മൂന്നു വർഷത്തിനിടെ സൗദി വിട്ടത് 1.05 ദശലക്ഷം പ്രവാസികൾ

saudi-expats
SHARE

റിയാദ് ∙ 2018 മുതൽ 2021 മൂന്നാം പാദം വരെയുള്ള കാലയളവിൽ 1.05 ദശലക്ഷം പ്രവാസികൾ സൗദി തൊഴിൽ വിട്ടതായി കണക്ക്. സർക്കാർ ഏജൻസികൾ പുറത്തുവിട്ട കണക്കിന്റെ അടിസ്ഥാനത്തിൽ അറബ് പത്രങ്ങളാണ് 45 മാസത്തെ കണക്ക് പുറത്ത് വിട്ടത്. പ്രവാസികൾക്ക് സർക്കാർ ലെവി ചുമത്താൻ ആരംഭിച്ചത് മുതലാണ് തൊഴിലാളികളുടെ മടക്കം കൂടിയതെന്ന് റിപ്പോർട്ട് പറയുന്നു. ലെവിക്ക് തുടക്കം കുറിച്ച 2018 ൽ  ഒരുതൊഴിലാളിക്ക് 400 റിയായിരുന്നു പ്രതിമാസം അടക്കേണ്ടത്. ഇത് 2019 ൽ 600 ഉം 2020 ൽ 800 ഉം ആയി ഉയർന്നു. തൊഴിലുടമകളാണ് ലേവി ഒടുക്കേണ്ടതെങ്കിലും, ഭാരിച്ച ചെലവ് കാരണമാണ് കൂടുതൽ തൊഴിലാളികളും സൗദി വിടുന്നത്.

പ്രവാസി ലെവി ഏർപ്പെടുത്തുന്നതിന് മുമ്പ് 2017 അവസാനത്തിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം 10.42 ദശലക്ഷമായിരുന്നു. എന്നാൽ ഈ കണക്ക് പിന്നീടുള്ള  ഓരോ വർഷവും കുറയാൻ തുടങ്ങി. 2021 മൂന്നാം പാദത്തിന്റെ അവസാനത്തോടെ ഇത് ഏകദേശം 9.36 ദശലക്ഷത്തിലെത്തി എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതേകാലയളവിൽ  സ്വദേശി തൊഴിലാളികളുടെ  എണ്ണം 5.66 ശതമാനം വർധിച്ചു. ഏകദേശം 179,000 സ്ത്രീ-പുരുഷ സ്വദേശി തൊഴിലാളികളുടെ വർധനവോടെ, മൊത്തം സൗദി തൊഴിലാളികളുടെ എണ്ണം 3.34 ദശലക്ഷമായി ഉയർന്നു. എന്നാൽ 2017 അവസാനത്തിൽ ഇത് 3.16 ദശലക്ഷമായിരുന്നു. 

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) റജിസ്റ്റർ ചെയ്ത് സോഷ്യൽ ഇൻഷുറൻസ് നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയരായ സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ഇതേ കാലയളവിൽ 7.73 ശതമാനമാണ് വർധിച്ചത്. അതായത് 153,000-ലധികം സൗദി സ്ത്രീ-പുരുഷ തൊഴിലാളികൾക്ക് പ്രവേശനം ലഭിച്ചു. ഇതോടെ ഇൻഷുറൻസ് ഡാറ്റാബേസിൽ  മൊത്തം തൊഴിലാളികളുടെ എണ്ണം ഏകദേശം 2.14 ദശലക്ഷമായി ഉയർന്നു. സിവിൽ സർവീസ് നിയമനം ലഭിച്ച സ്വദേശി സ്ത്രീ-പുരുഷ തൊഴിലാളികളുടെ എണ്ണം 26,000 ആയി വർധിച്ചു. അതായത് രണ്ട് ശതമാനത്തിന്റെ നേരിയ വർധനവോടെ ഈ രംഗത്തുള്ളവരുടെ ആകെ എണ്ണം നിലവിൽ 1.21 ദശലക്ഷമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA