ADVERTISEMENT

ദോഹ∙ ഖത്തറിൽ ഇന്നു മുതൽ വീണ്ടും കർശനമായ കോവിഡ് നിയന്ത്രണങ്ങൾ. പുതിയ കോവിഡ് നിയന്ത്രണങ്ങൾ ഏതൊക്കെയെന്നറിയാം.

തൊഴിൽ മേഖല

∙നൂറു ശതമാനം ശേഷിയിൽ പൊതു, സ്വകാര്യ മേഖലയിലെ ഓഫിസുകൾക്ക് പ്രവർത്തിക്കാം. ബിസിനസ് യോഗങ്ങളിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ പരമാവധി 15 പേർ മാത്രമേ പങ്കെടുക്കാവൂ.

വിദ്യാഭ്യാസ മേഖല

∙സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും 27 വരെ ഓൺലൈൻ പഠനം.

∙സ്‌പെഷൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒരു ക്ലാസിൽ പരമാവധി 5 കുട്ടികളേ പാടുള്ളു. എല്ലാ പരിശീലകരും വാക്‌സിനെടുത്തവരാകണം.

∙സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്ക് 50 ശതമാനം ശേഷിയിൽ പരമാവധി 50 വിദ്യാർഥികൾ മാത്രമായി പഠനം നടത്താം. വിദ്യാർഥികളും അധ്യാപകരും കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവരാകണം.

∙നഴ്‌സറികൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. എല്ലാ ജീവനക്കാരും രണ്ടു ഡോസ് വാക്‌സീനുനെടുത്തവരാകണം.

പുറം വേദികളിൽ

∙പബ്ലിക് പാർക്കുകൾ, ബീച്ചുകൾ, കോർണിഷ് എന്നിവിടങ്ങളിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ പരമാവധി 15 പേർക്ക് ഒത്തു കൂടാം. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് വ്യവസ്ഥ ബാധകമല്ല. സ്വകാര്യ ബീച്ചുകളിൽ 75 ശതമാനം സന്ദർശകരേ പാടുള്ളു. പാർക്കുകളിൽ കളിക്കളങ്ങളും ജിം ഉപകരണങ്ങളും ഉപയോഗിക്കാം. തിരഞ്ഞെടുക്കപ്പെട്ട പാർക്കുകളിൽ ശുചിമുറികൾ തുറക്കും.

ഒത്തുകൂടലുകൾ

∙പുറം വേദികളിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ 15 പേർക്കും അകം വേദികളിൽ 10 പേർക്കും ഒത്തുകൂടാം. ഒരേ വീട്ടിലെ അംഗങ്ങൾക്ക് വ്യവസ്ഥ ബാധകമല്ല.

∙പള്ളികളിൽ പ്രതിദിന പ്രാർഥനകളും വെള്ളിയാഴ്ചകളിലെ പ്രാർഥനകളും തുടരും. വിശ്വാസികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. വാക്‌സീനെടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കും. എന്നാൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല. നിശ്ചിത പള്ളികളിൽ മാത്രമേ ടോയ്‌ലറ്റുകളും അംഗശുദ്ധി വരുത്തുന്ന ഇടങ്ങളും തുറക്കുകയുള്ളു. മതപഠന ക്ലാസുകളിൽ വാക്‌സീനെടുത്തവർക്ക് മാത്രമേ പ്രവേശനമുള്ളു.

∙ഹോട്ടലുകളിലും സ്വതന്ത്ര വിവാഹ ഹാളുകളിലും മാത്രമേ വിവാഹ പാർട്ടികൾ നടത്താൻ പാടുള്ളു. ഇൻഡോർ വേദികളിൽ വാക്‌സീൻ രണ്ടു ഡോസും പൂർത്തിയാക്കിയ പരമാവധി 40 പേർക്കും (30 ശതമാനം ശേഷി) ഔട്ട്‌ഡോർ പാർട്ടികളിൽ പരമാവധി 80 പേർക്കും (50 ശതമാനം ശേഷി) മാത്രമേ പ്രവേശനമുള്ളു.

യാത്രാ മേഖല

∙ദോഹ മെട്രോ, കർവ ബസുകൾ എന്നിവയുടെ ശേഷി 60 ശതമാനമാക്കി. മെട്രോ, ബസ് സ്‌റ്റേഷനുകളിലെ പുകവലി മേഖലകൾ തുറക്കില്ല.യാത്രയിൽ ഭക്ഷണ പാനീയങ്ങൾ അനുവദിക്കില്ല.

∙ഡ്രൈവിങ് സ്‌കൂളുകളുടെ ശേഷി 50 ശതമാനമാക്കി. ട്രെയിനികളും പരിശീലകരും വാക്‌സിനേഷൻ പൂർത്തിയാക്കിയവർ ആകണം

∙സ്വന്തം ബോട്ടുകളിൽ കുടുംബാംഗങ്ങളെങ്കിൽ പരമാവധി 12 പേർക്ക് മാത്രം അനുമതി. വാടക, ഉല്ലാസ, ടൂറിസ്റ്റ് ബോട്ടുകളിൽ 30 ശതമാനം ശേഷിയിലേ യാത്രക്കാർ പാടുള്ളു. വാക്‌സിനേഷൻ പൂർത്തിയാക്കിയ 15 പേർക്ക് മാത്രം അനുമതി. എല്ലാ ജീവനക്കാരും വാക്‌സീനെടുത്തവരുമാകണം.

