ADVERTISEMENT

അബുദബി∙  വിദേശത്തുള്ള തൊഴിലാളികളുടെ  വീസ കാലാവധി കഴിഞ്ഞാലും തിരിച്ചറിയൽ കാർഡ് പുതുക്കാത്തതിനു പിഴയുണ്ടാകില്ലെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി  അധികൃതർ അറിയിച്ചു. രാജ്യത്തിന് പുറത്ത്  മൂന്ന് മാസം തങ്ങിയതിന്റെ തെളിവ് പരിശോധിച്ചാണ് പിഴയൊഴിവാക്കുക.

 

ഒരാൾ അവധിയിലോ മറ്റോ യുഎഇയിൽ നിന്നു പുറത്തു പോയി മൂന്നു മാസം കഴിയുകയും ഐഡി കാർഡ് കാലാവധി തീരുകയും ചെയ്താലും പുതുക്കാൻ പിഴയുണ്ടാകില്ല. യാത്രാ തിയതി പരിശോധിച്ചാണു പുതുക്കാത്തതിനുള്ള പിഴ റദ്ദാക്കുക.

 

കോടതി നിയമ പ്രകാരം നാടുകടത്തപ്പെട്ട ഒരാളുടെ ശിക്ഷാ കാലത്ത് കാലഹരണപ്പെട്ട ഐ ഡി കാർഡും നിയമപ്രകാരം തിരിച്ചെത്തിയാൽ പിഴകൂടാതെ പുതുക്കാനാകും.  നിയമ നടപടിയുടെ ഭാഗമായി പാസ്പോർട്ട് തടഞ്ഞുവയ്ക്കപ്പെട്ട കാലത്തോ, പാസ്പോർട്ട് പുതുക്കാൻ കാലതാമസം വന്നതുകൊണ്ടോ തിരിച്ചറിയൽ കാർഡ്  പുതുക്കാനായില്ലെങ്കിലും പിഴയുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

രോഗികൾക്കും പിഴയില്ല

പകർച്ചവ്യാധിയോ മറ്റോ ബാധിച്ചവർക്കും രോഗബാധിതരായി പരസഹായത്തിൽ കഴിയുന്നവർക്കും പൂർണമായോ ഭാഗികമായോ ശാരീരിക പ്രയാസം അനുഭവിക്കുന്നവർക്കും  പിഴയൊഴിവാക്കിയിട്ടുണ്ട്    ഇവരുടെ മെഡിക്കൽ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പിഴയിൽ ഇളവു നൽകുക.

 

എഴുപത് കഴിഞ്ഞ വയോധികരെയും ഐഡി കാർഡ് പുതുക്കാത്തതിനു നിശ്ചയിച്ച പിഴയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇവരുടെ പാസ്പോർട്ട്, പൗരത്വ രേഖകൾ പരിശോധിച്ചാണ് പ്രായം കണക്കാക്കുക.

 

പിഴ പ്രതിദിനം 20 ദിർഹം

 

emirates-id-2

ഐഡി കാർഡ് കാലവധി തീർന്ന് മുപ്പത് ദിവസം പിന്നിട്ടിട്ടും പുതുക്കിയിട്ടില്ലെങ്കിൽ പ്രതിദിനം 20 ദിർഹമാണ് പിഴയിനത്തിൽ ഈടാക്കുക. ആയിരം ദിർഹമാണ്  വരെ ഒരാളുടെ കാർഡ് പുതുക്കാൻ വൈകിയതിൽ ഈടാക്കാനാകുന്ന പരമാവധി തുക.

 

പുതുക്കൽ പ്രക്രിയകൾ ലളിതം

 

തിരിച്ചറിയൽ കാർഡ് പുതുക്കൽ പ്രക്രിയകൾ ലളിതമാണെന്ന് അധികൃതർ സൂചിപ്പിച്ചു. അപേക്ഷകൾ സമർപ്പിക്കുന്നതിനു മുമ്പ് വിലാസം കാർഡുടമകൾ  സൂക്ഷ്മപരിശോധന നടത്തലാണു പ്രധാനം.ഡിജിറ്റൽ ഐഡന്റിറ്റി അക്കൗണ്ട് ഉണ്ടാക്കുകയാണ് കാർഡ് പുതുക്കുന്നതിന്റെ ആദ്യപടി.നേരത്തെ ഇ-അക്കൗണ്ടുകൾ ഉള്ളവർക്ക് അതു വഴി അപേക്ഷിക്കാം. വീസ പുതുക്കുന്നതിന്റെ മുന്നോടിയായി ഐ ഡി കാർഡ് പുതുക്കേണ്ടതിനാൽ വെബ് സൈറ്റ് വഴിയോ മൊബൈൽ ആപ്പിലൂടെയോ കാർഡുകൾ പുതുക്കാം. വിലാസം പുന:പരിശോധിച്ച് ആവശ്യമെങ്കിൽ  വ്യക്തി വിവരങ്ങൾ നവീകരിച്ചായിരിക്കണം അപേക്ഷ അയക്കേണ്ടത്. 

ഫീസടക്കുന്നതിനു മുൻപായിരിക്കണം പരിശോധന

 

ഐ  കാർഡ് നമ്പർ, പുതുക്കാനോ, കാർഡ് മാറ്റാനോ നൽകിയ അപേക്ഷയാണെങ്കിൽ കാർഡ് കാലാവധി തീരുന്ന തിയതി, പോസ്റ്റ് ബോക്സ്, മൊബൈൽ ഫോൺ  നമ്പറുകൾ എന്നിവ കൃത്യമായിരിക്കണം.ഫീസടക്കുന്നതിനു മുൻപാണ് വിവരങ്ങൾ പരിശോധിച്ച് അപാകതയില്ലെന്ന് ഉറപ്പാക്കേണ്ടത്.കാർഡ് നടപടി ക്രമങ്ങൾ കാലതാമസം വരാതിരിക്കാൻ അപേക്ഷകൾ കുറ്റമറ്റതായിരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

 

പുതുക്കൽ തൊഴിലുടമകളുടെ ബാധ്യത

 

തൊഴിലുടമകളാണു തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡുകൾ പുതുക്കേണ്ടത് .സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ ഇതിനായി കമ്പനിയുടെ കാലാവധിയുള്ള കമ്പ്യൂട്ടർ കാർഡ് , ട്രേഡ് ലൈസൻസ് , സ്പോൺസർഷിപ്പ് കാർഡ് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കണം.കൂടാതെ 60 വയസ്സ് കഴിഞ്ഞയാളാണ് ജീവുനക്കാരനെങ്കിൽ ലേബർ കാർഡ് പുതുക്കിയതിന്റെ രേഖയും കാണിക്കണം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com