ADVERTISEMENT

അബുദാബി∙ മൂന്ന് ആഴ്ചത്തെ ഓൺലൈൻ ക്ലാസിനുശേഷം അബുദാബിയിലെ സ്കൂളുകളും സർവകലാശാലകളും 24ന് തുറക്കും.  24, 31 തീയതികളിലായി 2 ഘട്ടമായിട്ടായിരിക്കും ഇത്.

 

ജനുവരി 24

 

കെജി, ഗ്രേഡ് 1–5, ഗ്രേഡ് 12, രാജ്യാന്തര പരീക്ഷയ്ക്കു തയാറെടുക്കുന്നവർ 24നു സ്കൂളിലെത്തും.

 

ജനുവരി 31   

 

6–11 ഗ്രേഡിലുള്ള വിദ്യാർഥികൾക്ക് ജനുവരി 31 മുതൽ സ്കൂളിൽ വരാം. 

 

സ്കൂൾ ട്രിപ് പാടില്ല

 

പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സ്കൂൾ ട്രിപ്പുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ  നിർത്തലാക്കി.

 

96 മണിക്കൂറിനകമുള്ള പിസിആർ വേണം

 

സ്കൂളിലേക്കു വരുന്ന വിദ്യാർഥികൾക്ക് 96 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഫലം നിർബന്ധം. 2 ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് എടുക്കുകയും വേണം. സ്കൂളിലേക്കു രക്ഷിതാക്കൾ പ്രവേശിക്കണമെങ്കിലും ഇതു ബാധകം.

 

രണ്ടാക്കി തിരിച്ചത് തിരക്ക് ഒഴിവാക്കാൻ

 

പിസിആർ ടെസ്റ്റിനുള്ള തിരക്കു കുറയ്ക്കുന്നതിനും കൂടിച്ചേരുന്നത് ഒഴിവാക്കാനുമാണ് കുട്ടികളെ 2 വിഭാഗമാക്കി തിരിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് വക്താവ് ഹസ്സ അൽ മൻസൂരി പറഞ്ഞു. യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് പ്രവേശനത്തിനു ഗ്രീൻ പാസ് നിർബന്ധം.

 

വടക്കൻ എമിറേറ്റിലെ സ്കൂളുകൾക്ക് അതതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമനുസരിച്ച് പ്രവർത്തിക്കാമെങ്കിലും പൊതുവെ അബുദാബി നിയമം പിന്തുടരുകയാണ് പതിവ്. നേരത്തെ നേരിട്ടു ക്ലാസുകൾ ആരംഭിച്ച ദുബായ്, ഷാർജ സ്കൂളുകൾ പിന്നീട് വിദ്യാർഥികൾക്ക് ഇ–ലേണിങ് സൗകര്യം നൽകിയിരുന്നു.

 

രോഗമുള്ളവരെ വിടരുത്

 

രോഗലക്ഷണമുള്ള കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. ജീവനക്കാരിൽ പ്രായമായവരും ഗുരുതര രോഗമുള്ളവരും നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണം. പകർച്ചപ്പനി (ഫ്ലൂ–ഇൻഫ്ലൂവൻസ) ലക്ഷണമുണ്ടെങ്കിൽ പരിശോധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com