ADVERTISEMENT

ദുബായ് ∙ സമാധാന ശ്രമങ്ങളെ വെല്ലുവിളിച്ച് യുഎഇയിൽ ഡ്രോൺ ആക്രമണം നടത്തിയ ഹൂതികളെ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുത്താൻ ലോകം. സഹിഷ്ണുതയ്ക്കും സന്തോഷത്തിനും മന്ത്രാലയങ്ങൾ രൂപീകരിച്ചു ലോകത്തിനു മാതൃകയായ യുഎഇക്കെതിരായ ആക്രമണം സൈനിക നീക്കങ്ങൾക്കു ശക്തി പകരും.

ഹൂതികളെ ഭീകര സംഘടനകളുടെ പട്ടികയിൽ നിന്നൊഴിവാക്കിയ അമേരിക്കൻ നടപടി പിൻവലിക്കാനും സാധ്യതയേറി. ഹൂതികൾക്കെതിരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ പ്രത്യോക്രമണത്തിൽ നൂറുകണക്കിനു വിമതർ കൊല്ലപ്പെട്ടിട്ടുണ്ട്. വൻനാശനഷ്ടങ്ങളുമുണ്ടായി. യുഎഇക്കെതിരായ ഹൂതി നീക്കം ഇതാദ്യമല്ല.

അടുത്തിടെയാണ് യെമനിലെ അൽ ഹുദൈദയ്ക്കു സമീപം ചെങ്കടലിൽ യുഎഇ ചരക്ക് കപ്പൽ ഹൂതി വിമതർ തട്ടിയെടുത്തത്. ജീവനക്കാരെ മോചിപ്പിച്ചെങ്കിലും കപ്പൽ വിട്ടയച്ചിട്ടില്ല. 2019ൽ ഫുജൈറ തീരത്ത് സൗദിയുടെ ഉൾപ്പെടെ 4 എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലും ഹൂതികളാണെന്നാണ്  റിപ്പോർട്ട്.

യെമനിലെ ദുരിതബാധിത മേഖലകളിൽ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും എത്തിച്ച കപ്പലുകൾക്കു നേരെയും പലപ്പോഴും ആക്രമണം നടത്തിയിരുന്നു.

ശുദ്ധജലമില്ല, കൃഷിയിടങ്ങൾ മലിനം തീരാദുരിതത്തിൽ യെമൻ 

ജനവാസമേഖലകൾ താവളമാക്കി കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ പരിചകളാക്കിയാണ് ഹൂതികളുടെ ആക്രമണം. എന്നാൽ, ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയാണ് സഖ്യസേനയുടെ പ്രത്യാക്രമണം. കുട്ടികളെ വിമതർ റിക്രൂട്ട് ചെയ്യുകയും അപകടകരമായ ദൗത്യം ഏൽപിക്കുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്.

ആയുധങ്ങൾ കൈമാറാനും കുഴിബോംബുകൾ പാകിയ മേഖലകളിൽ കൂടി പോകാനും ഇവർ നിർബന്ധിതരാകുന്നു. കൊല്ലപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണവും ഞെട്ടിക്കുന്നതാണ്. ഗുരുതര പരുക്കേറ്റവരെ വിവിധ ഘട്ടങ്ങളിൽ യുഎഇയിൽ എത്തിച്ച് ചികിത്സ നൽകി. പലരെയും ഇന്ത്യയിൽ എത്തിച്ചും വിദഗ്ധ ചികിത്സ നൽകി.

ദരിദ്രരാജ്യമായ യെമനിലെ 80 ശതമാനത്തിലേറെ ജനങ്ങളും കടുത്ത ദുരിതത്തിലാണ്. ആഭ്യന്തര സംഘർഷത്തിൽ ഭൂരിഭാഗം ജലാശയങ്ങളും കൃഷിയിടങ്ങളും മലിനമാകുകയും അവശേഷിക്കുന്നവ വറ്റിവരളുകയും ചെയ്തെന്നാണു റിപ്പോർട്ട്.  വൈദ്യുത ശൃംഖലകൾ തകർന്നത് ജലശുദ്ധീകരണവും മലിനജല നിർഗമനവും താറുമാറാക്കി.

മലിനജലം ഉപയോഗിക്കാൻ നിർബന്ധിതമാകുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങളും വ്യാപകമാണ്. യെമന് ഏറ്റവും കൂടുതൽ  സഹായമെത്തിക്കുന്ന രാജ്യമാണു യുഎഇ. എണ്ണയും ഭക്ഷണവും ജനറേറ്ററുകളും സുരക്ഷാ  ഉദ്യോഗസ്ഥർക്കുള്ള വാഹനങ്ങളും വിവിധ ഘട്ടങ്ങളിലായി എത്തിച്ചിരുന്നു.

ഏദൻ, തെയ്‌സ്, ലഹ്ജ്, ദലിയ, ഷബ്‌വ, അബ്‌യാൻ, ഹദ്‌രാമൗത്, മഹറ, മാരിബ്, സൊകോത്ര ദ്വീപ് എന്നിവിടങ്ങളിലെ പുനരധിവാസ പദ്ധതികൾക്കു വൻതോതിൽ സഹായം നൽകി. ഏദൻ  വിമാനത്താവളം, സീപോർട്ട്,  ഊർജനിലയങ്ങൾ, ആശുപത്രികൾ എന്നിവയുടെ പുനുരുദ്ധാരണത്തിനും നേതൃത്വം നൽകി.

ഹൂതികൾക്ക് ഇറാൻ പിന്തുണ? 

യെമനിലെ തന്ത്രപ്രധാന മേഖലകളിലടക്കം പിടിമുറുക്കിയ ഹൂതി വിമതർക്കു പിന്നിൽ ഇറാനാണെന്ന് സൂചനകളുണ്ട്. യുഎഇയുടെ തന്ത്രപ്രധാനമായ അബുമൂസ, ഗ്രേറ്റർ ടൻബ്, ലസ്സർ ടൻബ് ദ്വീപുകൾ 1971 മുതൽ ഇറാന്റെ അധീനതയിലാണ്.  ഇവ തിരികെ നൽകണമെന്ന് യുഎഇയും അറബ് ലീഗും ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇറാൻ ഇത് അവഗണിച്ച്, നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്.

ഇറാൻ മുൻ പ്രസിഡന്റ് അഹ്മദി നിജാദിന്റെ കാലത്താണ് രാജ്യാന്തര മര്യാദകൾ ലംഘിച്ച് കെട്ടിടനിർമാണം തുടങ്ങിയത്. പ്രകോപനപരമായ നടപടിക്കെതിരെ ജിസിസി രാജ്യങ്ങൾ ഒന്നടങ്കം രംഗത്തെത്തുകയും ഇറാനിലെ സ്ഥാനപതി സെയ്ഫ് മുഹമ്മദ് ആബിദ് അൽ സാബിയെ യുഎഇ തിരികെ വിളിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com