ADVERTISEMENT

ദുബായ് ∙ പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ സംവിധാനങ്ങൾക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പട്രോളിങ് ശക്തമാക്കി. പ്രധാന മേഖലകളിൽ 10,000ൽ ഏറെ ക്യാമറകൾ പൊലീസ് സ്ഥാപിച്ചു.

പാതകളിലും മറ്റും നിലവിലുള്ള ക്യാമറകൾക്കും റഡാറുകൾക്കും പുറമേയാണിത്. എല്ലാ പാതകളും പാർക്കിങ് മേഖലകളും ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്റർ നിരീക്ഷിക്കും.

ദുബായിലെ 29 ഇടങ്ങളിലെയും കരിമരുന്നു പ്രയോഗം കാണാൻ വിവിധ മേഖലകളിൽ സൗകര്യമൊരുക്കും. മാസ്ക് ധരിക്കാതിരിക്കുകയോ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 3,000 ദിർഹം പിഴ ചുമത്തും.

ആഘോഷ വേദികളിലേക്ക് പ്രത്യേക വഴികൾ

തിരക്കു കുറയ്ക്കാൻ ബുർജ് ഖലീഫ മെട്രോ സ്റ്റേഷനിൽ നിന്ന് ആഘോഷ വേദികളിലേക്ക് കുടുംബമായി വരുന്നവർക്കും ബാച്‌ലേഴ്സിനും പ്രത്യേക വഴികളൊരുക്കി. കുടുംബമായി വരുന്നവർ ഐലൻഡ് പാർക്ക്, ബുർജ് വ്യൂ മേഖലയിലേക്കും ഫിനാൻഷ്യൽ സെന്റർ ഭാഗത്തു നിന്നു വരുന്നവർ ബൊലേവാഡ് മേഖലയിലേക്കും പോകണം. ബുർജ് ഖലീഫ സ്റ്റേഷനിൽ ഇറങ്ങുന്ന ബാച്‌ലേഴ്സ് സൗത്ത് റിഡ്ജിലേക്കു പോകണം.

dubai-metro

ഫിനാൻഷ്യൽ സെന്ററിൽ നിന്നുള്ളവർക്കും സൗത്ത് റിഡ്ജിലേക്ക് പോകാൻ സൗകര്യമൊരുക്കി. ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ ഇറങ്ങുന്നവർക്കും സുഗമമായി ആഘോഷ വേദികളിലെത്താം. ഡൗൺ‍ടൗണിലെ തിരക്കു കണക്കിലെടുത്ത് ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും.

പ്രധാന റോഡുകൾ അടയ്ക്കും

മുഹമ്മദ് ബിൻ ബൊലേവാഡ് വൈകിട്ട് 4 മുതൽ 7 വരെ അടച്ചിടും. ഹോട്ടലുകളിലും കഫെകളിലും നേരത്തേ റിസർവ് ചെയ്തവർ 4നു മുൻപ് എത്തണം. ഊദ് മേത്തയിൽ നിന്നുള്ള അൽ അസായൽ സ്ട്രീറ്റ് വൈകിട്ട് 4 നും ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റും സുഖൂക് സ്ട്രീറ്റും രാത്രി 8നും അടയ്ക്കും. അൽ സബീൽ 2നും മെയ്ദാൻ സ്ട്രീറ്റിനും ഇടയ്ക്കുള്ള ഭാഗം 4 ന് അടയ്ക്കും.

വാട്ടർ കനാൽ നടപ്പാത അടയ്ക്കും

വാട്ടർ കനാൽ ഭാഗത്തെ നടപ്പാതകളും എലിവേറ്ററുകളും അടയ്ക്കും. ഷെയ്ഖ് സായിദ് റോഡിൽ വാട്ടർ കനാൽ ഭാഗത്തെ നടപ്പാതയും അടച്ചിടും.

മെട്രോ സർവീസ് മുഴുവൻ സമയവും

rta-bus

മെട്രോ റെഡ്-ഗ്രീൻ ലൈനുകൾ ഇന്നു രാവിലെ 8 മുതൽ ഞായർ പുലർച്ചെ 2.15 വരെ സർവീസ് നടത്തും. ട്രാം സർവീസ് ഇന്നു രാവിലെ 9 മുതൽ ഞായർ പുലർച്ചെ 1 വരെ.

ബസ് സർവീസ്

∙ ആഘോഷപരിപാടികൾക്കു ശേഷം വിവിധ മേഖലകളിലുള്ളവരെ മെട്രോ സ്റ്റേഷനുകളിലെത്തിക്കാൻ ആർടിഎയുടെ 170 ബസുകളുണ്ടാകും.

∙ ബുർജ് ഖലീഫ മെട്രോ സ്റ്റേഷനിൽ നിന്നു ഷെയ്ഖ് സായിദ് റോഡ് വഴി അൽ വാസൽ ക്ലബ്, അൽ ജാഫ് ലിയ സ്റ്റേഷൻ, മൻഖൂൽ മുസല്ല, ദെയ്റ സിറ്റി സെന്റർ ഭാഗത്തേക്ക് 70 ബസുകൾ.

∙ ബുർജ് ഖലീഫ സ്റ്റേഷനിൽ നിന്നു ഷെയ്ഖ് സായിദ് റോഡ് വഴി അൽ സഫ സ്റ്റേഷനിലേക്ക് 33 ബസുകൾ.

∙ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽ നിന്ന് അൽ വാസൽ ക്ലബ് പാർക്കിങ്, അൽ ജാഫ് ലിയ, ദെയ്റ സിറ്റി സെന്റർ, മൻഖൂൽ മുസല്ല ഭാഗത്തേക്ക് 41 ബസുകൾ.

∙ ബുർജ് ഖലീഫ സ്ട്രീറ്റിൽ നിന്നു ദെയ്റ സിറ്റി സെന്റർ സ്റ്റേഷനിലേക്ക് 8 ബസുകൾ.

∙ ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ നിന്ന് ദെയ്റ സിറ്റി സെന്റർ സ്റ്റേഷനിലേക്ക് 18 ബസുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com