കായിക മേഖല

∙പ്രാദേശിക, രാജ്യാന്തര ടൂർണമെന്റുകളുടെ പ്രാരംഭ പരിശീലനം നടത്താം. ഔട്ട്‌ഡോറിലും ഇൻഡോർ വേദികളിലും പ്രഫഷനൽ പരിശീലനങ്ങളും നടത്താം. എന്നാൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി വേണം.

∙പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രഫഷനൽ കായിക ഇവന്റുകൾ, ടൂർണമെന്റുകൾ എന്നിവ ഔട്ട്‌ഡോറിൽ 50 ശതമാനവും ഇൻഡോറിൽ 30 ശതമാനവും കാണികളുടെ സാന്നിധ്യത്തിൽ നടത്താം. എന്നാൽ മുഴുവൻ കാണികളും കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർ ആയിരിക്കണം.

∙ഖത്തരി കായിക ക്ലബ്ബുകൾക്കും ഫെഡറേഷനുകൾക്കും കീഴിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ളവർക്ക് പരിശീലനം നൽകാം. ഔട്ട്‌ഡോറിൽ 40 ശതമാനവും ഇൻഡോറിൽ 30 ശതമാനവും പേർ മാത്രമേ പാടുള്ളു. കാണികളെ അനുവദിക്കില്ല. സ്വകാര്യ ക്ലബുകളിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പരിശീലനങ്ങൾ റദ്ദാക്കി.

∙പ്രാദേശിക, സ്വകാര്യ കായിക ലീഗുകളും ടൂർണമെന്റുകളും നടത്താൻ പാടില്ല. എല്ലാത്തരം കമ്യൂണിറ്റി കായിക ടൂർണമെന്റുകൾക്കും പരിപാടികൾക്കും അനുമതിയില്ല.

 

ബിസിനസ്, വിനോദ മേഖലകൾ

∙ഷോപ്പിങ് മാളുകളുടെ പ്രവർത്തനശേഷി 75 ശതമാനമാക്കി. ഇവിടങ്ങളിലെ ഫുഡ് കോർട്ടുകൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ശുചിമുറികൾ, പ്രാർഥനാ മുറികൾ, വസ്ത്രം മാറുന്ന മുറികൾ എന്നിവ തുറക്കാം. എല്ലായിടങ്ങളിലും വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രം പ്രവേശനം.

∙പരമ്പരാഗത സൂഖുകൾ, ഹോൾസെയിൽ മാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തനശേഷി 75 ശതമാനമാക്കി. ലേലങ്ങൾക്കും അനുമതി. പ്രവേശനം വാക്‌സിനെടുത്തവർക്ക് മാത്രം.

∙ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ റസ്റ്ററന്റുകൾക്ക് ഇൻഡോറിൽ 50 ശതമാനവും ഔട്ട്‌ഡോറിൽ 75 ശതമാനം ശേഷിയിലും തുറക്കാം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ഇൻഡോറിൽ 30, ഔട്ട്‌ഡോറിൽ 40 ശതമാനം ശേഷിയിലേ പ്രവർത്തനം പാടുളളു. എല്ലാ ജീവനക്കാരും ഉപഭോക്താക്കളും കോവിഡ് വാക്‌സീൻ എടുത്തവർ ആയിരിക്കണം.

∙റസ്റ്ററന്റുകളിലും കഫേകളിലും ഷീഷ, ഹുക്ക സേവനങ്ങൾ നിരോധിച്ചു.

∙ജിം, ഹെൽത്ത് ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനശേഷി 50 ശതമാനമാക്കി. വസ്ത്രം മാറുന്ന മുറികൾ, ജക്കൂസി, സൗന ബാത്ത് എന്നിവയ്ക്ക് അനുമതിയില്ല. എല്ലാ ജീവനക്കാരും ഉപഭോക്താക്കളും കോവിഡ് വാക്‌സീൻ രണ്ടു ഡോസും എടുത്തവർ ആയിരിക്കണം.

∙നീന്തൽ കുളങ്ങൾ, വാട്ടർ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഔട്ട്‌ഡോറിൽ 75 ശതമാനവും ഇൻഡോറിൽ 50 ശതമാനം ശേഷിയിലും പ്രവർത്തിക്കാം. പ്രവേശനം വാക്‌സീൻ എടുത്തവർക്ക് മാത്രം.

∙ക്ലീനിങ്, ആതിഥേയ മേഖലകളിലെ കമ്പനികൾക്ക് നൂറു ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. എന്നാൽ വീടുകളിലും കമ്പനികളിലും സേവനം നൽകുന്ന ജീവനക്കാരെല്ലാം വാക്‌സിനേഷൻ പൂർത്തിയാക്കിയവരാകണം.

∙സിനിമ തിയറ്ററുകളുടെ പ്രവർത്തനശേഷി 50 ശതമാനമാക്കി കുറച്ചു. വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രം പ്രവേശനം.

∙മ്യൂസിയങ്ങൾക്കും ലൈബ്രറികൾക്കും പൂർണശേഷിയിൽ പ്രവർത്തിക്കാം. പ്രവേശനം വാക്‌സീനെടുത്തവർക്ക് മാത്രം.

∙ബാർബർ ഷോപ്പുകൾക്കും സലൂണുകൾക്കും പ്രവർത്തനശേഷി 50 ശതമാനം മാത്രം. ജീവനക്കാരും ഉപഭോക്താക്കളും വാക്‌സീൻ രണ്ടു ഡോസും എടുത്തവരായിരിക്കണം.

∙പ്രദർശനങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഔട്ട് ഡോറിൽ 50 ശതമാനവും ഇൻഡോറിൽ 30 ശതമാനം ശേഷിയിലും നടത്താം. പ്രവേശനം വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രം. പരിപാടികൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com