ADVERTISEMENT

അബുദാബി∙ പാസഞ്ചർ സർവീസുകൾ ഉൾപ്പെടുത്തി ഇത്തിഹാദ് റെയിൽ വിപുലീകരിക്കുന്നു. ഇതോടെ എമിറേറ്റുകൾ തമ്മിലുള്ള ദൂരം കുറയും. രാജ്യമാകെ ട്രെയിൻ യാത്ര സാധ്യമാകുന്നതോടെ അബുദാബിയിൽനിന്ന് ദുബായിലേക്കു 50 മിനിറ്റിലും ഫുജൈറയിലേക്കു 100 മിനിറ്റിലും യാത്ര ചെയ്യാം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗമുള്ള യാത്രാ ട്രെയിനിൽ 2030 ഓടെ വർഷത്തിൽ 3.65 കോടി പേർ യാത്ര ചെയ്യുമെന്ന് വ്യക്തമാക്കി.

എന്നാൽ യാത്രാ ട്രെയിൻ എന്നു തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ ചരക്കുകൈമാറ്റത്തിനാണ് മുൻഗണന നൽകുന്നത്. അടുത്ത 50 വർഷത്തേക്കുള്ള പദ്ധതികളിൽ ഏറ്റവും വലുതാണ് രാജ്യത്തെ 11 നഗരങ്ങളെ ബന്ധിപ്പിച്ചു കടന്നുപോകുന്ന ഇത്തിഹാദ് റെയിലെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. റെയിൽ പദ്ധതി പൂർത്തിയാകുന്നതോടെ പരിസ്ഥിതി മലിനീകരണം 80% വരെ കുറയുമെന്നാണ് പ്രതീക്ഷ.

Etihad-Rail4

റെയിൽ ശൃംഖലയുടെ പുരോഗതിയും അവ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനവും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അവലോകനം ചെയ്തു. 5000 കോടി ദിർഹം ചെലവിലുള്ള ഇത്തിഹാദ് റെയിൽ പദ്ധതിയിലൂടെ സമ്പദ് വ്യവസ്ഥയിലേക്ക് 20,000 കോടി ദിർഹം മുതൽകൂട്ടാനാകുമെന്നാണ് പ്രതീക്ഷയെന്നും സൂചിപ്പിച്ചു.

റെയിൽ നിർമാണത്തിന്റെ ഭാഗമായുള്ള തുരങ്ക നിർമാണം കഴിഞ്ഞ മാസം പൂർത്തിയാക്കിയിരുന്നു. വ്യവസായ, ഉൽപാദന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനും സഞ്ചാരവും ചരക്കുഗതാഗതവും സുഗമമാക്കുന്നതിനും തൊഴിൽ-ജീവിത നിലവാരം മെച്ചപ്പെടത്തുന്നതിനും ഇതിലൂടെ സാധിക്കും. 2016ൽ ആദ്യഘട്ടം പൂർത്തിയാക്കി അബുദാബി നഗരങ്ങൾക്കിടയിൽ ചരക്കുഗതാഗതം തുടങ്ങിയിരുന്നു. 1200 കി.മീ ദൈർഘ്യത്തിൽ യുഎഇ–സൗദി അതിർത്തിക്കടുത്തുള്ള സില മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെ സ്റ്റേഷനുകളുണ്ടാകും.

ഇത്തിഹാദ് റെയിൽ
ഇത്തിഹാദ് റെയിൽ

പ്രതീക്ഷ ചരക്കുനീക്കത്തിൽ വൻ മാറ്റങ്ങൾ

∙ വടക്കൻ എമിറേറ്റുകളിലെ ക്വാറികളിൽ നിന്നും മറ്റും പ്രതിവർഷം 35 ലക്ഷം ടൺ നിർമാണ വസ്തുക്കൾ അബുദാബിയിൽ എത്തിക്കാനാകും. ഇതോടെ  ട്രക്കുകളുടെ ഒരുലക്ഷത്തിലേറെ ട്രിപ്പുകൾ ഒഴിവാക്കാനാകും. നിലവിൽ പ്രതിദിനം 2,000ൽ ഏറെ ട്രക്കുകൾ ഓടുന്നതായാണു കണക്ക്.

∙ ഇത്തിഹാദ് ട്രെയിൻ റാസൽഖൈമയിൽ നിന്ന് അബുദാബിയിലേക്ക് വർഷത്തിൽ 500 ട്രിപ്പുകളിലേറെ നടത്തും. ചരക്കുനീക്കം പൂർണമായും ട്രെയിനിലാകും.

Etihad-Rail

∙ അബുദാബിയിലെയും ദുബായിലെയും നിർമാണ പ്രവർത്തനങ്ങളുടെ ചെലവ് വലിയ തോതിൽ കുറയാൻ സഹായിക്കും. ട്രക്കുകൾ ഒഴിവാകുന്നതോടെ സമയവും ലാഭിക്കാം.

∙ റാസൽഖൈമയിലെ അൽ ഗെയിൽ ഇത്തിഹാദ് റെയിലിന്റെ പ്രധാന കേന്ദ്രമാകും. അൽ സിജി, മസാഫി, അൽ തവീൻ ക്വാറികളെ ബന്ധിപ്പിച്ചാണ് റെയിൽ ശൃംഖല.

Etihad-Rail3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com