യുവതി മുഖത്തടിച്ച സെക്യൂരിറ്റി ജീവനക്കാരനെ ഓർമയില്ലേ? ഒടുവിൽ റിങ്കു ദുബായിൽ എത്തി

Rinku-sukumaran
റിങ്കു സുകുമാരൻ.
SHARE

ദുബായ് ∙ യുവതിയിൽ നിന്ന് മുഖത്തടിയേറ്റതിനെ തുടർന്ന് മലയാളികൾ ഒന്നടങ്കം പിന്തുണ നൽകിയ റിങ്കു സുകുമാരൻ ഒടുവിൽ ദുബായിലെത്തി ജോലിയില്‍ പ്രവേശിച്ചു. എന്നും നാടിന് കൈത്താങ്ങാകുന്ന പ്രവാസി മലയാളികളിലൊരാൾ തന്നെയാണ് ആലപ്പുഴ മാവേലിക്കര സ്വദേശിയായ ഇൗ 29കാരന് കാരുണ്യ ഹസ്തം നീട്ടിയത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസൺ ടെക്നിക്കൽ സർവീസ് (ജെടിഎസ്) എന്ന എൻജിനീയറിങ് സ്ഥാപനത്തിന്റെ ടെക്നിക്കൽ വിഭാഗത്തിന്റെ മാനേജിങ് പാർട്ണർ ആയ കോഴിക്കോട് പന്തീരങ്കാവ് രാമനാട്ടുകര സ്വദേശി ബൈജു ചാലിലാണ് ഇതേ കമ്പനിയിൽ ജോലി നൽകി റിങ്കുവിനെ സഹായിച്ചത്. 

ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നപ്പോൾ 2018 ലായിരുന്നു വാഹനം പാർക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ റിങ്കുവിന് കൊയിലാണ്ടി കാവിൽദേശം സ്വദേശി ആര്യയുടെ മർദനമേറ്റത്. കാർ പാർക്കിങ് ഏരിയയിൽ യുവതി വച്ച സ്കൂട്ടർ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം നീക്കിവച്ചതിൽ അരിശംപൂണ്ട് ആളുകൾ നോക്കി നിൽക്കെ അവർ റിങ്കുവിന്റെ മുഖത്തടിക്കുകയായിരുന്നു. എന്നാൽ റിങ്കു തിരിച്ചടിക്കാനോ മറ്റോ തുനിഞ്ഞില്ല. സംഭവത്തിന്റെ വിഡിയോ വലിയ ശ്രദ്ധനേടിയിരുന്നു.

ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യ സ്ഥിതിയിൽ വേദനിച്ചിരുന്ന കാലത്ത് ഇത് തനിക്ക് ഇരട്ടിപ്രഹരമായെന്ന് റിങ്കു പറഞ്ഞു. ഈ സംഭവം മാധ്യമങ്ങൾ ഏറ്റെടുത്തതിനെ തുടർന്ന് വൻ വിവാദമായിരുന്നു. കർണാടകയിൽ മെക്കാനിക്കൽ എന്‍ജിനീയറിങ്ങിന് പഠിച്ചുകൊണ്ടിരുന്ന റിങ്കു കോളജ് ഫീസ‌‌ടക്കാനാകാത്തതിനാൽ പഠനം പാതിവഴിയിലുപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഒരു വർഷത്തോളം വെറുതെയിരിക്കേണ്ടി വരികയും, തുടർന്ന് ഏക ആശ്രയമായ മാതാവ് റോസമ്മയ്ക്ക് ഒരു കൈ സഹായം എന്ന നിലയ്ക്ക് ആലുവയിലെ സ്വകാര്യാശുപത്രിയിൽ സുരക്ഷാ ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു. 

rinku-byju
റിങ്കു സുകുമാരനും ബൈജുവും ദുബായിൽ.

