ADVERTISEMENT

അബുദാബി∙ അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിച്ച് നേട്ടങ്ങളുടെ 50 സുവർണ വർഷങ്ങൾ പിന്നിട്ട യുഎഇ പ്രൗഢ്വോജല പരിപാടികളോടെ ദേശീയദിനം ആഘോഷിച്ചു. സ്വദേശികൾക്കൊപ്പം  ഇരുനൂറിലേറെ രാജ്യക്കാരും ഈ കൊച്ചുരാജ്യത്തിന്റെ പിറന്നാളിന് മധുരം പകർന്ന് രാജ്യമെങ്ങും വർണാഭമായ പരിപാടികൾ ഒരുക്കിയിരുന്നു. ഒരു രാജ്യത്തിന്റെ ദേശീയ ദിനം വിവിധ രാജ്യക്കാരായ ലക്ഷക്കണക്കിന് ആളുകൾ ഒന്നിച്ചു ആഘോഷിക്കുന്നതും അപൂർവതയായി. 

ഹജ്ർ മലനിരകളെ സാക്ഷിയാക്കി ദുബായ് ഹത്തയിലായിരുന്നു ഏറ്റവും വലിയ ദേശീയ ദിനാഘോഷം അരങ്ങേറിയത്. അർധ വൃത്താകൃതിയിൽ സജ്ജമാക്കിയ പ്രത്യേകം സ്റ്റേജിൽ  രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത കലാപരിപാടികളും അകമ്പടിയായി വിസ്മയിപ്പിക്കുന്ന വെടിക്കെട്ടും ആയിരങ്ങൾ നേരിട്ടും ലക്ഷക്കണക്കിന് ആളുകൾ ലൈവായും ആസ്വദിച്ചു. വെറും മണലാരണ്യമായിരുന്ന ഒരു പ്രദേശത്തെ ലോകം ഉറ്റുനോക്കുന്ന ഒരു രാജ്യമായി മാറ്റിയതിനു പിന്നിലെ കഠിനാധ്വാനം നിശ്ചയദാർഢ്യവും വരച്ചുകാട്ടുന്നതായിരുന്നു പരിപാടികൾ.

new-Federal-Supreme-Council-holds-meeting-in-Hatta---
ദേശീയ ദിനാഘോഷത്തിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എമിറേറ്റ് ഭരണാധികാരികൾ, ഉന്നതഉദ്യോഗസ്ഥർ എന്നിവർ ഹത്തയിൽ ഒത്തുചേർന്നപ്പോൾ.

നവീന സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഒരുക്കിയ വേദിയിൽ ലേസർ രശ്മികളും ശബ്ദവും വെളിച്ചവും സമന്വയിപ്പിച്ച് അവിസ്മരണീയ കാഴ്ചയാണ് ഒരുക്കിയത്. സാധ്യതകളുടെ മണൽപരപ്പിൽ സ്വപ്നങ്ങൾ കെട്ടിപ്പടുത്ത് ബഹിരാകാശത്തോളം ഖ്യാതി നേടിയ രാജ്യത്തെ പുതുതലമുറയിലെ കുട്ടികളുടെ സ്വപ്നങ്ങളിലൂടെയാണ് ഷോ തുടങ്ങുന്നത്.

UAE-National-Day-celebrations-Hatta4

ഭാവിയിൽ ബഹിരാകാശത്തേക്ക് പറക്കാൻ കൊതിക്കുന്ന, നക്ഷത്രങ്ങളോടും ഗ്രഹങ്ങളോടും കിന്നാരം പറയാൻ വെമ്പുന്ന നൂറ അൽ മത്റൂഷി, ഗ്രഹങ്ങളുടെ ഭാവിയും മനുഷ്യനും മൃഗങ്ങൾക്കും സമുദ്ര ജീവികൾക്കും അവ നൽകുന്ന സംരക്ഷണത്തെക്കുറിച്ചും ചിന്തിക്കുന്ന മൈത ബു ഗുനൂം, ബിഗ് ഡേറ്റയിലും സ്മാർട് െടക്നോളജിയിലും എത്തിനിൽക്കുന്ന മണലാരണ്യത്തിലെ ഇനിയുള്ള സാധ്യതകളെക്കുറിച്ച് ആരായുന്ന തുഫൂൽ അൽ നുഐമിയിലൂടെയുമാണ് ഷോ പുരോഗമിക്കുന്നത്. 3 പേരും യുഎഇയുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ എഴുതി പറപ്പിക്കുന്ന ഷോ കണ്ണിമവെട്ടാതെ കാണികൾ കണ്ടു. 

al-watba-celebrations
അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിൽ നടന്ന വെടിക്കെട്ട്. പശ്ചാത്തലത്തിൽ ലേയ്സർ ഷോയും കാണാം.

