കാലാവസ്ഥാ മാറ്റം: യുഎഇയിൽ ‘വൈറലായി’ പനി, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

fever
SHARE

ദുബായ്∙കാലാവസ്ഥയിൽ മാറ്റം വന്നതോടെ പകർച്ചപ്പനി വ്യാപകമാകുന്നു. കടുത്ത പനി, ചുമ, ജലദോഷം, ശ്വാസംമുട്ടൽ എന്നിവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി. കൂടുതൽ പേർ താമസിക്കുന്ന ബാച്ചിലേഴ്സ് ഫ്ലാറ്റുകളിൽ അതിവേഗം രോഗം പടരുന്നു. പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് സുരക്ഷിതമെന്നും കോവിഡ് വാക്സീൻ സ്വീകരിച്ചുവെന്നു കരുതി ഇതൊഴിവാക്കരുതെന്നും ആരോഗ്യവിദഗ്ധർ നിർദേശിച്ചു. 

കുത്തിവയ്പെടുത്താൽ രോഗം വരാതിരിക്കുകയോ വന്നാൽ തീവ്രത കുറയുകയോ ചെയ്യും. യുഎഇയിൽ ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പകർച്ചപ്പനിയുടെ സീസൺ. അതിവേഗം പടരുന്നുവെന്നതാണ് വൈറൽ പനിയുടെ പ്രത്യേകത. സ്കൂളിലോ ബാച്​ലേഴ്സ് ഫ്ലാറ്റുകളിലോ ഒരാൾക്കു വന്നാൽ മറ്റുള്ളവർക്ക് പെട്ടെന്നു ബാധിക്കാൻ സാധ്യതയേറെയാണ്. 

യഥാസമയം ചികിത്സിച്ചില്ലെങ്കിൽ രോഗി  അവശനാകും. കുട്ടികൾ, വയോധികർ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പു നൽകി. 

ആശുപത്രിയിൽ കിടത്തി ചികിത്സിക്കാതെ തന്നെ 84.53% പേർക്കും വൈറൽ പനി മാറുന്നതായാണ് രാജ്യാന്തര റിപ്പോർട്ട്.

dengue fever

വാക്സീൻ സുരക്ഷിതം

ജലദോഷം, ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയാണ് ഈ കാലാവസ്ഥയിൽ പൊതുവേ കാണുന്ന രോഗങ്ങളെന്ന് കരാമ ആസ്റ്റർ ക്ലിനിക് ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ശ്രീകുമാർ ശ്രീധർ മേനോൻ പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ ഈ കേസുകൾ കൂടുതലാണ്.

കോവിഡ്, ഫ്ലൂ വാക്സീനുകൾ തമ്മിൽ ബന്ധമില്ല. കോവിഡ് വാക്സീൻ എടുത്തതുകൊണ്ട് ഫ്ലൂ വാക്സീൻ ഒഴിവാക്കരുത്. വാക്സീൻ സ്വീകരിക്കുന്നതിൽ 2 ആഴ്ചയെങ്കിലും ഇടവേളയുണ്ടാകണം. ഒരോവർഷവും വൈറസിന്റെ ഘടനയും സ്വഭാവവും മാറുമെന്നതാണ് ഇൻഫ്ലുവൻസയുെട പ്രത്യേകത. 

കടുത്ത പനിയും ശരീരവേദനയുമാണ് വൈറൽ പനിയുടെ പ്രധാന ലക്ഷണങ്ങൾ. ക്ഷീണമോ ശരീര വേദനയോ ചുമയോ  ആയി തുടങ്ങുന്ന രോഗം അതിവേഗം മൂർഛിക്കുന്നു.

ഭക്ഷണത്തോടുള്ള വിരക്തി ശരീരം ദുർബലമാക്കുന്നു. ചെറിയ തോതിലുള്ള ജലദോഷമോ തൊണ്ടവേദനയോ ആണെങ്കിൽ ആവി പിടിക്കുന്നതും ഉപ്പിട്ട ചൂടുവെള്ളം കൊണ്ടു ഗാർഗിൾ ചെയ്യുന്നതും നല്ലതാണ്.

ഇൻഫ്ലുവൻസ എ, ബി വൈറസുകളെയും ഇതിലെ വകഭേദങ്ങളെയും യഥാസമയം കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കഴിയുന്ന നൂതന ഉപകരണങ്ങൾ യുഎഇയിലുണ്ടെന്നും വ്യക്തമാക്കി. 

covid symptom

കൂടെയുള്ളവരോടും വേണം കരുതൽ 

∙കടുത്ത ജലദോഷമോ പനിയോ മറ്റു രോഗങ്ങളോ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കുക. രോഗമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നത് മറ്റു കുട്ടികളോടു ചെയ്യുന്ന ദ്രോഹമാണെന്നു തിരിച്ചറിയണം. പലരോഗങ്ങളും ചുമയിലൂടെയും സംസാരത്തിലൂടെയുമാണ് പകരുക.

∙കഫക്കെട്ടും ചുമയുമുണ്ടെങ്കിൽ മാസ്ക് ധരിക്കുന്നത് നല്ലതാണ്. പൊടിയടിച്ചു രോഗം ഗുരുതരമാകാതിരിക്കാനും  മറ്റുള്ളവരിലേക്കു പകരാതിരിക്കാനും ഇതൊരു പരിധിവരെ സഹായകമാകും.

∙വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പൊടിപടലങ്ങൾ അടിഞ്ഞുകൂടുന്നത് ശ്വാസം മുട്ടലിനു പ്രധാന കാരണമാണ്. 

∙ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും സാലഡുകളും  ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. ശുദ്ധവെള്ളം, ശുദ്ധവായു എന്നിവയും ഉറപ്പാക്കണം.

English Summary : Residents urged to take vaccine after flu cases  rise in UAE 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA