ഗാഫിയയുടെ മാതൃക, പ്രത്യേകതകൾ ഏറെ; ലോകകപ്പിലേക്ക് മിഴിതുറന്ന് അൽതുമാമ

al-thumama-inauguration
അൽ തുമാമ സ്‌റ്റേഡിയം ഉദ്ഘാടനത്തിൽ നിന്ന്.
SHARE

ദോഹ∙ രാജ്യമെങ്ങും ലോകകപ്പ് ആവേശം നിറച്ച് 2022 ലേക്ക് മിഴിതുറന്ന് ഖത്തറിന്റെ അൽതുമാമ സ്‌റ്റേഡിയം. ഗാലറികളിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെട്ട 40,000ത്തോളം വരുന്ന ഫുട്‌ബോൾ കാണികളുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് സ്റ്റേഡിയം രാജ്യത്തിന് സമർപ്പിച്ചത്.

ഏറ്റവും വലിയ പ്രാദേശിക ഫുട്‌ബോൾ മാമാങ്കമായ 49-ാമത് അമീർ കപ്പ് ഫൈനലിനോട് അനുബന്ധിച്ചായിരുന്നു സ്റ്റേഡിയം ഉദ്ഘാടനം. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ഗാഫിയ തലപ്പാവ് ധരിച്ച കുട്ടികളുടെ സാംസ്‌കാരിക പരിപാടി ആഘോഷത്തിന് മിഴിവേകി. സ്റ്റേഡിയത്തിനുള്ളിൽ വർണാഭമായ വെടിക്കെട്ട് പ്രദർശനവും ദീപാലങ്കാരങ്ങളുമായി  ദൃശ്യവിരുന്നൊരുക്കിയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരിപാടികൾ. 

al-thumama-inauguration-2
സ്‌റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട്.

2022 ഫിഫ ലോകകപ്പിനുള്ള 8 സ്റ്റേഡിയങ്ങളിൽ പൂർത്തിയായവയിൽ ആറാമത്തേതാണിത്. ഇതിനകം പൂർത്തിയായ സ്റ്റേഡിയങ്ങളിൽ നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അൽ വക്രയിലെ അൽ ജനൗബ്, എജ്യൂക്കേഷൻ സിറ്റി, അഹമ്മദ് ബിൻ അലി എന്നീ 4 എണ്ണത്തിന്റെ ഉദ്ഘാടനം നേരത്തെ നടന്നു. നിർമാണം പൂർത്തിയായ അഞ്ചാമത്തെയും ലോകകപ്പ് കിക്കോഫ് വേദിയുമായ അൽഖോറിലെ അൽ ബെയ്തിന്റെയും ദോഹ കോർണിഷിന്റെ തീരത്തെ റാസ് അബു അബൗദിന്റെയും ഉദ്ഘാടനം ഡിസംബറിൽ. ലോകകപ്പ് ഫൈനൽ മത്സര വേദിയായ ലുസെയ്‌ലിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. 

പ്രത്യേകതകളേറെ

ഖത്തറിന്റെ പ്രാദേശികത നിറഞ്ഞ ലോകകപ്പ് സ്റ്റേഡിയം. 5,15,400 ചതുരശ്രമീറ്ററിലുള്ള സ്റ്റേഡിയത്തിന് 4 ഔട്‌ഡോർ പിച്ചുകളുമുണ്ട്. ലോകകപ്പ് ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ്.

അറബ് രാജ്യങ്ങളിലെ പുരുഷന്മാരും ആൺകുട്ടികളും ധരിക്കുന്ന പരമ്പരാഗത തലപ്പാവായ ഗാഫിയയുടെ മാതൃകയിലുള്ള സ്റ്റേഡിയം ഖത്തറിന്റെ മാത്രമല്ല അറബ് ലോകത്തിന്റെ ഭാവിയും ഭൂതകാലവും കോർത്തിണക്കിയാണ്. 

al-thumama-stadium

അറബ് എൻജിനീയറിങ് ബ്യൂറോയിലെ ചീഫ് ആർക്കിടെക്ടും സ്വദേശി പൗരനുമായ ഇബ്രാഹിം. എം.ജൈദയുടെ ഡിസൈനിൽ സ്റ്റേഡിയം നിർമിച്ചത് പ്രാദേശിക കമ്പനിയായ അൽ ജാബറും തുർക്കിയുടെ ടെക്ഫെൻ കൺട്രക്​ഷനും ചേർന്നാണ്.

സോളർ ഊർജത്തിൽ പ്രവർത്തിക്കുന്ന, തദ്ദേശീയമായി വികസിപ്പിച്ച ശീതീകരണ സാങ്കേതിക വിദ്യയാണ് സ്റ്റേഡിയത്തിൽ. നിർമാണവും പരിസ്ഥിതി സൗഹൃദം തന്നെ. സ്‌റ്റേഡിയത്തിന് ചുറ്റുമായി 50,000 ചതുരശ്രമീറ്റർ സ്ഥലത്ത് കാണികൾക്ക് വിശ്രമിക്കാനും വിനോദത്തിനുമായി പബ്ലിക് പാർക്ക്. 

al-thumama-stadium

ചുറ്റിനും മരങ്ങൾ. ഫിഫയ്ക്ക് ശേഷം സ്റ്റേഡിയം കമ്യൂണിറ്റി ഹബ്ബായി മാറും. ആസ്‌പെതാർ കായിക ക്ലിനിക്ക്, ആഡംബര ഹോട്ടൽ, സൈക്കിൾ പാത, വാണിജ്യ യൂണിറ്റുകൾ എന്നിവയെല്ലാം സജ്ജമാകും. 20,000 സീറ്റുകൾ കായിക സൗകര്യങ്ങൾ ഇല്ലാത്ത രാജ്യങ്ങൾക്ക് സംഭാവന നൽകും.

English Summary : Qatar throws sixth 2022 World Cup-venue, Al Thumama stadium open

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA