ADVERTISEMENT

അബുദാബി∙ യുഎഇയുടെ സുവർണജൂബിലി ദേശീയദിനത്തോടനുബന്ധിച്ച് പുതിയ 50 ദിർഹം നോട്ട് സർക്കാർ പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ  എമിറേറ്റുകളുടെ ഭരണാധികാരികൾ, കിരീടാവകാശികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

20211207MH_0N1_4725

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും എമിറേറ്റ്‌സിലെ ഒന്നാം തലമുറ ഭരണാധികാരികൾക്കുമുള്ള ആദരവായാണ് നോട്ട് പുറത്തിറക്കിയത്. നോട്ടിന്റെ വലതുവശത്ത് ഷെയ്ഖ് സായിദിന്റെ വലിയ ചിത്രവും  യൂണിയൻ ആയ ശേഷം വിവിധ എമിറേറ്റ്സിലെ ഭരണാധികാരികൾ ദേശീയ പതാകയ്ക്ക് കീഴെ നിൽക്കുന്ന ചിത്രവുമാണ് പതിച്ചിരിക്കുന്നത്. രക്തസാക്ഷി സ്മാരകമായ വാഹത് അൽ കറാമയുടെ ചിത്രം ഇടതുവശത്തായും കാണാം. നോട്ടിന്റെ മറുഭാഗത്ത് ഷെയ്ഖ് സായിദിന്റെ ചിത്രം കൂടാതെ, യുഎഇ രൂപീകരണത്തിന് സാക്ഷിയായ എത്തിഹാദ് മ്യൂസിയത്തിന്റെ ചിത്രമുണ്ട്. ഇവിടെയാണ് ആദ്യമായി യുഎഇ ദേശീയ പതാക ഉയർന്നത്.

20211207MH_0N1_4755

പോളിമർ ഉപയോഗിച്ച് ആദ്യമായി നിർമിച്ചതാണ് പുതിയ നോട്ട്.  പരമ്പരാഗതമായതിനേക്കാൾ കൂടുതൽ മോടിയുള്ളതും സുസ്ഥിരവുമാണിത്. പോളിമർ പുനരുപയോഗിക്കാൻ കഴിയുന്നതിനാൽ  കാർബൺ കുറയ്ക്കാൻ ഇത് സഹായിക്കും. 

CB-NewNote-Banner A

പുതിയ നോട്ട് ഉടൻ എടിഎമ്മുകളിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.  കാഴ്ച വൈകല്യമുള്ള ഉപഭോക്താക്കളെ നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്നതിനായി സെൻട്രൽ ബാങ്ക് ബ്രെയിൽ ലിപിയിൽ ചിഹ്നങ്ങൾ ചേർത്തിട്ടുണ്ട്. കള്ളപ്പണത്തെ ചെറുക്കുന്നതിനുള്ള വിപുലമായ സുരക്ഷാ സംവിധാനങ്ങളും 50 ദിർഹം നോട്ടിലുണ്ട്. അതേസമയം, നിലവിലെ 50 ദിർഹം നോട്ട് സാധുവായി തുടരുകയും ചെയ്യും.

20211207MH_DS104385

ചടങ്ങിൽ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും അജ്മാൻ കിരീടാവകാശിയുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയും പങ്കെടുത്തു.

English Summary: UAE issues new 50 dirham note to commemorate Golden Jubilee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com