ADVERTISEMENT

ദുബായ്∙ സെയ്ഷൽസിൽ എത്തിയാൽ മുത്തിനുവേണ്ടി മുങ്ങാംകുഴിയിടേണ്ട!. 'ചിപ്പിക്കുള്ളിലെ മുത്ത്' എന്നു വിശേഷിപ്പിക്കാവുന്ന, ദ്വീപുകളുടെ ഈ നാട്ടിൽ കടൽ മാത്രമല്ല, കരയും കലവറയും 'കളർഫുൾ'. ഇതൊന്നും പോരെങ്കിൽ നേരെ കടലിലേക്കു ചാടിയാൽ മുങ്ങാംകുഴിയിട്ടു 'പവിഴക്കൊട്ടാരങ്ങളി'ലെത്താം. 'സ്കൂബ' ഡൈവിങിലൂടെ കടലിനടിയിലെ അപൂർവ ലോകം കാണാനാണ് അവസരം.

എക്സ്പോ സെയ്ഷൽസ് പവിലിയനിൽ തിരയും തീരവും തമ്മിലുള്ള മനഃപ്പൊരുത്തമാണ് പ്രമേയം. 115 ദ്വീപുകളുണ്ടെങ്കിലും ഇതിന്റെ പകുതിയോളം സംരക്ഷിത മേഖലകളാണ്. സൗന്ദര്യവും മത്സ്യ സമൃദ്ധിയുമുള്ള കടലിൽ നിന്നു 12 മാസവും കാശുവാരാം. മാലിന്യരഹിത തീരവും പവിഴപ്പുറ്റുകളും അപൂർവയിനം മത്സ്യങ്ങളുടെ താവളമായതിനാൽ കലവറയും അതിസമൃദ്ധം. ലോകത്ത് ഏറ്റവും വൈവിധ്യങ്ങൾ നിറഞ്ഞതും രുചികരവുമായ സമുദ്രവിഭവങ്ങൾ കിട്ടുന്ന രാജ്യങ്ങളിലൊന്നാണിത്.

ട്യൂണ, മത്തി, ഹമൂർ, ഷേരി ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ, കൊഞ്ച്, ഞണ്ട് തുടങ്ങിയവ സമൃദ്ധമായതിനാൽ കടൽവിഭവങ്ങളിൽ വൈദഗ്ധ്യം നേടിയ പാചകക്കാരേറെ. ഇവയൊക്കെ ആസ്വദിച്ചു കഴിക്കണമെങ്കിൽ ഇവിടെ വന്നേ തീരൂ. വിനോദസഞ്ചാരികളുടെ വൻ പ്രവാഹമായതിനാൽ പല മത്സ്യ ഇനങ്ങളും കയറ്റുമതി ചെയ്യാനുണ്ടാവില്ല. എല്ലാ തീരങ്ങളിലും സമാനതകളുള്ള പലതരം വിഭവങ്ങളുണ്ടാകുമെന്നും മത്സ്യവും തേങ്ങയുമാണതിനു കാരണമെന്നും പ്രതിനിധികൾ പറയുന്നു.

fish
സെയ്ഷൽസ് വിഭവം.

അതുകൊണ്ട് ഇന്ത്യക്കാർക്കടക്കം ഇഷ്ടപ്പെടുന്ന രുചിക്കൂട്ടുകളേറെ. ചോറ്-മീൻകറി, മീൻ ഇലയിൽ പൊള്ളിച്ചത്, ഗ്രിൽ ചെയ്തത്, കബാബ് എന്നിവ ഏഷ്യക്കാർക്ക് ഇഷ്ടപ്പെടും. മത്സ്യ ഇനം ഏതായാലും ഓരോ തീരത്തും രുചിയിൽ വ്യത്യാസമുണ്ടാകും. കാലാവസ്ഥ, വെള്ളത്തിന്റെ പ്രത്യേകത, മാലിന്യങ്ങൾ എന്നിവ പ്രധാന ഘടകങ്ങളാണ്.

മാലിന്യ മുക്തമായതിനാൽ സെയ്ഷെൽസിലെ മത്സ്യങ്ങൾക്ക് രുചിയും കൂടുതലാണ്.  ഈ രുചിക്കൂട്ടുകളെല്ലാം അറിയാനാകുന്ന ഭക്ഷ്യ ശൃംഖലകൾ ഗൾഫ് മേഖലയിൽ തുടങ്ങാനാണ് പദ്ധതി.

