ADVERTISEMENT

ദോഹ∙ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ, ബൂസ്റ്റർ ഡോസ് വിതരണം കൂടുതൽ സമഗ്രമാക്കി. 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും ബൂസ്റ്റർ ഡോസെടുക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. കോവിഡ് രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിൽ കൂടുതലായവർക്കാണ് ബൂസ്റ്റർ ഡോസിന് അർഹത. കുട്ടികൾക്ക് ഫൈസർ-ബയോടെക് ബൂസ്റ്റർ ഡോസാണു നൽകുന്നത്.

 

അർഹതയുള്ളവർക്ക് മുൻകൂർ അനുമതിയില്ലാതെ റജിസ്റ്റർ ചെയ്ത ഹെൽത്ത് സെന്ററുകളിലെത്തി ബൂസ്റ്റർ എടുക്കാം.  സ്‌കൂൾ ജീവനക്കാർക്കും വിദ്യാർഥികൾക്കും രാജ്യത്തെ 28 സർക്കാർ ഹെൽത്ത് സെന്ററുകളിൽ ഏതു സെന്ററിൽ നിന്നു വേണമെങ്കിലും ബൂസ്റ്ററെടുക്കാം. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) 4027 7077 എന്ന ഹോട്‌ലൈൻ നമ്പറിൽ വിളിച്ചും റജിസ്റ്റർ ചെയ്യാം. വയോധികർക്കും ബൂസ്റ്റർ ഡോസ് വേഗത്തിൽ എടുക്കാനുള്ള സംവിധാനങ്ങൾ അധികൃതർ ഏർപ്പെടുത്തി.

 

പിഎച്ച്‌സിസിയുടെ ഹോട്‌ലൈൻ നമ്പറിന് പുറമേ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.00 നും ഉച്ചയ്ക്ക് 3.00നും ഇടയിൽ റുമൈല ആശുപത്രിയിലെ അടിയന്തര വയോധിക പരിചരണ യൂണിറ്റിനെ 3325 3128, 55193240 എന്നീ നമ്പറുകളിൽ വിളിച്ച് അപോയ്ൻമെന്റ് എടുക്കാം. ഹമദ് മെഡിക്കൽ കോർപറേഷന്റെ ഹോം ഹെൽത്ത് കെയർ സർവീസിന് കീഴിലുള്ള രോഗികൾക്ക് ഹോം കെയറുമായി ബന്ധപ്പെട്ടാൽ വീട്ടിലെത്തി ബൂസ്റ്റർ ഡോസ് നൽകും.

 

ബിസിനസ്, വ്യവസായ മേഖലകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനായി ഉം സലാലിലെ ബു ഗാണിൽ പുതിയ ഖത്തർ വാക്‌സിനേഷൻ സെന്ററും തുറന്നിട്ടുണ്ട്. ബൂസ്റ്റർ ഡോസ് മാത്രമല്ല കോവിഡ് വാക്‌സീൻ ആദ്യ രണ്ടു ഡോസുകളും കേന്ദ്രത്തിൽ ലഭിക്കും. മുൻകൂർ അനുമതിയുളളവർക്ക് മാത്രമാണ് ഇവിടെ വാക്‌സീൻ നൽകുന്നത്. പ്രതിദിനം 30,000 പേർക്ക് വാക്‌സീൻ നൽകാൻ ശേഷിയുള്ളതാണ് കേന്ദ്രം. qvc@hamad.qa എന്ന ഇ-മെയിൽ മുഖേന വേണം അനുമതി തേടാൻ. 2021 മേയ് മാസത്തിലാണ് 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സീൻ നൽകി തുടങ്ങിയത്.

 

രാജ്യത്ത് 10 കുട്ടികളിൽ 9 പേർ വീതം രണ്ടു ഡോസുമെടുത്തവരാണ്. സെപ്റ്റംബർ മുതലാണ് രാജ്യത്ത് മുതിർന്നവർക്കുള്ള കോവിഡ് ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചത്. ഇതുവരെ 3 ലക്ഷത്തിലധികം ബൂസ്റ്റർ ഡോസുകളും വിതരണം ചെയ്തു കഴിഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് എടുക്കുന്നതിലൂടെ കോവിഡിനെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കാമെന്നതിനാൽ വാക്‌സീൻ എടുക്കാൻ വൈകരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അധികൃതർ ആവർത്തിച്ച് ഓർമപ്പെടുത്തുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com