ADVERTISEMENT

ദുബായ്∙ കഴിഞ്ഞ എട്ടു മാസത്തോളമായി മലയാളി വനിത രാപ്പകൽ കഴിച്ചുകൂട്ടുന്നത് ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിൽ. രാത്രി കിടന്നുറങ്ങുന്നതു കുഞ്ഞു സ്റ്റൂളിലിരുന്നും പ്രഭാതകൃത്യങ്ങൾ നടത്തുന്നതു തൊട്ടടുത്തെ പൊതുശൗചാലയത്തിലും. നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടർന്നു ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണു വിശപ്പടക്കുന്നത്. ആലപ്പുഴ കണ്ടല്ലൂർ സ്വദേശിനി അനിതാ ബാലു (46) ആണ് തന്റേതല്ലാത്ത കാരണത്തിൽ തെരുവിലാക്കപ്പെട്ട ഹതഭാഗ്യ. തന്റെ പ്രശ്നം പരിഹരിക്കാതെ ഇവിടെ നിന്ന് എവിടേയ്ക്കുമില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവർ.

ഉയർച്ചയിൽ നിന്നു തെരുവിലേയ്ക്ക്

അനിതയുടെ തെരുവു ജീവിതത്തിനു പിന്നിൽ സംഭവ ബഹുലമായ കഥയാണുള്ളത്. സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള ഇവർ ഭർത്താവിനോടും 2 ആൺമക്കളോടുമൊപ്പമായിരുന്നു ദുബായിൽ മികച്ച രീതിയിൽ താമസിച്ചിരുന്നത്. ഭർത്താവ് ആലപ്പുഴ മുതുകുളം സ്വദേശി ബാലു ദുബായിൽ ബിസിനസുകാരനായിരുന്നു. 1996 മുതൽ നടത്തിയ ബിസിനസ് പിന്നീട് തകരുകയും  വിവിധ ബാങ്കുകളിൽ നിന്നു ബാലു വൻതുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു. അതിനെല്ലാം ജാമ്യം നിർത്തിയതു ഭാര്യ അനിതയെയായിരുന്നു.

വായ്പ തിരിച്ചടക്കാനാതായപ്പോൾ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവർ മൂത്ത മകനെയും കൊണ്ടു  പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവിൽ അനിത കീഴടങ്ങുകയുമായിരുന്നു. 36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോൾ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു. മകൻ താൻ പഠിച്ച സ്കൂളിൽ ചെറിയൊരു ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ മകന്റെ കൂടെ താമസിക്കാൻ അനിത തയ്യാറായതുമില്ല.

ഭർത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇവർ തെരുവിൽ താമസിക്കുന്നത്. തന്റേതല്ലാത്ത കാരണത്താൽ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താൻ നാട്ടിലേയ്ക്കു മടങ്ങില്ലെന്ന് ഇവർ പറയുന്നു. 22 ലക്ഷത്തോളം ദിർഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിർഹവും. രണ്ടു കൂട്ടരും സിവിൽ കേസ് നൽകിയപ്പോൾ കുടുങ്ങിയത് അനിതയും. 

anitha-room

പിന്നീട് പ്രശ്നത്തിൽ സാമൂഹിക പ്രവർത്തകർ ഇടപ്പെടുകയുണ്ടായി. അഡ്വ. ഏബ്രഹാം പി. ജോണിന്റെ ശ്രമഫലമായി ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനൽകാൻ ബാങ്കുകാർ തയ്യാറായിരുന്നു. ഇക്കഴിഞ്ഞ നവംബർ 30ന് മുൻപ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. പക്ഷേ, ഇത്രയും തുക നൽകാൻ ആരും മുന്നോട്ട് വന്നില്ല. അഡ്വ.ഏബ്രഹാം ജോൺ ബാങ്കിന് വീണ്ടും അപേക്ഷ നൽകിയപ്പോൾ ഈ മാസം (ഡിസംബർ) അവസാനം വരെ കാലാവധി നീട്ടി നൽകി. ആ തീയതിക്ക് മുൻപ് പണം  അടച്ചില്ലെങ്കിൽ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തൻ്റെ കേസുകൾ ഒത്തുതീർപ്പാക്കാതെ എങ്ങോട്ടേക്കുമില്ലെന്ന നിലപാടിലാണ് ഇവർ.

