ADVERTISEMENT

ദുബായ് ∙ മെഹ്സൂസ് നറുക്കെടുപ്പിൽ 50,000,000 ദിർഹത്തിന്റെ (നൂറു കോടിയിലേറെ ഇന്ത്യൻ രൂപ) ഒന്നാം സമ്മാനം നേടിയ ഭാഗ്യവാൻ പാക്കിസ്ഥാൻ സ്വദേശിയായ ജുനൈദ് റാണ. മുപ്പത്തിയാറുകാരനായ ജുനൈദ് ദുബായിലെ ഒരു എസി കമ്പനിയിലെ ഡ്രൈവറാണ്. അഞ്ചു വർഷം മുൻപ് പാക്കിസ്ഥാനിലേക്ക് മടങ്ങിയ ഇദ്ദേഹം വീണ്ടും ജോലി തേടിയാണ് ദുബായിൽ എത്തിയത്. ഭാര്യയും രണ്ടു മക്കളുമാണ് ജുനൈദിന്. സഹോദരനൊപ്പം എത്തിയാണ് അദ്ദേഹം സമ്മാനം കൈപ്പറ്റിയത്. 237 കോടിയിലേറെ പാക്കിസ്ഥാൻ രൂപയാണ് സമ്മാനമായി ലഭിച്ചത്.

നിരവധി തവണ ഭാഗ്യം പരീക്ഷിച്ച ശേഷമാണ് ഇത്തവണ സമ്മാനം ലഭിച്ചതെന്നും ജുനൈദ് പറഞ്ഞു. മെഹ്സൂസ് ആരംഭിച്ച നാള്‍ മുതൽ പറ്റുന്നത്രയും ആഴ്ചകളിൽ ഓരോ ടിക്കറ്റ് വീതം എടുത്തിരുന്നുവെന്നും പറഞ്ഞു. ജോലി തുടരുമോ എന്നു ചോദിച്ചപ്പോൾ അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും ജോലി ഉപേക്ഷിക്കാനാണ് സാധ്യതയെന്നും ജുനൈദ് പ്രതികരിച്ചു. സമ്മാനം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി. ലഭിച്ച തുകകൊണ്ട് കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pakistani-driver1

വിലകൂടിയ വലിയ കാറുകളും മറ്റും ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല. വളരെ ലളിതമായി ജീവിക്കാനാണ് ഇഷ്ടം. ഇപ്പോഴുള്ള ജീവിതത്തിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ‘സുഹൃത്താണ് പറഞ്ഞത് ആർക്കോ 50 മില്യൺ ദിർഹം ജാക്ക്പോട്ട് അടിച്ചുവെന്ന്. അപ്പോൾ ഞാൻ പറഞ്ഞു എന്റെ നമ്പറൊന്നു നോക്കട്ടേയെന്ന്. ആദ്യ മൂന്നു നമ്പറുകൾ ചേർന്നപ്പോൾ തന്നെ ഞാൻ സന്തോഷവാനായിരുന്നു. ടിക്കറ്റിന് മുടക്കിയ തുക തിരിച്ചു കിട്ടിയല്ലോ എന്നായിരുന്നു മനസ്സിൽ’–ചിരിച്ചുകൊണ്ട് ജുനൈദ് പറഞ്ഞു.

തിരിച്ച് നാട്ടിലേക്ക് പോകുമോയെന്ന് ചോദിച്ചപ്പോൾ അക്കാര്യം ഉറപ്പിച്ചിട്ടില്ലെന്നും പാക്കിസ്ഥാനിലുള്ള ഭാര്യയെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നും ജുനൈദ് പറഞ്ഞു. ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ മെഹസൂസ് ഡ്രോ മാനേജിങ് ഓപ്പറേറ്റർ ഫരിദ് സംജി സന്നിഹിതനായിരുന്നു. ജിസിസിയിൽ എല്ലാ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പായ മെഹ്സൂസിൽ ഒരാൾക്ക് 100 കോടിയുടെ സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. യുഎഇയിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാന തുകയും ഇതാണ്.

mahzooz-winners

ജുനൈദിനെ കൂടാതെ മറ്റ് ആറുപേർ 333,333 ദിർഹം നറുക്കെടുപ്പിലൂടെ സ്വന്തമാക്കി. 185 വിജയികൾ 1000 ദിർഹം വീതം നേടി. 3,456 പേരാണു 35 ദിർഹത്തിന്റെ സമ്മാനം സ്വന്തമാക്കിയത്. മഹ്സൂസിന്റെ 48–ാം പ്രതിവാര നറുക്കെടുപ്പിന്റെ വിജയികളെ ആണ് പ്രഖ്യാപിച്ചത്. വളരെ സന്തോഷത്തോടെയാണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്ന് മെഹസൂസ് ഡ്രോ മാനേജിങ് ഓപ്പറേറ്റർ ഫരിദ് സംജി പറഞ്ഞു. 35 ദിർഹം നൽകി ഒരു കുപ്പി വെള്ളംവാങ്ങിയാണ് അദ്ദേഹം നറുക്കെടുപ്പിൽ പങ്കെടുത്തത്. തിരികെ കിട്ടിയതോ ജീവിതം മാറ്റി മറിക്കുന്ന വലിയ സമ്മാനവും– അദ്ദേഹം പറഞ്ഞു.

English Summary: Pakistani expat who took home Dh50 million in Mahzooz draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com