ADVERTISEMENT

ദുബായ് ∙ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർത്ത രാജ്യം എന്ന നിലയിലും  മികച്ച പ്രഫഷനലുകളെയും നിക്ഷേപകരെയും ആകർഷിക്കാൻ ഗോൾഡൻ വീസ ഉൾപ്പെടെ നൽകിയ നടപടി മൂലവും ദുബായിലെ റിയൽ എസ്റ്റേറ്റ് വളരുന്നെന്ന് റിപ്പോർട്ടുകൾ.

 

എക്സ്പോയും ഇതിൽ നിർണായക പങ്കുവഹിച്ചു. സെപ്റ്റംബർ വരെ രണ്ടുലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകളാണ് നടന്നതെന്ന് പ്രോപ്പർട്ടി ഫൈൻഡർ കണക്കുകൾ വ്യക്തമാക്കുന്നു. 2017നു ശേഷം ഉണ്ടായ ഏറ്റവും വലിയ വളർച്ചയാണിത്. സെപ്റ്റംബറിൽ മാത്രം 5762 ഇടപാടുകളിലൂടെ 33000 കോടിയോളം രൂപയുടെ കച്ചവടമാണ് നടന്നത്.

 

2013ഡിസംബറിനു ശേഷം ഒറ്റമാസം കൊണ്ട് ഇത്രയും കച്ചവടം നടന്നത് ഇതാദ്യമാണ്. ഈ മുന്നേറ്റം തുടരുകയാണെന്നും പ്രോപ്പർട്ടി ഫൈൻഡർ അധികൃതർ ചൂണ്ടിക്കാട്ടുന്നു.  ഫ്ലാറ്റുകളും അപ്പാർട്മെന്റുകളും ഉടമകൾ വിൽക്കാതെ  മോടിയാക്കി ഉപയോഗിക്കുന്നതു മൂലം പൊതുവിപണിയിൽ അവയ്ക്കുണ്ടായ ക്ഷാമവും വില വർധിപ്പിച്ചു.

 

കഴിഞ്ഞ വർഷം ആദ്യ ഒൻപതു മാസത്തിനുള്ളിൽ 43299 ഇടപാടുകളിലായി 104.3 ബില്യൺ ദിർഹത്തിന്റെ കച്ചവടമാണ് നടന്നത്. തലേവർഷത്തെ അപേക്ഷിച്ച് 45% വർധനയാണിത്. ഉപയോഗിച്ച ഫ്ലാറ്റുകൾക്കും വിൽപ്പനയ്ക്ക് തയാറായ ഫ്ലാറ്റുകൾക്കും മറ്റും സെപ്റ്റംബറിൽ നല്ല കച്ചവടമുണ്ടായി. 56 ശതമാനമാണ് ഇക്കാര്യത്തിൽ വർധന.

 

ഓഫ് പ്ലാൻ പ്രോപ്പർട്ടികൾക്ക് 44 ശതമാനം വർധനയുണ്ടായി. 2530 പ്രോപ്പർട്ടികൾ വിറ്റുപോയതിലൂടെ 510 കോടി ദിർഹത്തിന്റെ കച്ചവടമാണ് നടന്നത്. കഴിഞ്ഞ 8 വർഷത്തെ ഏറ്റവും വലിയ ഓഫ് പ്ലാൻ പ്രോപ്പർട്ടി കച്ചവടമാണിതെന്നും അവർ ചൂണ്ടിക്കാട്ടി. പുനർവിൽപന വിഭാഗത്തിൽ 3232 ഇടപാടുകളിലായി 1110 കോടി ദിർഹത്തിന്റെ കച്ചവടവും നടന്നു.

 

ഇന്നലെ 4700 കോടിയുടെ ഇടപാടുകൾ

 

ദുബായ്∙  ഇന്നലെ മാത്രം ദുബായിൽ 227 റിയൽ എസ്റ്റേറ്റ് ഇടപാടുകളിലായി 4700 കോടി രൂപയുടെ കച്ചവടം നടന്നതായി അധികൃതർ അറിയിച്ചു. ജബൽ അലിയിലാണ് ഏറ്റവുമധികം ഇടപാടുകൾ നടന്നത്. 12 കോടി രൂപ വീതം മൂന്ന് ഇടപാടുകളാണ് നടന്നത്. പാം ജുമൈറെ (34 കോടി രൂപ), വർസാൻ ഫസ്റ്റ് (8 കോടി രൂപ) എന്നിങ്ങനെയായിരുന്നു മറ്റ് ഇടപാടുകൾ.

 

ഇന്നലെ വിൽപന മാത്രം173 എണ്ണം നടന്നതായി ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് അറിയിച്ചു. 12 പ്ലോട്ടുകൾ വിറ്റു. അപ്പാർട്മെന്റുകളും വില്ലകളുമായി 161 എണ്ണത്തിന്റെ കച്ചവടവും നടന്നു. മർസ ദുബായ്, അൽ തന്യാ ഫിഫ്ത്, പാം ജുമൈറ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന വിലയിൽ കച്ചവടം നടന്നത്.

 

740 കോടി രൂപ, 56 കോടിയിലധികം രൂപ, 34 കോടി രൂപ എന്നിങ്ങനെയായിരുന്നു ശരാശരി വില. ഈ വർഷം ഇതുവരെ 1766 ഇടപാടുകളിലായി 14600 കോടിയിലധികം രൂപയുടെ കച്ചവടം നടന്നു.

 

English Summary: Dubai real estate transactions cross Dh300 billion in 2021.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com