ചിത്ര രചനയും ക്ലീനിങ് ജോലിയും

അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ബർദുബായിലെ ക്ഷേത്രത്തോടും പള്ളിയോടും ചേർന്നുള്ള പബ്ലിക് ടെലിഫോണ്‍ ബൂത്താണ് കഴിഞ്ഞ എട്ടു മാസത്തോളമായി അനിതയുടെ വീട്. അവിടെ ബാഗും വസ്ത്രങ്ങളും ട്രാൻസിസ്റ്ററും കാണാം. വിവിധ വസ്തുക്കളിൽ ചിത്രങ്ങൾ വരച്ച് വിറ്റ് കിട്ടുന്ന തുകയും ഇവർ ഉപജീവനത്തിന് ഉപയോഗിക്കുന്നു. പഠിക്കുന്ന കാലത്ത് ചിത്രം വരച്ചിരുന്നെങ്കിലും പിന്നീട് ആ കഴിവ് നഷ്ടപ്പെട്ടിരുന്നു. ടെലിഫോൺ ബൂത്ത് ജീവിതത്തിന്റെ വിരസത ഒഴിവാക്കാനാണ് റേഡിയോയിൽ പാട്ടുകൾ കേട്ടുകൊണ്ടുള്ള ചിത്ര രചന. പരിസരങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവരും താമസിക്കുന്നവരും അനിതയെ പലപ്പോഴും സമീപിച്ച് ഭക്ഷണവും പണവും സഹായം വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവർ അത് സ്വീകരിക്കാൻ തയ്യാറാകുന്നില്ല. നിത്യവും അവരുടെ ദുരിത ജീവിതം കണ്ട് സങ്കടം തോന്നാറുണ്ടെന്നും എന്നാൽ, സംസാരിക്കുമെങ്കിലും സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തൊട്ടടുത്തെ ഓഫിസിൽ ജോലി ചെയ്യുന്ന കാസർകോട് ഉദുമ സ്വദേശി രമേശ് മനോരമ ഓൺലൈനിനോട് പറഞ്ഞു. തൊട്ടരികിലുള്ള കടയിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സ്വദേശികൾക്കും അനിത ഒരു സങ്കടക്കാഴ്ച തന്നെ. 

എം.ജി.ശ്രീകുമാറിന്റെ കുടുംബസുഹൃത്ത്

anitha-balu-2

ചലച്ചിത്ര പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു അനിതയും ഭർത്താവും. അനിതയുടെ ദുഃഖകഥ അറിഞ്ഞ ശ്രീകുമാർ അവരെ സഹായിക്കാൻ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് യാതൊരു നീക്കവും കണ്ടില്ല. സംഗീതത്തിലുള്ള അനിതയുടെ അവഗാഹമാണ് ശ്രീകുമാറിനെ ആ കുടുംബവുമായി അടുപ്പിച്ചതെന്നാണ് അറിയുന്നത്.

അനിതയുടെ ദുരിത ജീവിതത്തിനു പരിഹാരം കാണണം

ജയില്‍ ജീവിതമാണ് അനിതയെ മാറ്റിമറിച്ചത്. ശിക്ഷ കഴിഞ്ഞിറങ്ങിയ അവർ ബർ ദുബായ് റഫാ പൊലീസ് സ്റ്റേഷനിൽ നിന്നു പോകാൻ തയ്യാറായില്ല. സഹതാപം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ അവർക്കു ഭക്ഷണവും മറ്റും നൽകി. പിന്നീട്, ഒരാൾക്ക് കഷ്ടിച്ചു നിൽക്കാൻ കഴിയുന്ന ഒഴിഞ്ഞ ടെലിഫോൺ ബൂത്ത് താമസ സ്ഥലമായി തിരഞ്ഞെടുക്കുകയായിരുന്നു. നിരന്തരം പൊലീസിന്റെ സാന്നിധ്യമുള്ള ഇവിടെ മറ്റാരുടെയും ശല്യം ഇവർ നേരിടേണ്ടിവരുന്നില്ല.

അനിതയുടെ ദുരിത ജീവിതത്തിനു പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ട് പല സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ ഷിജു ബഷീറാണ് ആദ്യമായി അനിതയെ പുറംലോകത്തിനു കാട്ടിക്കൊടുത്തത്. എന്നാൽ, വൻതുകയാണ് ഇവരുടെ പ്രശ്നപരിഹാരത്തിന് ആവശ്യം എന്നത് ഏവരെയും വലയ്ക്കുന്നു. ഇന്ത്യൻ കോൺസുലേറ്റ് പോലും ഇതിനു മുൻപിൽ നിസ്സഹായരാണ്. എങ്കിലും ഏതെങ്കിലും ഇന്ത്യൻ വ്യവസായി വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതാണ് ഇവരുടെ കദനകഥ. അതിനു തയ്യാറായി സന്മനസ്സുള്ള ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

English Summary: Keralite lady abandoned by husband living in Dubai roadside for 8 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT