ADVERTISEMENT

അബുദാബി∙ മുന്നറിയിപ്പുകൾ നൽകിയിട്ടും പൊലീസ്, ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിൽ വിളിച്ചുള്ള തട്ടിപ്പ് തുടരുന്നു. മലയാളികളടക്കം ഒട്ടേറേ പേർക്ക് ദിവസവും ഇത്തരത്തിലുള്ള വ്യാജ സന്ദേശവും ഫോൺ വിളികളും ലഭിക്കുന്നുണ്ട്.  ചതിയിൽപെട്ടവർ പുറത്തു പറയുകയോ പരാതിപ്പെടുകയോ ചെയ്യാത്തതിനാൽ ഇരകളുടെ എണ്ണവും കൂടുന്നു. 

പൊലീസ് ചമഞ്ഞ് ഫോൺ വിളി

സാമൂഹിക പ്രവർത്തകനും പത്തനംതിട്ട സ്വദേശിയുമായ നിബു സാം ഫിലിപ്പിന് ദുബായ് പൊലീസിൽ നിന്നെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം 3 തവണ ഫോൺ വിളിയെത്തി. എമിറേറ്റ്സ് ഐഡി (തിരിച്ചറിയൽ കാർഡ്) നമ്പർ ആവശ്യപ്പെട്ടായിരുന്നു വിളി.

അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനും വാക്സീൻ എടുത്തവരാണോ എന്ന് പരിശോധിക്കാനുമാണെന്നായിരുന്നു വിശദീകരണം. 15 വർഷമായി അബുദാബിയിലാണെന്ന് അറിയിച്ചപ്പോൾ പറഞ്ഞേ മതിയാകൂ എന്നായി. സംസാരത്തിനിടെ ദുബായ് പൊലീസിൽ നിന്നാണെന്ന് അറിയിച്ച് എത്തിയ ഒടിപി നമ്പറും ചോദിച്ചു. ഇത് പറയാൻ വിസമ്മതിച്ചതോടെ കോൾ വിഛേദിച്ചു.

തൃശൂർ സ്വദേശിയും ഇൻകാസ് യുഎഇ വൈസ് പ്രസിഡന്റുമായ  എൻ.പി. രാമചന്ദ്രനും ഇത്തരം വിളി എത്തി. സ്പീക്കറിലിട്ട് സംസാരിച്ചുകൊണ്ടിരിക്കെ ഒടിപി ചോദിച്ചപ്പോൾ വാഹനമോടിക്കുകയാണെന്നും എടുക്കാനാവില്ലെന്നും പറഞ്ഞ് ഫോൺകോൾ വിഛേദിച്ചു. പൊലീസിന്റെ ഫോൺ വിഛേദിച്ചതിന് നായിഫ് പൊലീസ് സ്റ്റേഷനിലെത്തി 10,000 ദിർഹം പിഴ അടയ്ക്കാനായിരുന്നു നിർദേശം.

ബാങ്കിന്റെ പേരിലും തട്ടിപ്പ്

യുഎഇ സെൻട്രൽ ബാങ്കിന്റെ പേരിലാണ് മറ്റൊരു തട്ടിപ്പ്. സുരക്ഷാ കാരണങ്ങളാൽ അക്കൗണ്ട് (എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്) മരവിപ്പിക്കുകയാണെന്നും 24 മണിക്കൂറിനകം ബന്ധപ്പെട്ട് ശരിയായ വിവരം നൽകിയില്ലെങ്കിൽ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കുമെന്നും അറിയിച്ച് അജ്മാനിൽ ജോലി ചെയ്യുന്ന  കുന്നംകുളം വട്ടംപാടം സ്വദേശി ഫക്റുദ്ദീനാണ് വ്യാജ നിർദേശം ലഭിച്ചത്.ബാങ്കിന്റെയും വ്യാജ മുദ്രകളും പതിപ്പിച്ചിട്ടുണ്ട്.

കണ്ണടച്ച്  വിശ്വസിക്കേണ്ട

വ്യാജ സന്ദേശവും ഫോൺ കോളും വിശ്വസിച്ച് വിവരങ്ങൾ നൽകുന്നവർക്ക് നിമിഷ നേരംകൊണ്ട്  പണവും നഷ്ടപ്പെടും. അൽഐനിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനിക്ക് അര ലക്ഷം ദിർഹമാണ് ഇങ്ങനെ നഷ്ടമായത്.യുഎഇയിൽ പല രേഖകളും എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചതിനാൽ, വ്യക്തിഗത രഹസ്യവിവരങ്ങൾ കൈമാറരുതെന്ന് അബുദാബി  കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇംറാൻ അഹ്മദ് അൽ മസ്റൂഇ പറഞ്ഞു.

തട്ടിപ്പിനിരയായാൽ

തട്ടിപ്പിനിരയായെന്ന്  ബോധ്യപ്പെട്ടാൽ ആദ്യം ബാങ്കിനെ  അറിയിച്ച് അക്കൗണ്ടും ക്രെഡിറ്റ് കാർഡും മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യണം. ബാങ്കിൽ നൽകിയ വിലാസത്തിലോ നമ്പറിലോ മാറ്റമുണ്ടെങ്കിൽ നേരിട്ട് ശാഖയിലെത്തി വിവരങ്ങൾ പുതുക്കണം.

പരാതിപ്പെടാം

∙ ഹോട്ട് ലൈൻ 800 2626

∙ എസ്എംഎസ് 2828

∙ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ.

English Summary : Fraudulent phone calls continue in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com