ADVERTISEMENT

ദുബായ് ∙ യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി എക്സ്പോയിലും അത്യുഗ്രൻ കാഴ്ചകൾ അരങ്ങേറും. യുഎഇയുടെ ജൈത്രയാത്രയുടെ വിസ്മയ ദൃശ്യങ്ങൾ ഇമേഴീസ് സാങ്കേതിക വിദ്യയിലൂടെ അൽവാസലിലെ കൂറ്റൻ മകുടത്തിൽ നിറയും. ഇരുന്നൂറിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന രംഗാവിഷ്കാരവും ഉണ്ടാകും.

 

ഇതിനു പുറമേ വെടിക്കെട്ടും കുതിരപ്പടയുടെ പരേഡും പാർക്കുകളിൽ കലാവിരുന്നും നടക്കും. ഡിസംബർ രണ്ടിന് രാവിലെ തന്നെ ആരംഭിക്കുന്ന പരിപാടികളുടെ മാറ്റ് വർധിപ്പിച്ച് ഇമറാത്തി ഗായിക എയിഡ് അൽ മെൻഹാലിയുടെ സംഗീത നിശയും യുഎഇ വ്യോമസേനയുടെ അഭ്യാസവും നടക്കും.  രാവിലെ 10.15ന് അൽ വാസൽ പ്ലാസയിൽ ദേശീയ പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും.

 

ഉച്ചയ്ക്ക് 12.45ന് അശ്വാരൂഢ സേനയുടെ പരേഡ്. ഒരുമണിക്ക് പരമ്പരാഗത അൽ അസി അരങ്ങേറും. തുടർന്ന് ഇമറാത്തി ഗായിക ഫാത്മ സഹറത് അൽ ഐനിന്റെ സംഗീത പരിപാടി. യുഎഇ വ്യോമസേനയുടെ അഭ്യാസ വിഭാഗം അൽ ഫർസാൻ ആകാശവിസ്മയം തീർക്കും. ജൂബിലി സ്റ്റേജിൽ വൈകിട്ട് 5.30 മുതൽ ഹത്തയിൽ നിന്നുള്ള ദേശീയദിനാഘോഷങ്ങളുടെ ലൈവ് ഷോ ഉണ്ടാകും. രാത്രി 10ന് വെടിക്കെട്ട്.

 

തുടർന്ന് എയ്ഡ അൽ മെൻഹാലിയുടെ സംഗീത നിശ. ഡിസംബർ ഒന്നു മുതൽ നാലുവരെ എല്ലാദിവസവും അൽ വാസലിൽ യുഎഇയുടെ വിജയയാത്രയുടെ രംഗാവിഷ്കാരം നടക്കും. ഇതിനു പുറമേ എക്സ്പോയിലെ വിവിധ പാർക്കുകളിൽ സാംസ്കാരിക പരിപാടികളും ഇമറാത്തി പൈതൃകം വെളിപ്പെടുത്തുന്ന ആവിഷ്കാരങ്ങളും ഉണ്ടാകും.

 

യുഎഇയിൽ 12 ഇടങ്ങളിൽ വെടിക്കെട്ട്

 

അബുദാബി∙ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇയിൽ 12 ഇടങ്ങളിൽ വെടിക്കെട്ടുണ്ടായിരിക്കും. ഡിസംബർ 2, 3 തീയതികളിലായിരിക്കും കരിമരുന്ന് പ്രയോഗങ്ങൾ. ഡിസംബർ 2ന് അബുദാബി എമിറേറ്റിലെ അൽമർയ ഐലൻഡ്, കോർണിഷ്, അൽഐൻ, അൽദഫ്ര, അൽ വത്ബ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ രാത്രി 9നും ബവാബത്ത് അൽ ഷർഖ് മാളിൽ രാത്രി എട്ടിനുമായിരിക്കും വെടിക്കെട്ട്.

 

ദുബായിൽ ആറിടങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ വെടിക്കെട്ടുണ്ടാകും. ദ് പാം, ദ് പോയിന്റെ എന്നിവിടങ്ങളിൽ രാത്രി 8, 8.30, 9, ജുമൈറ ബീച്ചിലെ സൺസെറ്റ് മാളിനടുത്തുള്ള ഇത്തിസാലാത്ത് ബീച്ച് കാന്റീൻ, ലാ മെർ, ബുർജ് അൽ അറബ് എന്നവിടങ്ങളിലായിരിക്കും വെടിക്കെട്ട്. ഷാർജയിൽ ഈ മാസം 26, 28, 29 തീയതികളിൽ കൽബ, അൽ ബത്തീൻ, വാദി ഹെലോ എന്നിവിടങ്ങളിൽ ദേശീയദിനാഘോഷ പരിപാടികളും വെടിക്കെട്ടുമുണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com