ADVERTISEMENT

ദുബായ് ∙ മഴയും മഞ്ഞും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആർടിഎ. കൂട്ടിയിടിക്കാനും തെന്നിമറിയാനും സാധ്യതയുള്ളതിനാൽ ടയറുകളുടെ നിലവാരം ഉറപ്പാക്കുകയും വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കുകയും വേണം.

വരുംദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പുലർത്തണമെന്നും ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ: മൈത ബിൻ ആദായി നിർദേശിച്ചു.

പാലിക്കേണ്ടവ

വേഗം കുറച്ചുപോകുകയും മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കുകയും ചെയ്യുക.  ഫോണിൽ സംസാരിക്കുന്നതും മെസേജുകൾ നോക്കുന്നതും ഒഴിവാക്കുക. കാഴ്ച മറയാത്ത വിധം മുന്നിലെയും പിന്നിലെയും ഇരുവശങ്ങളിലെയും ഗ്ലാസ് വൃത്തിയായി സൂക്ഷിക്കുക.

ദൂരക്കാഴ്ച കുറഞ്ഞ് വാഹനമോടിക്കാൻ ബുദ്ധിമുട്ടു നേരിട്ടാൽ സുരക്ഷിതമായി മാറ്റി നിർത്തുക. വേഗം കൂടുന്നെന്ന് അറിയാൻ ഇടയ്ക്കു സ്പീഡോ മീറ്ററിൽ നോക്കുക. മൂടൽമഞ്ഞുള്ളപ്പോൾ ഫോഗ് ലൈറ്റ് ഉപയോഗിക്കുക.

ഒഴിവാക്കേണ്ടവ

എതിരെ വരുന്ന വാഹനമോടിക്കുന്നവരുടെ കാഴ്ച മറയ്ക്കുമെന്നതിനാൽ ഹൈബീം ലൈറ്റ് ഒഴിവാക്കുക. അപകട സാധ്യതയുള്ളതിനാൽ ലെയ്നുകളിൽ വാഹനം നിർത്തരുത്. ശരിയായ ട്രാക്കിലാണെന്നും ഉറപ്പ് വരുത്തണം.

പെട്ടെന്നുള്ള ബ്രേക്കിങ്, ഓവർടേക്കിങ് എന്നിവ ഒഴിവാക്കുക. നനഞ്ഞ റോഡിൽ വാഹനം വെട്ടിച്ചുകയറ്റിയാൽ തെന്നാൻ സാധ്യതയുണ്ട്.  അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഹസാഡ് ലൈറ്റ് ആനാവശ്യമായി ഉപയോഗിക്കരുത്.

ഇന്നും നാളെയും മഴ 

ദുബായ് ∙ യുഎഇയുടെ ചില മേഖലകളിൽ മഴ തുടരുന്നു. ഷാർജ ഖോർഫക്കാനിലും മലയോര മേഖലകളിലും മഴ പെയ്തു. രാജ്യത്ത് ഇന്നും നാളെയും മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ട്. വടക്കൻ മേഖലകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ദുബായിൽ ഉച്ചയോടെ തെളിഞ്ഞു. തണുത്ത കാറ്റുണ്ട്. കുറഞ്ഞ താപനില 8.5 ഡിഗ്രി സെൽഷ്യസാണ്.

English Summary: RTA warns of accident risks on wet roads.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com