ADVERTISEMENT

ദുബായ് ∙ എക്സ്പോയിലെത്തുന്ന ആരുടെയും മനസ്സ് കുളിർക്കുന്ന കാഴ്ചയാണ് ജൂബിലി പാർക്കിന് സമീപമുള്ള 38 മാർബിൾ സ്തൂപങ്ങൾ. എക്സ്പോയ്ക്കു വേണ്ടി രാപകൽ കഷ്ടപ്പെട്ട രണ്ടുലക്ഷത്തോളം തൊഴിലാളികളുടെ പേരുകളാണ് കല്ലുകളിൽ കൊത്തിയിരിക്കുന്നത്. ഏറ്റവും അവഗണിക്കപ്പെടുന്നവർ എക്കാലവും ഓർമിക്കപ്പെടാൻ ഭരണാധികാരികൾ നിർമിച്ച നന്ദിസ്മാരകങ്ങളാണിത്.

എക്സ്പോ എന്ന മഹാമേള ഒരുക്കാൻ പിന്നണിയിൽ പ്രവർത്തിച്ചവർക്കുള്ള ആദരശിലകളാണത്. വലുപ്പച്ചെറുപ്പമില്ലാതെ, ജാതി-മത-വർഗ വ്യത്യാസമില്ലാതെ, രാജ്യ വേർതിരിവുകളില്ലാതെ എല്ലാവരുടെയും പേരുകൾ ഇംഗ്ലി ഷ് അക്ഷരമാലാ ക്രമത്തിൽ കൊത്തിയിട്ടുണ്ട്.

expo-name-workers2

2015ൽ തറക്കല്ലിട്ടതു മുതൽ 240 ദശലക്ഷം മണിക്കൂറുകളാണ് എക്സ്പോ വേദിയൊരുക്കാൻ തൊഴിലാളികൾ വിയർപ്പൊഴുക്കിയത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസ്തുശിൽപി ആസിഫ് ഖാനാണ് ഈ സ്മാരകം രൂപകൽപന ചെയ്തത്. യുഎഇ സഹിഷ്ണുതാ സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമിയാണ് ഇവ ലോകത്തിനു മുന്നിൽ അനാവരണം ചെയ്തത്.

തന്റെ പേര് കൊത്തി വച്ചതു കാണാൻ എത്തിയ മുണ്ടക്കയം ഇളങ്കാട് സ്വദേശി അഭിലാഷിനും സന്തോഷം അടക്കാനായില്ല. "എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനം. അഭിലാഷ് വലിയവീട്ടിൽ രാധാകൃഷ്ണൻ എന്ന് മുഴുവൻ പേരും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. എന്നപ്പോലുള്ളവരുടെ പേരും എക്സ്പോയിൽ വന്നല്ലോ"- നിറകണ്ണുകളോടെ അഭിലാഷ് പറഞ്ഞു.

expo-name-workers

13 വർഷമായി യുഎഇയിലുള്ള അദ്ദേഹം നാലു വർഷം മുൻപാണ് ജപ്പാൻ പവിലിയൻ നിർമാണത്തിൽ പങ്കാളിയായത്. നേപ്പാളി സ്വദേശിയായ നരേന്ദ്ര മല്ലയ്ക്കും പറയാൻ വാക്കുകളില്ല. യുകെ, ഒമാൻ, ചെക്ക് പവിലിയനുകളുടെ നിർമാണത്തിൽ പങ്കാളിയായ നരേന്ദ്ര തന്റെ പേരു കൊത്തിയ ഭാഗം ഫോട്ടോയെടുത്ത് വീട്ടുകാർക്കും അയച്ചു. ഈ വലിയ രാജ്യത്ത് എന്റെ പേര് ഇങ്ങനെ എഴുതി വച്ചിരിക്കുന്നത് കാണാൻ സാധിച്ചല്ലോയെന്ന് നരേന്ദ്ര പറഞ്ഞു.

expo-name-workers3

192 രാജ്യങ്ങൾ മാത്രമല്ല ഈ വിസ്മയലോകത്തെ പടുത്തുയർത്തി ഈ മനുഷ്യരും ചേരുമ്പോഴാണ് എക്സ്പോ കൂടുതൽ മനോഹരവും അർഥപൂർണവുമാകുന്നതെന്ന് ലോകത്തോടു പറയുകയാണ് ഈ ശിലകൾ.

English Summary : 200,000 workers names carved into stone structures at Expo 2020 Workers Monument

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com