ADVERTISEMENT

റിയാദ്∙ ഡിസംബർ ഒന്നു മുതൽ ഇന്ത്യക്കാർക്ക് സൗദിയിലേക്കു നേരിട്ടു വരാമെന്നിരിക്കെ രാജ്യാന്തര  യാത്രാവിലക്ക് പിൻവലിച്ച് വിമാന സർവീസ് പുനരാരംഭിക്കണമെന്ന് പ്രവാസി ഇന്ത്യക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിമാന വിലക്ക് ഡിസംബർ 15 വരെ നീട്ടുന്നത് ചാർട്ടേർഡ് വിമാന കമ്പനികളെയും ഏജന്റുമാരെയും സഹായിക്കാനാണെന്നു  ആരോപിച്ചു. ഇന്ത്യക്കാരുടെ യാത്രാ പ്രശ്നത്തിൽ സൗദി അറേബ്യ അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ കേന്ദ്ര സർക്കാർ വിമാന വിലക്കു നീട്ടുന്നത് പ്രവാസികളെ വഞ്ചിക്കലാണെന്ന്  റിയാദിലെ സാമൂഹിക പ്രവർത്തകനും കെഎംസിസി നേതാവുമായ ഷാജി ആലപ്പുഴ പറഞ്ഞു.

 

രണ്ടു വർഷത്തോളമായി നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർക്കു ഡിസംബർ ഒന്നു മുതൽ നേരിട്ടു മടങ്ങാൻ സൗദി അറേബ്യ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.  എന്നാൽ സാധാരണ വിമാന സർവീസില്ലാത്തതിനാൽ ചാർട്ടേർഡ് വിമാനങ്ങളിൽ ടിക്കറ്റിനു വൻ തുക നൽകേണ്ടിവരും. ഈ സമയത്ത് ഇന്ത്യ വിമാന വിലക്കു നീട്ടുന്നതിലൂടെ കൊള്ള ലാഭത്തിനു കൂട്ടുനിൽക്കുന്നതിനു തുല്യമാണെന്നും ഷാജി പറഞ്ഞു.

 

വിമാന വിലക്കു പിൻവലിച്ച് ഡിസംബർ ഒന്നിനു തന്നെ പ്രവാസി ഇന്ത്യക്കാർക്ക് ജോലിയിൽ തിരിച്ചെത്താൻ അവസരമൊരുക്കണമെന്നു ഐസിഎഫ് സൗദി നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു. സൗദി അനുമതി നൽകാത്തതിനാലാണ് വിമാന വിലക്കു പിൻവലിക്കാത്തതെന്ന് ഇനി കേന്ദ്ര സർക്കാരിന് പറയാനാവില്ലെന്നും പറഞ്ഞു.

 

കോവിഡ് നിയന്ത്രണം മൂലം ഇന്ത്യയിൽ കുടുങ്ങിയ ആയിരക്കണക്കിന് ആളുകൾക്ക് തിരിച്ചെത്താൻ സൗദിയുടെ പുതിയ തീരുമാനം സഹായകമാകും. തൊഴിൽ വീസക്കാർക്ക് സർക്കാർ സൗജന്യമായി വീസാ കാലാവധി നീട്ടി നൽകിയിരുന്നെങ്കിലും ആശ്രിത വീസയിലുള്ളവർ സ്വന്തം നിലയ്ക്കാണ് റീ എൻട്രി വീസ കാലാവധി നീട്ടിയിരുന്നത്. നാട്ടിൽ കുടുങ്ങിയ വിദ്യാർഥികൾക്കും ഇനി തിരിച്ചെത്താം. ക്രിസ്മസ് അവധിക്ക് കുടുംബങ്ങളെയും സൗദിയിലെത്തിക്കാം. എന്നാൽ സൗദിയിൽ 5 ദിവസത്തെ പൊതു ക്വാറന്റീനിൽ കഴിയുന്നതിന് ഒരാൾക്ക് കുറഞ്ഞത് 1500–2000 റിയാൽ വേണ്ടിവരും. എങ്കിലും മറ്റു രാജ്യങ്ങളിൽ പോയി 14 ദിവസം താമസിച്ചു വരുന്നത്ര പ്രയാസമുണ്ടാകില്ലെന്ന് സൗദിയിലെ പ്രവാസികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com