ADVERTISEMENT

ദുബായ് ∙ പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ. യുഎഇ ഏഴു ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, മൊസംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയത്. 

ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് യുഎഇ നിലവിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ, പൗരന്മാർക്ക് ആരോഗ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ 29 തിങ്കൾ മുതൽ നിരോധനം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഈ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് സൗദി അറേബ്യയും ബഹ്റൈനും നേരത്തെ വി​ലക്ക് ഏർപ്പെടുത്തിയിരുന്നു.

14 ദിവസത്തിനുള്ളിൽ ഈ ഏഴു രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല. യുഎഇ പൗരന്മാർ, നയതന്ത്രപ്രതിനിധികൾ, ഗോൾഡൻ വീസയുള്ളവർ എന്നിവർക്ക് ഇളവുകളുണ്ട്. ഇവർ നിർബന്ധമായും 48 മണിക്കൂർ മുൻപെടുത്ത കോവിഡ് നെഗറ്റീഫ് ഫലം കരുതണം. വിമാനത്താവളത്തിലെ പ്രത്യേക പരിശോധനയും ക്വാറന്റീനും ആവശ്യമാണ്.

കോവിഡിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തതോടെ ലോകമെങ്ങും ജാഗ്രതയിലാണ്. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങൾ. ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തി. 

ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രാ സർവീസുകൾക്ക് അടിയന്തര വിലക്ക് ഏർപ്പെടുത്തണമെന്ന യൂറോപ്യൻ കമ്മിഷൻ നിർദേശം 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അംഗീകരിച്ചു. യുഎസും യുകെയും ചില യൂറോപ്യൻ രാജ്യങ്ങളും വിലക്കേർപ്പെടുത്തി. പുതിയ വകഭേദത്തിന് ‘ഒമൈക്രോൺ’ എന്നാണു പേരിട്ടിരിക്കുന്നത്. നിലവിലുള്ള വാക്സീനുകൾ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാൻ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.

English Summary: UAE suspends inbound flights from 7 countries over coronavirus variants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com