇ മെയിലിൽ സംഘാടകർ അതെല്ലാം അയച്ചുതരും. ഓഗ് മെന്റഡ് റിയാലിറ്റി (എആർ)യുടെ അപൂർവതകളാണ് മറ്റൊരു പ്രത്യേകത. കംപ്യൂട്ടർ നിർമിത ത്രിമാന ചിത്രങ്ങളിലൂടെ യഥാർഥ ലോകത്തിന്റെ അനുഭവം സൃഷ്ടിക്കുന്നു. കാടിനെക്കുറിച്ചാണ് സംസാരമെങ്കിൽ സിംഹവും കടുവയുമൊക്കെയുള്ള കാട് അരികിലെത്തും. അതായത്, മനസ്സിലുള്ളതിനെ അരികിലെത്തിച്ച്  കൂടുതൽ അറിയാൻ അവസരമൊരുക്കുന്ന പരിപാടി.

സംഗീത വേദികളിലടക്കം ഇതുണ്ടാക്കുന്ന മാറ്റം വിവരണാതീതം. ഓരോ പാട്ടിന്റെയും പ്രമേയത്തിനനുസരിച്ച് വേദി മാറുകയും ആസ്വാദകർക്ക് അതിനുള്ളിലിരിക്കുന്ന അനുഭവമൊരുക്കുകയും ചെയ്യും.കാഴ്ചകൾ കണ്ടു കഴിയുമ്പോൾ നേരേ കൊറിയയ്ക്കു വിട്ടാലോ എന്നു സന്ദർശകർക്കു തോന്നിയാൽ വഴിയുണ്ട്. ആകർഷക പാക്കേജുകളേറെയാണ്.

പേരിലല്ല, രുചിയിലാണ് കാര്യം

ഭക്ഷണശീലങ്ങൾ മാറ്റിയാൽ പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടും.. ഇതിനായി 20ൽ ഏറെ 'സംശുദ്ധ' വിഭവങ്ങൾ പരിചയപ്പെടുത്തുന്നു.

ഉരുളക്കിഴങ്ങ്, ബീൻസ്, കാപ്സിക്കം, മാട്ടിറിച്ചി തുടങ്ങിയവ അൽപം മസാല ചേർത്തു ഗ്രിൽ ചെയ്തെടുത്ത 'ബുൾഗോഗി', ഇലവർഗങ്ങളും മസാലയും ചേർത്ത ബുൾഡക് നൂഡിൽസ്, കപ്പിലോ കോണിലോ ചെറുകുന്നുകൾ പോലെ ലഭിക്കുന്ന 'പറ്റ്ബിങ്ങ്സു' ഐസ്ക്രീം തുടങ്ങിയവ എല്ലാ രാജ്യക്കാർക്കും പരീക്ഷിക്കാം.

സൂപ്പുകൾ, നൂഡിൽസ്, ഫ്രൈഡ് റൈസ് എന്നിവയ്ക്കു ജാപ്പനീസ് വിഭവങ്ങളോടു സാമ്യം തോന്നാമെങ്കിലും മസാല സമൃദ്ധമായുണ്ടാകും.300ൽ ഏറെ കൊറിയൻ കരകൗശല ഉൽപന്നങ്ങളും  പരിചയപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com