ADVERTISEMENT

ദുബായ് ∙ ഇന്ത്യയും കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസനിയയും തമ്മിലുള്ള സഹകരണം ശക്തമാക്കി റെയിൽ-ഊർജ പദ്ധതികളടക്കം അതിവേഗം മുന്നോട്ട്. നഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന റെയിൽ പാതകൾ നിർമിക്കാനും വൈദ്യുതീകരിക്കാനുമുള്ള പദ്ധതികളിൽ ഇന്ത്യ ഒപ്പമുണ്ട്. എക്സ്പോയിലെ ടാൻസനിയൻ പവിലിയനിലെ കാഴ്ചകളിൽ ഇന്ത്യയും തിളങ്ങുന്നു. 

സൗരോർജ, കാറ്റാടിപ്പാടം പദ്ധതികൾ, കൃഷി, ധാതുഖനനം, സാങ്കേതിക വിദ്യകളുടെ വികസനം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുകയാണ്. ഇന്ത്യൻ നിക്ഷേപകരുടെ പ്രിയ  രാജ്യമായി ടാൻസനിയ മാറുകയാണെന്ന പവിലിയൻ പ്രതിനിധികൾ പറയുന്നു. 

ടാൻസനിയയ്ക്ക് ഇന്ത്യയുമായൊരു ഗൾഫ് ബന്ധവുമുണ്ട്. സൻസിബാർ ദ്വീപ് നിവാസികൾ ഒമാനിൽ ധാരാളമുള്ളതിനാൽ ഇന്ത്യക്കാരെ അടുത്തറിയാം. പ്രവാസ ലോകത്തെ ഈ അടുപ്പം രുചിക്കൂട്ടുകളെ വരെ സ്വാധീനിച്ചു. 

വികസനത്തോട് മുഖംതിരിച്ചുനിന്ന ടാൻസനിയ ഇന്ത്യയുമായി സഹകരിച്ച് എല്ലാ രംഗത്തും മുന്നേറുകയാണെന്ന് ചെന്നൈ ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ പലതവണ സന്ദർശനം നടത്തിയ  എൻജിനീയറിങ് വിദഗ്ധൻ എഡിട്രുഡി സെൻഡ പറയുന്നു. ടാൻസനിയൻ സർക്കാരിന്റെ പ്രതിനിധിയായാണ് ഇദ്ദേഹം  എക്സ്പോയിൽ എത്തിയത്. ലോകത്തെ ഏറ്റവും മികച്ച മനോഹര തീരങ്ങളിലൊന്നായ ടാൻസനിയയെ ടൂറിസം-നിക്ഷേപ കേന്ദ്രമായി മാറ്റുകയാണു ലക്ഷ്യം. പ്രമുഖ ഇന്ത്യൻ കമ്പനികളുടെ സഹകരണത്തോടെ പുരോഗമിക്കുന്ന ഇലക്ട്രിക് ട്രെയിൻ പദ്ധതി രാജ്യത്തെ എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്നതിനാൽ  വിനോദസഞ്ചാര, കാർഷിക മേഖലകൾക്കടക്കം നേട്ടമാകും. 

ആഫ്രിക്ക, നാളത്തെ ഗൾഫ്

അവസരങ്ങളുടെ 'ഗൾഫ്' ആയി ടാൻസനിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങൾ മാറുകയാണ്. മികച്ച കാലാവസ്ഥ, സുരക്ഷിതത്വം, അവശ്യസാധനങ്ങളുടെ ലഭ്യത, യോഗ്യരായ യുവജനങ്ങളുടെ എണ്ണം തുടങ്ങിയവ അനുകൂല ഘടകങ്ങളാണ്. 

കൃഷി, ഭക്ഷ്യസംസ്കരണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്കാർക്ക് ചെറുകിട-ഇടത്തരം സംരംഭങ്ങളുണ്ട്. വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യം. കിളിമഞ്ചാരോ പർവതവും സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. 

ജലാശയങ്ങളിലൂടെയുള്ള ഉല്ലാസ യാത്രയില്ലാത്ത ടൂറിസം പാക്കേജുകളില്ല. കുട്ടനാടൻ യാത്രയുടെ പ്രതീതി നൽകുന്ന കാഴ്ചകൾ പവിലിയനിൽ കാണാം. കെട്ടുവള്ളങ്ങൾ, പായ് വഞ്ചികൾ എന്നിവയിൽ ഉല്ലാസയാത്ര നടത്തി കായലോര ഭക്ഷണശാലകളിൽ നിന്നു തനി നാടൻ രുചികൾ  ആസ്വദിക്കാം.  

English Summary : Tanzanian Pavilion in Dubai Expo 2020 showcases its beauty and potential

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com