ആ സംഭവം ജീവിതം മാറ്റിമറിച്ചു

2019 ഒക്ടോബർ ഒന്നിന്, അഹിംസാ മന്ത്രം ചൊല്ലിനടന്ന ഗാന്ധിജിയുടെ ജന്മദിനത്തിന് തലേന്നായിരുന്നു ജീവിതം മാറ്റിമറിച്ച സംഭവം അരങ്ങേറിയത്. അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത യുവതിയോട് വണ്ടി മാറ്റി പാർക്ക് ചെയ്യാൻ അഭ്യർഥിച്ചപ്പോഴായിരുന്നു അപ്രതീക്ഷിതമായി മുഖത്ത് അടിയേറ്റതെന്ന് റിങ്കു മനോരമ ഓൺലൈനിനോട് പറഞ്ഞു. തുടർന്ന് ആശുപത്രി അധികൃതരും നാട്ടുകാരും കോളജ് വിദ്യാർഥികളും മാധ്യമങ്ങളും ഇടപെട്ട് പൊലീസിനെ സമീപിച്ച് കേസ് ഫയൽ ചെയ്തു. 

കോവിഡ് 19 കാരണം കേസിന്റെ വിചാരണ നീണ്ടുപോയെങ്കിലും ആശുപത്രിയധികൃതരുടെ പൂർണപിന്തുണയോടെ റിങ്കു ജോലിയിൽ തുടർന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് സഹായ വാഗ്ദാനമുണ്ടായി. ദുബായിൽ നിന്ന് ബൈജു ചാലിലിന്റെ വിളിയായിരുന്നു അതിലൊന്ന്. എന്നാൽ, ഹോസ്റ്റൽ വാർ‍ഡനായിരുന്ന അമ്മയുടെ ഹൃദയശസ്ത്രക്രിയ കാരണം ഉ‌‌‌ടൻ യുഎഇയിൽ ജോലിയിൽ പ്രവേശിക്കാനായില്ല. ഒട്ടേറെ പേരുടെ സഹായം കൊണ്ട് ശസ്ത്രക്രിയ കഴിഞ്ഞു അമ്മ സാധാരണ ജീവിതത്തിലേക്കു വന്നതോടെയാണ് വിമാനം കയറിയത്.  ഭാവി  കെട്ടിപ്പടുക്കാൻ ഈ ജോലി സഹായകമാകുമെന്നും, അതിന് സഹായകരങ്ങൾ നൽകിയ ബൈജു ചാലിലിനും ജെടിഎസിനും റിങ്കു നന്ദി അറിയിക്കുകയും ചെയ്തു.

ഇലക്ട്രിക്കൽ വിഭാഗത്തിലാണ് ജെടിഎസിൽ റിങ്കുവിന്റെ ജോലി. പൊതുജനങ്ങളു‌ടെ മുൻപിൽ അകാരണമായി അപഹസിക്കപ്പെട്ട റിങ്കുവിന്റെ അവസ്ഥ തന്നെ വേദനിപ്പിച്ചതിനാലാണ് ജോലി വാഗ്ദാനം ചെയ്തതെന്ന് ബൈജു ചാലിൽ പറഞ്ഞു. മാധ്യമങ്ങളിലൂടെ സംഭവം മനസിലാക്കിയ ഉടൻ മനോരമ ഓൺലൈൻ വഴിയാണ് റിങ്കുവിനെ ബന്ധപ്പെട്ടത്. അമ്മയുടെ ശസ്ത്രക്രിയ കഴിയും വരെ റിങ്കു കാത്തിരുന്നു.റിങ്കുവിന് ജോലി നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു ബൈജു പറഞ്ഞു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെയും പുതിയ ആകർഷണമായ മ്യൂസിയം ഒാഫ് ഫ്യൂചറിന്റെയും എൽഇഡി ഇൻസ്റ്റലേഷൻ ഉൾപ്പെടെ നിർവഹിച്ച കമ്പനിയാണ് ജോൺസൺ ടെക്നിക്കൽ സർവീസ് (ജെടിഎസ്). 

English Summary : Kerala native Rinku Sukumaran slapped by lady in parking lot joins new job in Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA