ADVERTISEMENT

കൊച്ചി∙ ആമിന ഉമ്മയ്ക്കും കുടുംബത്തിനും ഇനി കാഞ്ഞിരമറ്റത്തെ സ്വന്തം വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാം. വായ്പ അടവോ, ജപ്തി ഭീഷണിയോ ഓർത്ത് ആമിന ഉമ്മയുടെ കണ്ണുകളിനി നിറയില്ല. എല്ലാത്തിനും എം.എ യൂസഫലിയോട് നന്ദി പറയുകയാണ് ആമിന ഉമ്മയും കുടുംബവും.

lulu-group-amina-umma-3
എ യൂസഫലിയുടെ നിർദ്ദേശമനുസരിച്ച് ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ് ബാങ്കിലെത്തി ആമിനയുടെ വായ്പ വിവരങ്ങൾ പരിശോധിയ്ക്കുന്നു

 

lulu-group-amina-umma-2
എം എ യൂസഫലിയുടെ നിർദ്ദേശപ്രകാരം ബാങ്കിൽ പണമടച്ചതിന്റെ രസീത് ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ് സെയ്ദ് മുഹമ്മദിന് നൽകുന്നു

തൊഴിലുറപ്പ് ജോലിയ്ക്കിടയിൽ ആരോ കാണാൻ വന്നിരിക്കുന്നതറിഞ്ഞ് വീടിന് സമീപത്തേക്ക് ആമിന ഉമ്മയും ഭർത്താവ് സെയ്ദ് മുഹമ്മദും ഓടിയെത്തി. ചെളി പുരണ്ട വസ്ത്രം പോലും മാറാതെ, എത്തിയവരോടു കാര്യമെന്തെന്ന് ആമിന തിരക്കി.  ലുലു ഗ്രൂപ്പിലെ ജീവനക്കാരെന്ന് അറിയിച്ചപ്പോഴും ഒന്നും മനസ്സിലാകാതെ ആമിന നിന്നു. യൂസഫലി ഉറപ്പ് നൽകിയതനുസരിച്ച് കീച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ വായ്പയും കുടിശ്ശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ച് തീർത്തതായി ജീവനക്കാർ ആമിനയോട് പറഞ്ഞു. വായ്പ അടവും പലിശയും ബാങ്കിൽ കെട്ടിവച്ചതിന്റെ രസീത് ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ് ആമിനയുടെ കൈകളിൽ ഏൽപ്പിച്ചു. ഒരു നിമിഷം ആശ്ചര്യപ്പെട്ടു നിന്ന ആമിനയുടെ കണ്ണുകൾ നിറഞ്ഞു.  സങ്കടം വൈകാതെ പുഞ്ചിരിക്കു വഴിമാറി.  ജപ്തി ഭീഷണി നീങ്ങിയത് സത്യമെന്നു ബോധ്യപ്പെട്ടതോടെ വാക്ക് പാലിച്ച യൂസഫലിക്ക് ഹൃദയത്തിന്റെ ഭാഷയിൽ ആമിന നന്ദി പറഞ്ഞു.

 

പുരയിടം ജപ്തി ഭീഷണിയിലായ സങ്കടം ഇന്നലെ യൂസഫലിയോട് നേരിട്ട് പറയുമ്പോൾ എല്ലാ വിഷമങ്ങൾക്കും ഇത്രവേഗം പരിഹാരമാകുമെന്ന് ആമിന ഒരിക്കലും  കരുതിയിരുന്നില്ല. ക്യാൻസർ രോഗബാധിതനായ ആമിനയുടെ ഭർത്താവ് സെയ്ദ് മുഹമ്മദിനുള്ള ചികിത്സ ആവശ്യങ്ങൾക്കടക്കം 50,000 രൂപയും യൂസഫലിയുടെ നിർദേശപ്രകാരം കൈമാറി. ബാങ്കിൽ പണമടച്ച രസീത് കൈമാറി ലുലു ഗ്രൂപ്പ് ജീവനക്കാർ മടങ്ങുമ്പോഴും നിറഞ്ഞ സന്തോഷവും ആശ്ചര്യവുമായിരുന്നു ആമിനയുടെയും സെയ്ദ് മുഹമ്മദിന്റെയും മുഖങ്ങളിൽ.

 

ആമിനയുടെ കുടുംബം കാഞ്ഞിരമറ്റം കീച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നാണ് വീടിരിയ്ക്കുന്ന സ്ഥലം പണയം വച്ചു നേരത്തെ വായ്പ എടുത്തിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിനായിരുന്നു വായ്പ. സെയ്ദ് മുഹമ്മദിന്റെ ചികിത്സയ്ക്കും മറ്റുമായി ചെലവുകൾ വരിയും അടവ് മുടങ്ങുകയും ചെയ്തതോടെ സ്ഥലം ജപ്തി ഭീഷണിയിലായി. വായ്പ തുകയായ 2,14,242 രൂപയും, പലിശയും പിഴ പലിശയുമടക്കം ആകെ 3,81,160 രൂപയാണ്  ആമിന ഉമ്മക്ക് വേണ്ടി യൂസഫലി ബാങ്കിൽ കെട്ടിവച്ചത്. വായ്പയ്ക്ക് വേണ്ടി ബാങ്കിന്റെ പേരിലാക്കിയ ഭൂമിയുടെ രേഖകൾ ഇന്ന് തന്നെ ആമിനയുടെ പേരിലാക്കി ബാങ്ക് തിരികെ നൽകും.

ഹെലികോപ്ടർ അപകട സമയത്ത് ജീവൻ രക്ഷിച്ച രാജേഷിന്റെ കുടുംബത്തിന് നന്ദി പറയാൻ ഇന്നലെ പനങ്ങാട് എത്തിയപ്പോഴാണ് തന്റെ സങ്കടം അറിയിക്കാൻ ആമിന ഉമ്മ യൂസഫലിക്ക് മുന്നിലെത്തിയത്. ആമിനയുടെ വിഷമം ചോദിച്ചു മനസിലാക്കിയ ഉടൻ ബാങ്കിൽ പണം കെട്ടിവച്ച് എത്രയും വേഗം ജപ്തി ഭീഷണി ഒഴിവാക്കാൻ ലുലു ഗ്രൂപ്പ് ജീവനക്കാരോടു യൂസഫലി നിർദ്ദേശിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com