കോവിഡിനു മുന്നിൽ ലോക ജനത മുട്ടുമടക്കി നിൽക്കുമ്പോൾ വെല്ലുവിളികളെ അവസരമാക്കി ലോക രാജ്യങ്ങളെ ദുബായ് എക്സ്പോയിൽ ഒരുമിപ്പിച്ചതും ഷോയ്ക്ക് വിഷയമായി. ബഹിരാകാശത്ത് സ്വന്തം പൗരനെ എത്തിച്ചതും അറബികളുടെ പ്രതീക്ഷകളെ (അൽഅമൽ) ചൊവ്വയുടെ ഭ്രമണ പഥത്തിൽ വിജയകരമായി വിക്ഷേപിച്ചതും മുതൽ യുഎഇ 50 വർഷംകൊണ്ട് കൈവരിച്ച നേട്ടങ്ങളുടെ നേർ സാക്ഷ്യമായി ഹത്തയിലെ ഷോ. ലോകത്തിന് മുൻപേ നടക്കാൻ വെമ്പുന്ന യുഎഇയുടെ ഭാവി പദ്ധതികളും അവതരിപ്പിച്ചു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രാജ്യത്തെ മുൻനിരയിലെത്തിച്ചതിന്റെ ഫ്ലാഷ് ബാക്കുമുണ്ടായിരുന്നു. 

UAE-National-Day-celebrations-Hatta3

അബുദാബിയിൽ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിൽ ഒന്നിന് ആരംഭിച്ച പ്രത്യേക പരിപാടി ഇന്നും തുടരും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലും ആഴ്ചകളായി ദേശീയദിനാഘോഷ പരിപാടികൾ നടക്കുകയാണ്. ആകാശത്ത് വർണങ്ങൾ വാരിവിതറുന്ന വെടിക്കെട്ടും നടന്നു.

UAE-National-Day-celebrations-Hatta1

എ സ്റ്റോറി ഓഫ് എ നേഷൻ എന്ന പേരിൽ നടന്ന ഡ്രോൺ ഷോ ആയിരുന്നു ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ മുഖ്യ ആകർഷണം. അവധി ദിവസമായതിനാൽ വൻ ജനാവലിയാണ് ഡ്രോൺ ഷോ കാണാൻ അൽവത്ബയിലെ‍ ഉത്സവ നഗരിയിലെത്തിയത്. രാജ്യത്തിന്റെ രൂപീകരണം മുതൽ ഇന്നു വരെയുള്ള വികസനത്തിന്റെ നാഴികക്കല്ലുകൾ കോർത്തിണക്കിയ ഡ്രോൺ ഷോ സന്ദർശകരെ ആകർഷിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളിലായി നടന്ന വെടിക്കെട്ടു കാണാനും വൻ ജനാവലി എത്തിയിരുന്നു.

UAE-National-Day-celebrations-Hatta

ദേശീയ പതാകയുടെ വർണത്തിലുള്ള വസ്ത്രമണിഞ്ഞും മുഖത്ത് ചായം പൂശിയും വാഹനങ്ങളും കെട്ടിടവുമെല്ലാം അലങ്കരിച്ചും സ്വദേശികളും വിദേശികളും ആഘോഷപൂർവം ദേശീയദിനത്തിൽ പങ്കെടുത്തു. അബുദാബി ഹെറിറ്റേജ് ഫെസ്റ്റിവലിൽ ദേശീയ ദിന പരേഡും വിവിധ രാജ്യക്കാരുടെ കലാപരിപാടികളും അരങ്ങേറി. ആഘോഷം ഇന്നും തുടരും.

English Summary : Hatta's grand show takes centre stage of UAE National Day celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com