ADVERTISEMENT

ദുബായ് ∙ കളികളിലൂടെ കാര്യം പഠിപ്പിക്കുന്ന ഉഗ്രൻ ക്യാംപസാവുകയാണ് ജർമൻ പവിലിയൻ. അതുകൊണ്ടു എജ്യുടെയ്ൻമെന്റിന്റെ എല്ലാ സാധ്യതകളും ഇവിടെ ഉപയോഗപ്പെടുത്തുകയാണ്. പാരമ്പര്യേതര ഊർജ ഉത്പാദനവും പ്രകൃതി സംരംക്ഷണവുമെല്ലാം കൈകോർത്ത് സുസ്ഥിര വികസനം എങ്ങനെ നേടാം എന്ന് വ്യക്തമാക്കുകയാണ് ഇവിടെ.

 

വെറും സാങ്കേതികതയ്ക്ക് അപ്പുറം പരീക്ഷിച്ചു വിജയിച്ച് പ്രാവർത്തികമാക്കിയ വിജയ സമവാക്യങ്ങളാണ് മിക്കവയുമെന്ന് മനസ്സിലാക്കുമ്പോൾ അറിവ് അത്ഭുതവും ആവേശമാകും ഇവിടെ. ശാസ്ത്രം കാണാനല്ല പഠിക്കാനുള്ളതാണ് എന്നതിനാൽ ജർമൻ ക്യാംപസ് എന്നാണ് പവിലിയന്റെ പേരും.

 

ഐഡി കാർഡ് റെഡി

 

പേര് റജിസ്റ്റർ ചെയ്തു കയറുമ്പോൾത്തന്നെ ഐഡി കാർഡും ലഭിക്കും. മഞ്ഞ സ്പോഞ്ച് പന്തുകൾ നിറച്ചിരിക്കുന്ന സ്ഥലത്ത് കുത്തിമറിയുന്ന കുട്ടികളെയും മുതിർന്നവരെയും കണ്ട് യാത്ര തുടങ്ങാം.

 

ഒരു പന്തെടുത്ത് ഒരു യന്ത്രത്തിലിടുകയേ വേണ്ടൂ. ജർമനിയിൽ 53% പേരും പഴയ വസ്ത്രങ്ങൾ പുനരുപയോഗിക്കുന്നെന്നും ഇങ്ങനെ ഒരാൾ ചെയ്യുമ്പോൾ 10,000 ലീറ്റർ ജലം സംരക്ഷിക്കാനാകുമെന്നും ഉള്ള വിവരം സ്ക്രീനിൽ തെളിയും.

 

എനർജി ലാബ്, ജൈവവൈവിധ്യ ലാബ്, ഫ്യൂച്ചർ സിറ്റി എന്നിങ്ങനെ പ്രധാനമായും മൂന്നു മേഖലകളായി പവിലിയനെ തിരിച്ചിട്ടുണ്ട്. അതിനു ശേഷം ഗ്രാജുവേഷൻ ലാബിലൂടെ കയറി നൃത്തവും നാടകവുമെല്ലാം പഠിപ്പിക്കുന്ന സ്ഥലത്തു കൂടി ഇറങ്ങാവുന്ന രീതിയിലാണ് ക്രമീകരണം. 

 

ഊർജസ്വലരാകാം

 

എനർജി ലാബിൽ എത്തുമ്പോൾത്തന്നെ അമ്പരക്കും. നമ്മുടെ രാജ്യം മനസ്സിലാക്കി അവിടെ എത്ര ശതമാനമാണ് പരമ്പരാഗത ഊർജ ശ്രോതസ്സുകളും പാരമ്പര്യേതര ഊർജശ്രോതസുകളും ഉപയോഗപ്പെടുത്തുന്നത് എന്ന വിവരം സ്ക്രീനിൽ തെളിയും. ഇന്ത്യ 84.7% പരമ്പരാഗത ഊർജവും 15.3% മാത്രം പുനരുപയോഗിക്കാവുന്ന പാരമ്പര്യേതര ഊർജവും ഉപയോഗിക്കുന്നു എന്ന് കാണാം. ഒരു ലിവറിൽ പിടിച്ചു വലിക്കുന്നതാണ് അടുത്ത ജോലി.

 

അപ്പോൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഊർജം അവിടെ തെളിയും. തിരമാലകളില്ലാത്ത തീരത്ത് ചെറു ഓളങ്ങളിൽ നിന്നു പോലും വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന നെമോസ് എന്ന ഊർജ ഉത്പാദന സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കാം. പട്ടം പറപ്പിക്കുന്നതു പോലെയുള്ള ജോലിയാണ് അടുത്തത്. കൂറ്റൻ കാറ്റാടി യന്ത്രങ്ങൾക്കു പകരം ചെറു കാറ്റിൽ നിന്നു പോലും വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന എനർ കൈറ്റാണത്. വൈദ്യുതി സംഭരണത്തിന്റെ വിവിധ മാർഗങ്ങളാണ് അടുത്തത്.

 

ചുണ്ണാമ്പുകല്ല് ചൂടാക്കി ജലവും താപോർജവും ഉപയോഗിക്കുന്ന രീതിയും ഉപയോഗപ്പെടുത്തുന്നു. കടലിന്റെ 600 മുതൽ 800 മീറ്റർ ആഴമുള്ള ഭാഗത്ത് 30 മീറ്റർ വ്യാസവും 20000 ടൺ ഭാരവുമുള്ള വൻ സംഭരണികൾ നിർമിച്ച് വൈദ്യുതി ശേഖരിക്കുന്ന രീതി ആരെയും വിസ്മയിപ്പിക്കും. പ്ലാസ്റ്റികിനും തടിക്കും സ്ഫടികത്തിനുമെല്ലാമുള്ള ബദൽ നിർമാണ സാമഗ്രികൾ ഇവയിൽ നിന്നു തന്നെ ഉൽപാദിപ്പിച്ച് പരിചയപ്പെടുത്തുന്നു. പ്ലാസ്റ്റിക് തിന്നു തീർക്കാൻ കഴിയുന്ന ബാക്ടീരിയകളെയും വികസിപ്പിച്ചു മുന്നേറുകയാണ് യാഹ് വെനിഹാ ആഗൻ സർവകലാശാല.

 

സന്തുലനം തെറ്റിയാൽ..

 

കാലാവസ്ഥാ വ്യതിയാനം, ഓസോൺ പാളി നശീകരണം, സമുദ്ര അമ്ലവത്ക്കരണം തുടങ്ങി ഏഴോളം മർമപ്രധാന കാര്യങ്ങളിലെ സന്തുലനം തെറ്റിയാൽ ഭൂമിയിലെ ജീവനും ജീവിതങ്ങളും തകരുമെന്ന് വ്യക്തമാക്കുന്നു. അവസാന ഭാഗത്തെ ഊഞ്ഞാലാട്ടത്തിലും പഠിക്കാൻ ഏറെയുണ്ട്.

 

ഇലക്ട്രോണിക് ഊഞ്ഞാലുകളിലിരുന്ന് എല്ലാവരും ഒരേ താളത്തിലും വേഗത്തിലും ആടുമ്പോൾ ബൾബുകൾ തെളിഞ്ഞ് ഭൂമി പ്രകാശിക്കുന്ന അത്ഭുതക്കാഴ്ച തെളിയും. വേർതിരിവുകളില്ലാതെ എല്ലാവരും ഒന്നായി കഴിയണമെന്ന് സന്ദേശമാണ് ഇതുവഴി നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com