ട്രാക്കുകളിൽ തീപാറും, ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്‌സ് ഇന്ന്; അന്തിമ പരിശോധന നടത്തി

F1--jeddah
SHARE

ജിദ്ദ ∙ ഫോർമുല വൺ എസ്‌ടിസി സൗദി ഗ്രാൻഡ് പ്രിക്‌സ് രാജ്യാന്തര കാറോട്ട മത്സരത്തിന് ഇന്ന് (വെള്ളി) ജിദ്ദയിൽ തുടക്കമാകും. പരിപാടിയുടെ ഡയറക്‌ടറും സുരക്ഷാ ചുമതലയുമുള്ള മൈക്കിൾ മാസി ജിദ്ദ കോർണിഷ് പാതകൾ പരിശോധിച്ചു ഉറപ്പുവരുത്തി. ട്രാക്കിന്റെ ഗുണനിലവാരവും ചുറ്റുമുള്ള സൗകര്യങ്ങളും പരിശോധനയിൽ വിലയിരുത്തി. വിശദമായ പരിശോധനക്ക് ശേഷം അദ്ദേഹം പൂർണ സംതൃപ്തി അറിയിച്ചതായി അധികൃതർ വ്യക്തമാക്കി.

Jeddah-Corniche-Circuit

സൗദി അറേബ്യയിൽ ആദ്യമായി നടക്കുന്ന ഫോർമുല വൺ കാറോട്ട മത്സരം യാഥാർഥ്യമാക്കാൻ ഉൾപ്പെട്ട ഓരോരുത്തർക്കും ഇതൊരു മികച്ച യാത്രയായിരിക്കുമെന്നും എഫ്ഐഎ ഗ്രേഡ് മാനദണ്ഡങ്ങൾ പാലിച്ച്  ഉയർന്ന നിലവാരത്തിൽ മത്സരത്തിന് ആതിഥ്യം വഹിക്കാൻ സൗദിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ഡ്രൈവർമാർക്കും ടീമുകൾക്കും നല്ലൊരു അനുഭവമായിരിക്കും. ആവേശവും അതിശയവും നിറഞ്ഞ മത്സരത്തിന്റെ സമാപനം ആസ്വാദ്യകരമായ ഒരു വാരാന്ത്യം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Jeddah-Corniche-Circuit2

20 ലോകോത്തര താരങ്ങളാണ് വേഗത്തോട് പൊരുതി ജിദ്ദ കോർണിഷിൽ ഒന്നാന്തരം കാറോട്ട വിസ്മയം തീർക്കുക. ഇന്ന് ഉച്ചക്ക് ശേഷം പരീക്ഷണയോട്ടം തുടങ്ങും. ഞാറാഴ്‌ചയാണ് അന്തിമ മത്സരം. സൗദി മോട്ടോർസ്പോർട്ട് കമ്പനിയുടെയും സൗദി ഓട്ടോമൊബൈൽ & മോട്ടോർസൈക്കിൾ ഫെഡറേഷന്റെയും (എസ്എഎംഎഫ്) ചെയർമാൻ ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽ ഫൈസൽ ഇന്നലത്തെ അന്തിമ പരിശോധനയുടെ നല്ല ഫലത്തെ സ്വാഗതം ചെയ്തു. 

Jeddah-Corniche-Circuit1

മൈക്കിൾ മാസിയോടൊപ്പം ഇത് പൂർത്തിയാക്കിയാക്കാൻ  ചേർന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ജിദ്ദ കോർണിഷ് സർക്യൂട്ടിന്റെ  ലോകത്തിലെ ഏറ്റവും പുതിയതും വേഗതയേറിയതുമായ സ്ട്രീറ്റ് സർക്യൂട്ടിൽ ഒന്നാണെന്ന് ലോകത്തെ അറിയിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെറും എട്ടു മാസം കൊണ്ടാണ് ഞങ്ങൾ ഈ നിലയിൽ ട്രാക്ക് പൂർത്തിയാക്കിയത് എന്നത് പറഞ്ഞറിയിക്കാനാവാത്ത നേട്ടമാണ്. ജീവനക്കാരുടെ  കഠിനാധ്വാനവും അർപ്പണബോധവും ഇത് സാധ്യമാക്കാൻ സഹായിച്ചു. ഉയർന്ന നിലവാരത്തിലുള്ള അവിസ്മരണീയമായ കാറോട്ട മത്സരത്തിനായി ഈ വാരാന്ത്യം സാക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫോർമുല വൺ റേസിന് ആവശ്യമായ തയാറെടുപ്പ് ജോലികളിൽ ഭൂരിഭാഗവും സൗദി മോട്ടോർ സ്‌പോർട്ട് കമ്പനിയാണ് വിജയകരമായി പൂർത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും വേഗതയേറിയതും നീളമേറിയതുമായ സ്ട്രീറ്റ് സർക്യൂട്ടിൽ മികച്ച ഡ്രൈവർമാർ തന്നെ ഇന്ന് മത്സരിക്കും. എട്ടു മാസത്തിനുള്ളിൽ ട്രാക്ക് സജ്ജമാക്കി എന്നത് മാത്രമല്ല ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയ എഫ് വൺ സർക്യൂട്ട് ആയും ഇത് മാറുന്നു എന്ന പ്രത്യേകതയും ഉണ്ട്. മണിക്കൂറിൽ ശരാശരി 250 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. എഫ്‌വണിന്റെ സൂപ്പർസ്റ്റാറുകൾ 27 വളവുതിരിവുകളും പിന്നിട്ട് കുതിക്കുമ്പോൾ മണിക്കൂറിൽ ഇത് 322 കിലോമീറ്റർ വരെ വേഗതയിലേക്ക് വരെ എത്തുമെന്ന്  പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

F1-circuit-jeddah

6.175 കിലോമീറ്ററാണ് കോർണിഷ് സർക്യൂട്ടിന്റെ നീളം. എഫ്‌വൺ ചരിത്രത്തിലെ ഐതിഹാസികമായ ഡി സ്പാ-ഫ്രാങ്കോർചാംപ്സ് കഴിഞ്ഞാൽ രണ്ടാമത്തെ ദൈർഘ്യമേറിയ സർക്യൂട്ടാണിത്. കൂടാതെ ഒന്നിനുപുറകെ ഒന്നായി സംവിധാനിച്ചിരിക്കുന്ന ഡ്രാഗ് റിഡക്ഷൻ സിസ്റ്റം, റേസ് കാറുകളുടെ വേഗം വർധിപ്പിക്കുകയും അതിവേഗം മറ്റൊന്നിനെ മറികടക്കാൻ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. അതിനൂതന വെളിച്ച സംവിധാനങ്ങളിലൂടെ രാത്രിയെ പകലാക്കി കുതിക്കാൻ കഴിയുന്നു എന്നതും ആസ്വാദകരെ സംബന്ധിച്ച് വേറിട്ട അനുഭവമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA