1,200 മീറ്റർ ടണൽ കടന്ന് ഹത്ത പദ്ധതി മുന്നോട്ട്

tunnel
1,200 മീറ്റർ ടണൽ.
SHARE

ദുബായ് ∙ സുപ്രധാന ടണൽ നിർമാണം പൂർത്തിയാക്കി ഹത്ത ജലവൈദ്യുത പദ്ധതി നിർമാണം അടുത്ത ഘട്ടത്തിലേക്ക്. ഡിസംബർ അവസാനം പദ്ധതിയുടെ 35% പൂർത്തിയായതോടെ നിർമാണം കൂടുതൽ വേഗത്തിലാക്കി. 142.1 കോടി ദിർഹം ചെലവു പ്രതീക്ഷിക്കുന്ന ഗൾഫിലെ ആദ്യ ജലവൈദ്യുത നിലയം 2024ൽ പൂർത്തിയാക്കുകയാണു ലക്ഷ്യം.

250 മെഗാവാട്ട് ശേഷിയുള്ള നിലയം 80 വർഷം നിലനിർത്താനാകുമെന്നാണ് പ്രതീക്ഷ. ഉന്നത മർദത്തിൽ വെള്ളം ഒഴുകിപ്പോകുന്ന 1,200 മീറ്റർ ടണലാണ് പൂർത്തിയായതെന്നു ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. മുകളിലെ സംഭരണിയിൽ 37 മീറ്റർ ഉയരമുള്ള റോളർ കോംപാക്ടഡ് കോൺക്രീറ്റ് (ആർസിസി) ഭിത്തിയുടെ  നിർമാണവും പൂർത്തിയാക്കി.

മലനിരകൾക്ക് ഇളക്കം തട്ടാതെയും  പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെയുമാണ് പാറ തുരക്കുന്നതടക്കമുള്ള നിർമാണം നടത്തുന്നത്. സംശുദ്ധ ഊർജം, കാർഷിക-വിനോദസഞ്ചാര മേഖലകളുടെ വളർച്ച എന്നീ 3 നേട്ടങ്ങളാണ് യുഎഇക്കു പദ്ധതി സമ്മാനിക്കുകയെന്നും ചൂണ്ടിക്കാട്ടി. ജർമനിയിലെ സ്ട്രാബാഗ് എജി, സ്ട്രാബാഗ് ദുബായ്, ഓസ്ട്രിയയിലെ ആൻഡ്രിറ്റ്സ് ഹൈഡ്രോ, ഓസ്കർ എന്നിവ ഉൾപ്പെട്ട കൺസോർഷ്യത്തിനാണു നിർമാണച്ചുമതല.

സൗരോർജ-ജല പദ്ധതി

അണക്കെട്ടിലെ വെള്ളം ടർബൈനുകൾ ഉപയോഗിച്ച് മലനിരകളിലെ ജലസംഭരണിയിൽ എത്തിക്കുന്നു. സംഭരണിയിൽ പതിക്കുന്ന വെള്ളത്തിന്റെ ശക്തിയിലാണു ടർബൈനുകൾ പ്രവർത്തിക്കുക.

തിരക്കില്ലാത്ത സമയങ്ങളിൽ ടർബൈൻ പ്രവർത്തിപ്പിക്കാൻ സൗരോർജം. അണക്കെട്ടിൽ നിന്നു 300 മീറ്റർ ഉയരത്തിലാണു ജലസംഭരണി. അണക്കെട്ടിൽ 171.6 കോടി ഗാലൻ വെള്ളവും മലമുകളിൽ 88 കോടി ഗാലൻ വെള്ളവും സംഭരിക്കാനാകും.

ഉൽപാദനച്ചെലവ് കുറയാൻ ഇതു സഹായകമാകും. പദ്ധതിയെ ദീവ ഗ്രിഡുമായി ബന്ധിപ്പിക്കും. ഏറ്റവും കുറഞ്ഞസമയത്തിനകം വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്നു സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കറങ്ങാം, കേബിൾ കാറിൽ

ഹത്ത സസ്റ്റെയ്നബിൾ വാട്ടർഫാൾസ്, ദുബായ് മൗണ്ടെയ്ൻ പീക് പദ്ധതികളും പുരോഗമിക്കുകയാണ്. വൈദ്യുത പദ്ധതിയിലെ വെള്ളം തിരികെ പമ്പ് ചെയ്ത് സ്വാഭാവിക വെള്ളച്ചാട്ടത്തിന്റെ പ്രതീതിയുണ്ടാക്കുന്നതാണ് സസ്റ്റെയ്നബിൾ വാട്ടർഫാൾസ് പദ്ധതി.

ഒട്ടേറെ ഉല്ലാസ കേന്ദ്രങ്ങളും ഭക്ഷണശാലകളും ഇവിടെ സജ്ജമാക്കും. മലനിരകളിൽ 1,300 മീറ്റർ ഉയരത്തിൽ, പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ സൗകര്യമൊരുക്കുന്ന മൗണ്ടെയ്ൻ പീക് പദ്ധതിയിൽ  504 കിലോമീറ്റർ കേബിൾ കാർ സ്റ്റേഷനുണ്ടാകും. ഇവിടെനിന്ന് ഹത്ത ഡാം ലെയ്ക്, അപ്പർ ഡാം ലെയ്ക്, മലനിരകൾ എന്നിവയ്ക്കു മുകളിലൂടെ ഉം അൽ നെസൂർ മലനിരകളിലേക്ക് യാത്ര ചെയ്യാം. 

2000ൽ ഏറെ തൊഴിലവസരങ്ങൾ

പദ്ധതി  പൂർത്തിയാകുന്നതോടെ  2,000ൽ ഏറെ  തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണു പ്രതീക്ഷ.  പ്ലാന്റുകൾ  പ്രവർത്തിപ്പിക്കാനും  അറ്റകുറ്റപ്പണികൾക്കുമായി സാങ്കേതിക വൈദഗ്ധ്യമുള്ള  200 പേരെയും വേണം. കാർഷിക, ടൂറിസം മേഖലകളിലും ഒട്ടേറെ തൊഴിലവസരങ്ങൾ  സൃഷ്ടിക്കപ്പെടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA