ADVERTISEMENT

ദുബായ്∙എക്സ്പോയിലെ കംബോഡിയൻ 'ബീച്ചിൽ' കടലും കാടും കയ്യെത്തും ദൂരെ നിന്ന് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. പഴഞ്ചൊല്ലുകളെയും പഴമകളെയും കാഴ്ചകളാക്കിയ പവിലിയനിൽ ലോകത്തിനു പഠിക്കാൻ ഒട്ടേറെ കാര്യങ്ങൾ. കടലും കാടും കൂട്ടുകൂടുന്ന വെർച്വൽ ലോകം കാഴ്ചകളാൽ സമൃദ്ധം.

ചെയ്യുന്നതെന്തായാലും ഇരട്ടിയായി തിരികെക്കിട്ടുമെന്ന പഴഞ്ചൊല്ലാണ് കംബോഡിയയുടെ സകല നേട്ടങ്ങളുടെയും ഊർജം. വികസനത്തിന്റെ പേരിൽ ഇനിയും പ്രകൃതിയെ ഉപദ്രവിച്ചാൽ 'വിവരമറിയും' എന്നും ഓർമിപ്പിക്കുന്നു. ജീവിതത്തിൽ നല്ലത് മാത്രം ചെയ്യുകയും ഇരട്ടി നന്മകൾ നേടുകയും ചെയ്യുകയെന്ന ബുദ്ധമത ദർശനത്തിൽ നിന്നാണ് ഈ പഴഞ്ചൊല്ലിന്റെ പിറവി. പ്രകൃതിക്കിണങ്ങിയ പാർപ്പിടങ്ങൾ നിർമിച്ചാൽ അനാവശ്യ ചെലവുകൾ കുറയ്ക്കാമെന്നും കൃത്രിമ രുചിക്കൂട്ടുകൾക്കു പിന്നാലെ പോകാതിരുന്നാൽ രോഗമില്ലാതെ ജീവിക്കാമെന്നുമുള്ള തിരിച്ചറിവുകളാണ് രാജ്യത്തിന്റെ വിജയരഹസ്യം.

അതത് രാജ്യങ്ങളിലെ കാലാവസ്ഥയ്ക്കനുസരിച്ച് കെട്ടിടങ്ങൾ നിർമിച്ചാൽ പല കാര്യങ്ങളിലും ചെലവു കുറയ്ക്കാം. കാറ്റും വെളിച്ചവും നന്നായി കിട്ടുന്ന വീടുകളിൽ ലൈറ്റുകളും ശീതീകരണികളും കുറയ്ക്കാനാകും. ഓരോ മേഖലയിലും ലഭ്യമായ നിർമാണ സാമഗ്രികൾ പരമാവധി ഉപയോഗിക്കുന്നതാണ് കംബോഡിയൻ രീതി. അനുകരണങ്ങൾ ഒഴിവാക്കി ബാധ്യതകൾ ഇല്ലാതാക്കാൻ ഈ വീടുകൾ പഠിപ്പിക്കുന്നു. നാട്ടുതനിമകൾ നഷ്ടപ്പെടാതിരിക്കാൻ കാടുകൾ നിലനിർത്തണമെന്നതാണ് മറ്റൊരു പാഠം.

കാടുണ്ടെങ്കിൽ കാലാവസ്ഥ നന്നാകുകയും ഭൂഗർഭ ജലനിരപ്പ് താഴാതിരിക്കുകയും ചെയ്യുന്നതിനാൽ കാർഷിക മേഖലയ്ക്കാണു നേട്ടം.  പ്ലാസ്റ്റിക് മാലിന്യങ്ങളാകും ഭാവിയിൽ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അറിയാനാകും. സമുദ്രജീവികളും പക്ഷികളും വൻതോതിൽ ഇതിനിരയാകുന്നതിന്റെ നേർക്കാഴ്ചകൾ പല ഒറ്റപ്പെട്ട ദ്വീപുകളിലും കാണാം. ഇതൊഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കുന്നതിനാൽ കംബോഡിയയിലെ കടൽക്കരയിലോ കാട്ടിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണാനാവില്ല.

ടൂറിസം കേന്ദ്രമായ ഇവിടെയെത്തുന്ന സഞ്ചാരികൾ പോലും ചിട്ടയോടെ ഇതു പാലിക്കുന്നു. കംബോഡിയയിലെ കടലിലും കാട്ടിലും അപൂർവയിനം ജീവികളുള്ളതായാണ് റിപ്പോർട്ട്. ടൂറിസം തളിർക്കാനും കാടുകൾ സഹായകമാണ്. ഉല്ലാസ-സാഹസിക യാത്രകൾക്ക് ആകർഷക പാക്കേജുകളുള്ളതിനാൽ ഇന്ത്യക്കാരടക്കമുള്ള സന്ദർശകർ എത്തുന്നു. കൃഷിയും ടൂറിസവുമാണ് രാജ്യത്തിന്റെ പ്രധാന വരുമാന മാർഗങ്ങൾ.

കണ്ടുപഠിക്കാം, കൃഷി

പവിലിയനിൽ നിന്നു കൃഷി പാഠങ്ങളും പഠിക്കാം. കുരുമുളക്, മുളക്, കരിമ്പ്, പയർ, തേങ്ങ, കശുവണ്ടി തുടങ്ങിയവ വൻതോതിൽ വരുമാനം നേടിക്കൊടുക്കുന്നു. ജൈവകൃഷി ഏറ്റവും വിജയകരമായി നടത്തിവരുന്ന രാജ്യങ്ങളിലൊന്നാണ്. ജനങ്ങളിൽ വലിയൊരു വിഭാഗം കാർഷിക മേഖലയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നു.

കാലം മാറിയിട്ടും കംബോഡിയക്കാർ കാളവണ്ടിയെ പൂർണമായും കൈവിട്ടിട്ടില്ല. കാർഷിക മേഖലകളിൽ 10 പേർക്കു യാത്ര ചെയ്യാവുന്ന കാള-പോത്ത് വണ്ടികൾ ധാരാളം കാണാം. ഈ പരിസ്ഥിതി സൗഹൃദ വാഹനത്തിൽ ഓവർലോഡ് അനുവദിക്കില്ലെന്നതാണ് മറ്റൊരു നാട്ടുനന്മ. കാളകൾക്ക് കൃത്യമായി ഭക്ഷണവും വിശ്രമവും ലഭ്യമാക്കാൻ വഴിയോരങ്ങളിൽ പ്രത്യേക കേന്ദ്രവുമുണ്ട്. ചന്തകളിൽ കാർഷികോൽപന്നങ്ങൾ െകാണ്ടുപോകാനും ഹ്രസ്വദൂര യാത്രകൾക്കും ഈ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട കലാപരിപാടികളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. നൃത്തപരിപാടികളിൽ പരമ്പരാഗത വാദ്യങ്ങളാണു മുന്നിട്ടുനിൽക്കുക. പ്രകൃതിയുടെ താളവും പാട്ടുമാണ് ഇവയിലുള്ളതെന്നാണു വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com