ADVERTISEMENT

അബുദാബി∙ തണുപ്പുകാലമായതോടെ പകർച്ചപ്പനിയുമായി (ഇൻഫ്ലൂവൻസ) ആശുപത്രിയിൽ എത്തുന്നവരെ എണ്ണം വർധിക്കുന്നു. ഫ്ലൂ വാക്സീൻ എടുത്തും പ്രതിരോധം ശക്തിപ്പെടുത്തിയും മുൻകരുതൽ സ്വീകരിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകി. 

സീസണൽ ഫ്ലൂ

കാലാവസ്ഥാ വ്യതിയാനം മൂലവും മറ്റും ഉണ്ടാകുന്ന ഇൻഫ്ലൂവൻസ വൈറസാണ് പകർച്ചപ്പനി (ഫ്ലു) ഉണ്ടാക്കുന്നത്. ഇൻഫ്ലൂവൻസ എ, ഇൻഫ്ലൂവൻസ ബി എന്നിവ പെട്ടെന്ന് പകരുന്നതിനാൽ രോഗികൾ  മാസ്കിടണം.

ലക്ഷണങ്ങൾ

കടുത്ത പനി, ചുമ, ജലദോഷം, തൊണ്ടവേദന, തുമ്മൽ, ശരീരവേദന, മൂക്കടപ്പ്, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കോവിഡുമായി സാമ്യമുള്ള രോഗലക്ഷണങ്ങളാണെങ്കിലും അപകടകാരിയല്ല. സാധാരണ മൂന്നോ നാലോ ദിവസംകൊണ്ട് മാറും.

ഫ്ലൂ വന്നാൽ

ഫ്ലൂ വന്നാൽ പാരസെറ്റമോൾ (പനഡോൾ) മുതിർന്നവർക്ക്  500എംജി ഗുളിക മൂന്നു തവണ കഴിക്കാം. കടുത്ത പനിയുണ്ടെങ്കിൽ 6 മണിക്കൂർ ഇടവിട്ടും കഴിക്കാം. ആവി കൊള്ളുകയും ചെറുചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുകുയം ചെയ്യാം ചൂടുള്ള ഭക്ഷണം കഴിക്കുക, സൂപ്പും ചൂടു വെള്ളവും ധാരാളം കുടിക്കുക, ഇലക്കറികളും അധികം മധുരമില്ലാത്ത പഴങ്ങളും കൂടുതലായി കഴിക്കുക എന്നിവ ചെയ്താൽ പ്രതിരോധ ശേഷി വർധിപ്പിക്കും. 2–3 ദിവസത്തിനകം രോഗം മാറും. എന്നാൽ 3 ദിവസം കഴിഞ്ഞിട്ടും പനി മാറാതിരിക്കുകയോ ശരീര വേദന കൂടുകയോ ചെയ്താൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്ന് അബുദാബി മുസഫ എൽഎൽഎച്ച് ആശുപത്രിയിലെ ശ്വാസകോശ രോഗവിദഗ്ധൻ ഡോ. സജീവ് എസ്. നായർ പറഞ്ഞു.

കുട്ടികൾക്ക് വാക്സീൻ

6 മാസവും അതിനുമുകളിലും പ്രായമായുള്ള കുട്ടികൾക്ക് കുത്തിവയ്പ് എടുക്കാം. 6 മാസത്തിൽ താഴെയുള്ള കുട്ടികളുടെ അമ്മ കുത്തിവയ്പ് എടുത്താൽ  മുലപ്പാലിൽനിന്നു കുഞ്ഞുങ്ങൾക്കും പ്രതിരോധം ലഭിക്കും.9 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 4 ആഴ്ചയുടെ ഇടവേളയിൽ 2 ഡോസ് ആയിട്ടുവേണം കുത്തിവയ്പ് എടുക്കാൻ. പനിയുള്ളപ്പോൾ  വാക്സീനെടുക്കരുത്. 

വാക്സീൻ ലഭിക്കാൻ

സർക്കാർ ആശുപത്രികളിലും സേഹ ക്ലിനിക്കുകളിലും  വാക്സീൻ ലഭിക്കും.  ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഫ്ലൂ വാക്സീൻ ലഭ്യമാകുക. 18 വയസ്സിനു താഴെയും 50 വയസ്സിനു മുകളിലും ഉള്ളവർക്ക് ഫ്ലൂ വാക്സീൻ സൗജന്യമാണ്. അല്ലാത്തവർക്ക് 50 ദിർഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com