ADVERTISEMENT

ദുബായ് ∙ സംഗീതമായാലും ഭക്ഷണമായാലും ആഘോഷമാകണമെന്ന് നിർബന്ധമുള്ള ആഫ്രിക്കൻ രാജ്യങ്ങൾ ചേർന്ന് എക്സ്പോയിലൊരുക്കിയ രൂചിക്കൂട്ടുകളുടെ 'കൊടുംകാട്ടിൽ' സന്ദർശകരുടെ 'സഫാരി'. രസിപ്പിക്കുന്ന പാട്ടും കൊതിപ്പിക്കുന്ന ഗന്ധവും തമ്മിൽ മത്സരം നടക്കുന്ന 'അൽകീബുലാൻ' എന്ന വിശാല ലോകത്ത് ഭക്ഷണപ്രിയർക്ക് 'വൻ വേട്ട' നടത്താം.

ആഫ്രിക്കയിലെ ഓരോ രാജ്യവും സ്വന്തം രുചിക്കൂട്ടുകൾ അവതരിപ്പിക്കുന്ന 10 മേഖലകളാണ് ഇവിടെയുള്ളത്. പാചകവിദഗ്ധൻ, റസ്റ്ററന്റ് ഗ്രൂപ്പ് ഉടമ, ഗായകൻ എന്നീ നിലകളിൽ യൂറോപ്പിലും അമേരിക്കയിലും വരെ ശ്രദ്ധേയനായ ഷെഫ് അലക്സാണ്ടർ സ്മോൾസിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം നാട്ടിൻപുറങ്ങളിലെ പാചക വിദഗ്ധരുമുണ്ട്.

പാട്ടും നൃത്തവും പാചകവുമെല്ലാം കൈകോർക്കുന്ന ആഘോഷ അരങ്ങുകളാണ് അൽകീബുലാനിൽ കാത്തിരിക്കുന്നത്. സന്ദർശകരുടെ ഇഷ്ടങ്ങൾ അറിഞ്ഞുള്ള വിഭവങ്ങളിലേറെയും കൺമുന്നിൽ തയാറാക്കി നൽകുന്നു. കെനിയ, യുഗാണ്ട, ഗിനി, റുവാണ്ട, ഇത്യോപ്യ, ഘാന തുടങ്ങിയ രാജ്യങ്ങളിലെ സ്പെഷൽ വിഭവങ്ങൾ ആസ്വദിക്കാം.

രുചിയരങ്ങിൽ നിറഞ്ഞ് 'ചിപ്പിക്കുള്ളിലെ ചിക്കൻ'

പച്ചക്കറി വിഭവങ്ങളിൽ ആഫ്രിക്ക വമ്പന്മാരാണെന്നാണ്  അൽകീബുലാനിൽ പലതവണയെത്തിയ ചില ഉത്തരേന്ത്യക്കാരുടെ അഭിപ്രായം. വിവിധയിനം കൂണുകൾ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കാൻ മാത്രമായൊരു ദിവസം മാറ്റിവയ്ക്കണം.

കൂണിൽ കേമനായ ഒയിസ്റ്റർ മഷ്റൂമിനു മുന്നിൽ ചിക്കൻ തലതാഴ്ത്തും. 'ചിപ്പിക്കുള്ളിലെ ചിക്കൻ' എന്നാണിതിന്റെ വിളിപ്പേര്. നാടൻ കോഴിയുടെ രുചിയുള്ള ഇതുകൊണ്ടുള്ള സൂപ്പ്, പുലാവ്, സാലഡ്, ബർഗർ തുടങ്ങിയവ രുചിക്കാം.

ഏഴിനം, മത്സ്യങ്ങളും ചിപ്പിയും ചേർത്ത് ഇന്ത്യൻ വംശജനായ ഷെഫ് കിരൺ ജെത്‌വ തയാറാക്കുന്ന സ്പെഷൽ കെനിയൻ റോസ്റ്റ്,  ആഫ്രിക്കൻ ഷെഫുമാരുടെ തുനീസ്യൻ ബഹാറത് ചിക്കൻ, ചോമ ബാർബിക്യു, പൊരിച്ച ചെമ്മരിയാട് സഹിതമുള്ള സൻസിബാറി മസാല ബിരിയാണി, ആഫ്രിക്കൻ പഴങ്ങൾ ചേർന്ന റുവാണ്ടൻ പേസ്ട്രി, മസാലച്ചായകൾ, ഐവറി കോസ്റ്റ് ചോക് ലേറ്റ്, ചോക്‌ലേറ്റ് പാനീയങ്ങൾ എന്നിങ്ങനെ കാഴ്ചകളുടെ ലോകം അതിവിശാലം.

ഇന്ത്യൻ ഇഷ്ടങ്ങളുടെ ഇടം

ഇന്ത്യൻ രുചികളോടു ചേർന്നു നിൽക്കുന്ന ഒട്ടേറെ ആഫ്രിക്കൻ വിഭവങ്ങളുണ്ട്. കെനിയ, ബോട്സ്വാന, ഘാന, ഗിനി, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യക്കാർ ധാരാളമുള്ളതിനാൽ പല രുചിക്കൂട്ടുകളും അങ്ങോട്ടുമിങ്ങോട്ടും വിമാനം കയറി.

ഇ‍ഡലി, സാമ്പാർ, വട, ദോശ, പാലപ്പം, കപ്പപ്പുഴുക്ക്, മാങ്ങയിട്ട മീൻ കറി, മട്ടൻ കബാബ്, ദാൽ, റോളക്സ് എന്നിറിയപ്പെടുന്ന ഷവർമയുടെ അപരൻ തുടങ്ങിയവ ഇഷ്ടപ്പെടാത്ത ആഫ്രിക്കക്കാരില്ല. പരിപ്പുവർഗങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ ആഫ്രിക്കക്കാർക്കു പ്രധാനമാണ്.

പരിപ്പ് വേവിച്ചു വറ്റിച്ചതും ഗ്രിൽ ചെയ്ത ആട്ടിറച്ചിയും കപ്പയും കാച്ചിലും നന്നായി പുഴുങ്ങി മര ഉരലിൽ ഇടിച്ചു പതം വരുത്തിയ ഉരുളകളും ഗ്രാമീണ മേഖലകളിലെ വിരുന്നുകളിൽ ഒഴിവാക്കില്ല. അറേബ്യൻ രീതികളോടു പൊരുത്തപ്പെടുന്ന വിഭവങ്ങൾ മാത്രമാണ് എക്സ്പോയിൽ അവതരിപ്പിക്കുന്നത്.

ശുചിത്വം, ആരോഗ്യം, രുചി തുടങ്ങിയ കാര്യങ്ങളിൽ ആഫ്രിക്കൻ പാചകക്കാർക്ക്  വിട്ടുവീഴ്ചയില്ല. കൃത്രിമത്തീറ്റ നൽകി വളർത്തുന്ന മൃഗങ്ങളെ ഒഴിവാക്കും. കൂടുതൽ ഭക്ഷണമുണ്ടാക്കി പിന്നീടു കഴിക്കാൻ സൂക്ഷിച്ചുവയ്ക്കില്ല. ഇത്തരം 'പഴഞ്ചൻ' കാര്യങ്ങളാണ് ആഫ്രിക്കൻ രുചിക്കൂട്ടുകളുടെ തനിമ നിലനിർത്തുന്നതെന്നും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com