ADVERTISEMENT

ദുബായ് ∙ യുഎഇയിലും ഒമാന്റെ വിവിധ ഭാഗങ്ങളിലും ഇടിയോടെ ശക്തമായ മഴ. പുലർച്ചെ തുടങ്ങിയ മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. തീരദേശ മേഖലകളിൽ കാറ്റും ശക്തമാണ്. കടൽ പ്രക്ഷുബ്ധം. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഞായർ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ദുബായ്, അബുദാബി അൽഐൻ, ഷാർജ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലായിരുന്നു ഇടിയും കാറ്റും മഴയും.  പാർക്കിങ്ങുകളിലും വടക്കൻ മേഖലകളിലെ റൗണ്ട് എബൗട്ടുകളിലും വെള്ളക്കെട്ടുണ്ടായി. ദുബായ് മീഡിയ സിറ്റി,  ജബൽഅലി മേഖലകളിൽ ഉച്ചവരെ ഇടവിട്ടു മഴപെയ്തു. രാത്രി വൈകിയും മഴ പെയ്യുമെന്നാണ് റിപ്പോർട്ട്.

മസ്‌കത്ത് ∙ ഒമാനില്‍ ന്യൂനമര്‍ദത്തിന്റെ ഫലമായി വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി. ശക്തമായ കാറ്റും വീശിയടിച്ചു. പുലര്‍ച്ചയോടെ ആരംഭിച്ച മഴ വൈകിട്ടും തുടര്‍ന്നു. പലയിടങ്ങളിലും വാദികള്‍ നിറഞ്ഞുകവിയുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. 

അടുത്ത ആഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ പെയ്തത്. വാദിയിലെ വെള്ളപ്പൊക്കവും റോഡിലെ വെള്ളക്കെട്ടും വാഹന ഗതാഗതത്തെ ബാധിച്ചു. വിവിധ ഭാഗങ്ങളില്‍ തണുപ്പ് വര്‍ധിച്ചിട്ടുണ്ട്. മഴ സമയത്ത് വാദികള്‍ മുറിച്ച് കടക്കരുതെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസും സിവില്‍ ഏവിയേഷന്‍ വിഭാഗം അഭ്യര്‍ഥിച്ചു.

എന്നാല്‍, മഴയില്‍ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില കുറഞ്ഞു. അപകട ഭീതിയെ തുടര്‍ന്ന് വാഹനത്തിന്റെ വേഗത നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വാദിയില്‍ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തി

ഒമാനില്‍ പെയ്ത കനത്ത മഴയില്‍ രൂപപ്പെട്ട വാദിയില്‍ അകപ്പെട്ട 14 പേരെ രക്ഷപ്പെടുത്തി. നഖല്‍ വിലായത്തിലാണ് വിവിധ വാദികളിലായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ മഴ ലഭിച്ചത് ഇബ്രയില്‍

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുല്‍ മഴ ലഭിച്ചത് ഇബ്ര വിലായത്തിലെന്ന് ജലവിഭവ മന്ത്രാലയം. 46 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. 30 മി. മീറ്റര്‍ മഴ ലഭിച്ച ലിവയാണ് രണ്ടാമത്. ഖാബൂറയില്‍ 14 മി. മീറ്ററും നഖലില്‍ 10 മി. മീറ്ററും ബഹ്ല, അല്‍ അവബി, സുഹാര്‍ എന്നിവിടങ്ങളില്‍ 10 മില്ലീമീറ്ററില്‍ താഴെയും മഴ ലഭിച്ചു. ഡിസംബര്‍ 30 മുതല്‍ 31 രാവിലെ എട്ടു മണിവരെയുള്ള കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്.

അസ്ഥിര കാലാവസ്ഥ: ജാഗ്രത പുലർത്തണം

പുതുവത്സരത്തോടനുബന്ധിച്ച് മഴ പെയ്യുമെന്നു യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. അസ്ഥിര കാലാവസ്ഥ തുടരുമെന്നതിനാൽ വാഹനമോടിക്കുന്നവരും തീരദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. വാദികൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പ് നൽകി.

ദൂരക്കാഴ്ച കുറഞ്ഞതിനാൽ പുതുവത്സര അവധിയോടനുബന്ധിച്ചു യാത്ര ചെയ്യുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്നു ദുബായ് പൊലീസ് നിർദേശിച്ചു. വേഗം കുറയ്ക്കുകയും വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com