ADVERTISEMENT

അബുദാബി∙ ഇന്ത്യ–യുഎഇ സെക്ടറിൽ നിയന്ത്രിത എയർ ബബ്ൾ കരാർ പിൻവലിച്ച് സാധാരണ വിമാന സർവീസ് പുനരാരംഭിക്കണമെന്ന് യുഎഇ. ദുബായ് എക്സ്പോ കാണാൻ കൂടുതൽ പേർക്ക് അവസരമൊരുക്കണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന പറഞ്ഞു. സാധാരണ വിമാന സർവീസ് ആരംഭിച്ചാൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.

കോവിഡ് രൂക്ഷമായ കാലത്ത് കൊണ്ടുവന്നതാണ് നിയന്ത്രിത എയർ ട്രാവൽ ബബിൾ ക്രമീകരണം. നിലവിൽ ഇരുരാജ്യങ്ങളിലെയും സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടും കരാർ തുടരുകയാണ്. എക്‌സ്‌പോ കാലയളവിൽ മാർച്ച് 31 വരെയെങ്കിലും പ്രത്യേക ഇളവ് നൽകണമെന്ന് അഹമ്മദ് അൽ ബന്ന ആവശ്യപ്പെട്ടു. 

നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായ്, അബുദാബി, ഷാർജ സെക്ടറുകളിലേക്കുള്ള വിമാനത്തിൽ സീറ്റ് കിട്ടുക പ്രയാസമാണെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യം ഇന്ത്യയെ അറിയിച്ചെങ്കിലും  ഇതുവരെ അനുകൂല തീരുമാനമുണ്ടായില്ലെന്നും പറഞ്ഞു.നിലവിൽ ഇത്തിഹാദ് എയർവെയ്സും എമിറേറ്റ്‌സ് എയർലൈനും ശേഷിയുടെ 30% യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. 

നിയന്ത്രണം പിൻവലിച്ചാൽ പൂർണ തോതിൽ സർവീസ് നടത്താനാകും. ഇതു ഇരുരാജ്യങ്ങളിലുമുള്ള യാത്രക്കാർക്കും ഗുണം ചെയ്യും. ഡിസംബർ 4-6 തിയതികളിൽ നടക്കുന്ന ഇന്ത്യൻ ഓഷ്യൻ റീജിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വിമാന യാത്രാ പ്രശ്നവും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ.

ശൈത്യകാല അവധിക്ക് ഗൾഫിലെ സ്കൂളുകൾ ഡിസംബർ 9ന് അടയ്ക്കുന്നതിനാൽ യുഎഇയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണവും വർധിക്കും. മതിയായ വിമാന സർവീസുകളുടെ അഭാവവും വർധിച്ച ടിക്കറ്റു നിരക്കും മൂലം യാത്ര സാധ്യമാകാത്ത പ്രയാസത്തിലാണ് മലയാളി കുടുംബങ്ങൾ. നിയന്ത്രണം പിൻവലിക്കുന്നതോടെ തിരക്കും നിരക്കും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

English Summary : UAE pitches for resumption of normal flight schedule with India amid Dubai Expo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com