'കൊട്ടാരം' തകർന്നാൽ ലോകത്ത് പട്ടിണി

നിധികളുടെ കലവറയായ 'പവിഴക്കൊട്ടാരങ്ങൾ' തകർച്ച നേരിടുന്നതിന്റെ ആശങ്ക ലോകത്തോടു പങ്കുവയ്ക്കാൻ കൂടിയാണ് സെയ്ഷെൽസ് എത്തിയത്. കടലിനടിയിൽ പല നിറങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പവിഴപ്പുറ്റുകൾക്ക് കാലാവസ്ഥാ വ്യതിയാനം, മലിനീകരണം എന്നിവ മൂലം നാശം നേരിട്ടു തുടങ്ങി. ലോകം മുഴുവനുള്ള ഭീഷണിയാണിതെന്നും നിസ്സാരമായി കണ്ടാൽ ഭാവിയിൽ വൻ ദുരന്തങ്ങൾക്കിടയാകുമെന്നും മുന്നറിയിപ്പു നൽകുന്നു.

ഇവ നശിച്ചാൽ വിനോദസഞ്ചാര മേഖല മാത്രമല്ല, തീരവും തകരും. കൂറ്റൻ തിരകളെ കോട്ടപോലെ ചെറുക്കാൻ കഴിയുന്നതിനാൽ വിശാല കടൽത്തീരമുള്ള രാജ്യങ്ങൾക്ക് സംരക്ഷണ ഭിത്തിയാണ് പവിഴപ്പുറ്റ്. മത്സ്യങ്ങളുടെയും അപൂർവയിനം ജീവികളുടെയും നാശത്തിനിടയാക്കുമെന്നതാണ് അടുത്ത ഭീഷണി. പവിഴപ്പുറ്റുകൾക്ക് ഇടയിലേക്കു വലിയ മത്സ്യങ്ങൾക്കും ശത്രു ജീവികൾക്കും കടന്നുവരാനാവില്ല. മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനും സുരക്ഷിത കേന്ദ്രമായതിനാൽ പല അപൂർവയിനം മത്സ്യങ്ങളും ഇവിടെ താവളമാക്കുന്നു.

ചിപ്പി വർഗത്തിൽപ്പെട്ട ജീവികൾ, അപൂർവ സസ്യങ്ങൾ തുടങ്ങിയവയും പവിഴപ്പുറ്റ് മേഖലയിലുണ്ടാകും. കടൽ വെള്ളത്തിനു ചൂടുകൂടുന്നതു മൂലം പവിഴപ്പുറ്റുകളിലെ മാലിന്യങ്ങൾ നീക്കുന്ന പ്രത്യേകതരം ആൽഗകൾ അപ്രത്യക്ഷമാകുന്നു. 

ആൽഗകൾ ഇല്ലാതെ നിറംകെട്ട് (കോറൽബ്ലീച്ചിങ്) പവിഴപ്പുറ്റുകൾ നശിക്കുന്നതോടെ മത്സ്യക്കൂട്ടങ്ങൾ തീരം ഉപേക്ഷിക്കുകയോ ശത്രുജീവികൾക്ക് ഇരയാകുകയോ ചെയ്യുന്നു. 

മലിനീകരണം പോലും കടലിന്റെ അംമ്ല-ക്ഷാര സംതുലനം ഇല്ലാതാകുന്നത് സൂക്ഷ്മജീവികളുടെയും നാശത്തിനു കാരണമാകും. കടൽ മാലിന്യമുക്തമാക്കാൻ ഒരു രാജ്യം ഒറ്റയ്ക്കു വിചാരിട്ടു കാര്യമില്ലാത്തതിനാൽ ലോകരാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യമാണ്.

കൃത്രിമ പവിഴപ്പുറ്റുകൾ നിർമിക്കാനുള്ള പദ്ധതികൾ വ്യാപകമാണെങ്കിലും ഇതിനു പരിമിതികളേറെയാണെന്നാണ് സെയ്ഷെൽസിന്റെ പാഠം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com