ADVERTISEMENT

ദുബായ്∙'കുടുംബശ്രീ' കൂട്ടായ്മ നേട്ടങ്ങളുടെ മുഖശ്രീയോടെ എക്സ്പോയിൽ ബംഗ്ലദേശിന്റെ 'ബഡാബംഗ്ലാവ്'. അടുക്കളത്തോട്ടത്തിൽ തുടങ്ങിയ വനിതാശാക്തീകരണം കുടുംബങ്ങളുടെ മാത്രമല്ല, രാജ്യത്തിന്റെയും മുഖഛായ മാറ്റിയതിന്റെ നേർക്കാഴ്ചകൾ കാണാൻ സന്ദർശക തിരക്ക്. വെല്ലുവിളികളിൽ  തുഴയെറിയുന്ന രാജ്യം വലയിലാക്കുന്നത് നേട്ടങ്ങളുടെ ചാകര.

ഗ്രാമങ്ങളിലെ കുടുംബ കൂട്ടായ്മകൾ തുടങ്ങുന്ന  ചെറുസംരംഭങ്ങളുടെ വൻ സാധ്യതകളാണ് പ്രമേയം. കോഴി-കാലി വളർത്തൽ, മത്സ്യ സംസ്കരണം, കരകൗശല വിദ്യകൾ, ചണക്കൃഷി, കൈത്തറി തുടങ്ങിയ മേഖലകൾ പിന്നിട്ട പെൺകുതിപ്പ്, സൗരോജ-കാറ്റാടിപ്പാട പദ്ധതികളിൽ എത്തിനിൽക്കുന്നു. പെൺകുട്ടികളെ ഒരു മേഖലയിലും മാറ്റിനിർത്താത്ത രാജ്യത്തിന്റെ ഓരോ നേട്ടത്തിനും തിളക്കമേറെ. 

വീട്ടിലൊരു അടുക്കളത്തോട്ടമെന്നതാണ് കുട്ടികൾ പഠിക്കുന്ന ആദ്യപാഠം. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി വിളയുന്ന വീട്ടുമുറ്റങ്ങൾ ഗ്രാമങ്ങളിലും നഗരങ്ങളിലും കാണാം. മട്ടുപ്പാവിൽ വരെ ഹരിതവിപ്ലവം. പട്ടിണിയെ പടിക്കു പുറത്തു നിർത്താൻ ഇതു ധാരാളം. 12 മാസവും മത്സ്യം സുലഭമായതിനാൽ ഭക്ഷ്യമേഖല സുരക്ഷിതം. ഹിൽസ, കട് ല, രോഹു എന്നീ ഇഷ്ട മത്സ്യങ്ങൾ കൊണ്ടുള്ള വിഭവങ്ങളില്ലാത്ത വിരുന്നുകൾ അപൂർവം. 

ലഭ്യമായ സാഹചര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കുകയാണു ലക്ഷ്യം. സൗരോർജ, കാറ്റാടിപ്പാട പദ്ധതികൾ വ്യാപകമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. തിരമാലകളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്കും സാധ്യതയേറെയാണ്. 2031ൽ ലോകത്തിന്റെ മധ്യനിരയിലും 2041ൽ മുൻനിരയിലും രാജ്യമെത്തുമെന്നാണു പ്രതീക്ഷ. 

കൈത്തറിയിൽ കുതിപ്പ്

ലോകത്ത് ഏറ്റവും മികച്ച തുണിത്തരങ്ങൾ നിർമിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബംഗ്ലദേശ്. ബംഗ്ലദേശി റെഡി മെയ്ഡ് വസ്ത്രങ്ങൾക്കുൾപ്പെടെ അറബ് മേഖലയിൽ ആവശ്യക്കാരേറെയാണ്. ഈ രംഗത്ത് ലോകത്തു രണ്ടാം സ്ഥാനമാണുള്ളത്. കൈത്തറി മേഖലയിൽ 50 ലക്ഷത്തോളം വനിതകൾ ജോലി ചെയ്യുന്നതായാണു കണക്ക്. 

കൈത്തറി മേഖലയ്ക്ക് അനുബന്ധമായി ചണക്കൃഷിയും രാജ്യത്തു തളിർക്കുന്നു. ഒരേക്കറിൽ നിന്ന് 600 കിലോയോളം ചണം ഉൽപാദിപ്പിക്കാൻ കഴിയുന്നു. നെല്ല്, ഉരുളക്കിഴങ്ങ്, ചോളം തുടങ്ങിയവയുടെ ഉൽപാദനവും കൂടി. 

അടുത്തലക്ഷ്യം ടൂറിസം; ഒപ്പമുണ്ട് ഇന്ത്യ

രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് അടുത്ത ലക്ഷ്യം.

 നല്ല കാലാവസ്ഥ, നാട്ടുതനിമകൾ, ജല വിനോദങ്ങൾ, പാരമ്പര്യേതര ഊർജ പദ്ധതികൾ, ഭക്ഷണ വൈവിധ്യങ്ങൾ എന്നിവ അനുകൂല ഘടകങ്ങളാണ്. എക്സ്പോയിൽ സ്മാർട് ബംഗ്ലദേശിനെ പരിചയപ്പെടാം. 

ഇന്ത്യയുമായുള്ള ഊഷ്മള ബന്ധവും പവിലിയൻ പങ്കുവയ്ക്കുന്നു. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള റെയിൽ-റോഡ് പദ്ധതികൾ, വാണിജ്യ-വ്യവസായ സംരംഭങ്ങൾ ലക്ഷ്യമിട്ടുള്ള പ്രത്യേക സാമ്പത്തിക േമഖലകൾ, ഹൈടെക് തുറമുഖം എന്നിങ്ങനെ  സഹകരണത്തിന്റെ നേർക്കാഴ്ചകളേറെ.

ചരക്കു നീക്കത്തിനും വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കും റെയിൽ പദ്ധതി സഹായകമാകും. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റവും പവിലിയനിൽ കാണാനാകും.

കൺചിമ്മാതെ  സ്മാർട് സുരക്ഷ

ദുബായ് ∙ എക്സ്പോയിൽ കൺചിമ്മാതെ സുരക്ഷയൊരുക്കി പൊലീസിന്റെ സ്മാർട് വലയം. സംശയകരമായ ഏതു നീക്കവും കണ്ടെത്തുകയും സഹായം തേടിയാൽ ഒരുമിനിറ്റിനകം നടപടിയുണ്ടാകുകയും ചെയ്യും. ഗതാഗത മേഖലയിലടക്കം ഹൈടെക് നിരീക്ഷണ സംവിധാനങ്ങളുണ്ട്.

എക്സ്പോ വേദികൾ, അനുബന്ധ മേഖലകൾ, പാതകൾ എന്നിവിടങ്ങളിലെ ചെറുചലനങ്ങൾ പോലും നിരീക്ഷിക്കാൻ 'ഉയൂൻ' സംവിധാനമാണ് ഒരുക്കിയത്. നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സുരക്ഷാ ശൃംഖലയെ പൊലീസിന്റെ പൊതു വിവരശേഖരവുമായി ബന്ധിപ്പിച്ചതിനാൽ കുറ്റകൃത്യ പശ്ചാത്തലമുള്ള വ്യക്തിയുടെ പൂർണവിവരങ്ങൾ ഉടൻ ലഭ്യമാകും.

എക്സ്പോ വേദിയിൽ 5 സ്മാർട് പൊലീസ് സ്റ്റേഷനുകളു (എസ്പിഎസ്)ണ്ടെന്ന് ദുബായ് പൊലീസിലെ മേജർ ജനറൽ അഹമ്മദ് താനി ബിൻ ഗുലൈത പറഞ്ഞു.

ആദ്യ ആഴ്ചയിൽ 8,000ൽ ഏറെ സന്ദർശകർ വിവിധ ആവശ്യങ്ങൾക്കു സഹായം തേടി. എല്ലാ കാര്യങ്ങൾക്കും മാർഗനിർദേശങ്ങൾ നൽകും. പ്രത്യേക പരിശീലനം നേടിയ വൊളന്റിയർമാരും സന്ദർശകരുടെ സഹായത്തിനുണ്ട്. 

ആരോഗ്യ പരിശോധനകൾക്കും മറ്റുമായി എക്സ്പോയിൽ രാജ്യാന്തര നിലവാരമുള്ള 3 കേന്ദ്രങ്ങളാണുള്ളത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കേന്ദ്രങ്ങളിൽ എല്ലാ ദിവസവും രാത്രിയും പകലും വിദഗ്ധ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമാണ്. കോവിഡ് ലക്ഷണമുള്ളവരെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റും.

English Summary: Bangladesh pavilion  in Expo 2020 Dubai to showcase ‘strength of nation’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com