ADVERTISEMENT

അബുദാബി∙ യുഎഇയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച രാത്രി അബുദാബി, ദുബായ് എമിറേറ്റുകളിൽ തുടങ്ങിയ മഴയും കാറ്റും ഇന്നലെ പകലും തുടർന്നു.

അബുദാബിയുടെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ദുബായിലും വടക്കൻ എമിറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴ പെയ്തു.  പകൽ ആകാശം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു.

ഇന്ന് മഴ 3 നേരം

ഇന്ന് അബുദാബി, ദുബായ്, വടക്കൻ എമിറേറ്റുകളിൽ പുലർച്ചെയും ഉച്ചയ്ക്കുശേഷവും വൈകുന്നേരവും മഴ പെയ്യും. തെക്കുപടിഞ്ഞാറു രൂപംകൊണ്ട ഉപരിതല ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം.

നാളെ കടലിലും തീരപ്രദേശത്തും

നാളെ കടലിലും തീരപ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കും. ഉച്ചയ്ക്കുശേഷം അബുദാബിയിൽനിന്ന് മടങ്ങുന്ന മഴ വൈകുന്നേരത്തോടെ ദുബായ്, വടക്കൻ എമിറേറ്റുകളിലേക്കു നീങ്ങും. ബുധനാഴ്ച അബുദാബി, അൽഐൻ ഭാഗങ്ങളെ കുളിരണിയിക്കുന്ന മഴ ഉച്ചയോടെ അപ്രത്യക്ഷമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

തുള്ളിക്കൊരുകുടം

യുഎഇയിൽ മാസങ്ങളായി പ്രതീക്ഷിച്ച മഴ പുതുവർഷത്തിലാണ് കോരിച്ചൊരിഞ്ഞത്. 18 മാസംകൊണ്ട് ലഭിക്കുന്ന മഴ 3 ദിവസംകൊണ്ട് കിട്ടി. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. 2 ആഴ്ച മുൻപ് രൂപപ്പെട്ട വെള്ളക്കെട്ട് പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്.  വർഷത്തിൽ 100 മില്ലിമീറ്റർ മഴയാണ് ലഭിക്കാറ്. ജനുവരി മാസങ്ങളിൽ ശരാശരി 10 മില്ലിമീറ്ററും. പതിവിനു വിപരീതമായി ഇത്തവണ ജനുവരിയിലാണ് ഒന്നര വർഷത്തെ മഴ ഒറ്റയടിക്കു ലഭിച്ചത്.

വെള്ളക്കെട്ട് സൂക്ഷിക്കണം

ബുധനാഴ്ച വരെ നീളുന്ന മഴയെ തുടർന്ന് റോഡിലും മറ്റും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അബുദാബി നഗരസഭ, ഗതാഗത വിഭാഗം മുന്നറിയിപ്പു നൽകി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജമാണെന്നും സഹായം ആവശ്യമുള്ളവർ 999 നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിച്ചു.

അബുദാബിയിൽ വേഗം 80 കി.മീ

മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയിൽ അബുദാബിയിലെ റോഡുകളിലെ വേഗപരിധി 80 കിലോമീറ്ററായി കുറയുമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അബുദാബി പൊലീസ് ഓർമിപ്പിച്ചു.‌ വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണം. മുന്നിലുള്ള വാഹനം കാണാത്തവിധം ദൃശ്യപരിധി കുറഞ്ഞാൽ സുരക്ഷിത സ്ഥലത്തു മാറ്റി പാർക്കു ചെയ്ത ശേഷം ഹസാഡ് ലൈറ്റ് ഇടണം. മഴയത്ത് വാഹനം തെന്നിനീങ്ങാൻ സാധ്യതയുള്ളതിനാൽ വേഗം കുറച്ചും ഗതാഗത നിയമം പാലിച്ചും വാഹനമോടിക്കണം.

അറിയിപ്പ് നോക്കണം

മഴ, മൂടൽ മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിൽ മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് എസ്എംഎസ് സന്ദേശം അയയ്ക്കും. റോഡിലുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിലും സമൂഹമാധ്യമങ്ങളിലും മുന്നറിയിപ്പു നൽകും.

വാഹനങ്ങൾ അകലം  പാലിക്കണം

∙ മഴയുള്ളപ്പോൾ വേഗം കുറച്ച് വാഹനം ഓടിക്കുക.

∙ മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുക.

∙  ലോ ബീം ലൈറ്റ് മാത്രം ഉപയോഗിക്കുക.

∙ ഓവർടേക്കിങ്, ലെയ്ൻ മാറ്റം അരുത്.

∙ പെട്ടെന്നു ബ്രേക്ക് ഇടരുത്

∙ വാഹനങ്ങളുടെ ഗ്ലാസുകൾ തുടച്ചു വൃത്തിയാക്കണം

∙  തൊട്ടടുത്ത വാഹനം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞാൽ സുരക്ഷിത അകലത്തേക്കു മാറ്റിയിട്ട് ഹസാഡ് ലൈറ്റ് ഇടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com