ADVERTISEMENT

ദുബായ്∙ ഹത്ത സമഗ്രവികസന പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. പദ്ധതികളുടെ വിശദാംശങ്ങളും വിഡിയോയും അദ്ദേഹം ട്വിറ്ററിൽ  പങ്കുവച്ചു.ദുബായ് 2020 നഗരവികസന പദ്ധതിയുടെ ഭാഗമായാണ് ഹത്തവികസന പദ്ധതിയും നടപ്പാക്കുന്നത്.

20 വർഷം കൊണ്ട് ഹത്തയെ രാജ്യാന്തര തലത്തിൽ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണു ലക്ഷ്യം. ഹരിത സമൃദ്ധി വർധിപ്പിക്കുന്നതിനൊപ്പം പ്രദേശത്തുള്ളവരുടെ ജീവിതങ്ങളും അഭിവൃദ്ധിപ്പെടുത്തി ദുബായിൽ നടപ്പാക്കിയതു പോലെ സമഗ്ര മാറ്റമാണ് ഉദ്ദേശിക്കുന്നത്. ഹത്തയിലെ ആളുകളുടെ സമഗ്ര വളർച്ച, വിനോദസഞ്ചാരം,കായികമേഖല, സുസ്ഥിരത എന്നിങ്ങനെ നാലു പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് ആദ്യഘട്ടത്തിൽ പഞ്ചവൽസര വികസനം നടത്തുന്നത്.

sheikh-mohammed-hatta1

പുതിയ ബീച്ച്, തടാകം, പർവത ചെരിവുകളിലേക്കുള്ള ഗതാഗത സംവിധാനം, ഹോട്ടൽ സൗകര്യങ്ങൾ, 120 കിലോമീറ്ററിൽ സൈക്കിൾ പാതകൾ, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ പർവത പാത എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. ഹത്തയുടെ വികസനത്തിന് മേൽനോട്ടം വഹിക്കാൻ സ്ഥിരം സമിതിയെ നിയോഗിച്ചു.കഴിഞ്ഞദിവസം ഇവിടെ നടത്തിയ സന്ദർശനത്തെ തുടർന്നായിരുന്നു പ്രഖ്യാപനം.

sheikh-mohammed-hatta

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപഭരണാധികാരിയും ഡപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. സംഘത്തെ ആർടിഎ ചെയർമാനും ഡയറ്ക്ടർ ജനറലുമായ മത്തർ മുഹമ്മദ് അൽ തായർ സ്വീകരിച്ചു.

English Summary: Sheikh Mohammed announces major new tourism projects for hatta region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com