ADVERTISEMENT

ദുബായ്∙ അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞെങ്കിലും ടി20 മത്സരത്തിൽ ഇന്ത്യ-പാക്ക് മത്സരച്ചൂടിലാണ് യുഎഇ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് നാളെ വൈകിട്ട് ആറിനാണ് ഇരുടീമുകളും മാറ്റുരയ്ക്കുന്നത്. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായി ട്വന്റി20യിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് 5 വർഷത്തിനു ശേഷം. ഈഡൻ ഗാർഡൻസിൽ 2016 മാർച്ച് 19നാണ് ഇന്ത്യ- പാക്ക് മത്സരം അവസാനമായി നടന്നത്. 

അന്ന് ആറു വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. ദുബായിലെ ഇന്ത്യ-പാക്ക് മത്സരത്തിന്റെ ടിക്കറ്റുകളും വേഗം  വിറ്റു തീർന്നു. മൂന്നിലൊരാൾ ഇന്ത്യക്കാരനായ യുഎഇയിൽ  ഇന്ത്യൻ ക്രിക്കറ്റ് മത്സരത്തിന് കാണികളേറും. പാക്കിസ്ഥാനികളും ഏറെയുള്ളതിനാൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം എപ്പോഴും ആവേശ നെറുകിയിലാവും. കഴിഞ്ഞദിവസം ദുബായ് സ്റ്റേഡിയത്തിനു സമീപമുള്ള ക്രിക്കറ്റ് അക്കാദമി പരിസരത്തും പാക്ക് ക്രിക്കറ്റ് പ്രേമികൾ പച്ചത്തൊപ്പികളും പ്രിയ താരങ്ങളുടെ പേരെഴുതിയ ജഴ്സികളും അണിഞ്ഞ് എത്തിയിരുന്നു.

ടിക്കറ്റ് ലഭിക്കാത്തവരെ നിരാശപ്പെടുത്താതിരിക്കാൻ പല ക്ലബുകളും വൻ സ്ക്രീനുകളിൽ കളി കാണിക്കുന്നുണ്ട്. ദുബായിലെ പല റസ്റ്ററന്റുകളിലും കളി കാണാൻ ക്രമീകരണം നടത്തിയിട്ടുണ്ട്. കാൽലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ എഴുപതു ശതമാനമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദുബായ്ക്കു പുറമേ ഷാർജ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 

ദുബായ്, ഷാർജ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും അബുദാബിയിൽ 72 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. 75 ദിർഹം മുതൽ 15000 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.

india-pak-free-ticket

തൊഴിലാളികൾക്ക്  സൗജന്യ ടിക്കറ്റ് 

ഇന്ത്യ-പാക്ക് മത്സരം കാണാൻ ഡാന്യൂബ് കമ്പനി നൂറ് തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റ് നൽകി. യുഎഇയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് പ്രേമിയും ഡാന്യൂബ് വൈസ് ചെയർമാനുമായ അനിസ് സാജൻ ഇതിനു പുറമേ ഇന്ത്യയുടെ ലീഗ് റൗണ്ടിലെ  അവസാന മത്സരം കാണാൻ നൂറു ടിക്കറ്റുകൾ കൂടി നൽകും. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ മത്സരം കാണാനും നൂറ് ടിക്കറ്റ് നൽകുന്നുണ്ട്. ബസുകളിൽ സ്റ്റേഡിയം വരെ തൊഴിലാളികളെ എത്തിച്ച് ആഹാര പായ്ക്കറ്റുകളും നൽകും. 

ഉച്ചകഴിഞ്ഞ്  അവധിയും അനുവദിച്ചു. ഇന്ത്യ-പാക്ക് മത്സരം കാണാൻ അവസരം ലഭിക്കാത്ത സാധുക്കളായ തൊഴിലാളികൾക്ക് അവസരമൊരുക്കാനാണിതെന്നും ടിക്കറ്റ് ലഭിച്ചപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നെന്നു അനിസ് സാജൻ പറഞ്ഞു. 

സ്റ്റേഡിയങ്ങളിൽ കളികാണാൻ പോകാൻ സാധിക്കാത്തവർക്കായി കമ്പനിയുടെ സംഭരണ ശാലകളിൽ വമ്പൻ സ്ക്രീനുകൾ ക്രമീകരിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് ഇഷ്ടമുള്ള ടീമിന്റെ ജഴ്സികളും തൊപ്പികളും വിതരണം ചെയ്യാനും പദ്ധതിയുണ്ട്.

English Summary : Dubai awaits a cricket festival like no other, India-Pakistan on Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com