ADVERTISEMENT

 

ദുബായ്∙ ഇതു താനെടാ പൊലീസെന്ന് ആരും പറഞ്ഞു പോകും ദുബായ് വിമാനത്താവളത്തിലെ പൊലീസിന്റെ കാര്യശേഷി അറിയുമ്പോൾ. ജർമൻ സ്വദേശീ സീഗ് ഫ്രീഡ്മാനും ഇപ്പോൾ ദുബായ് പൊലീസിന്റെ ആരാധകനാണ്. നഷ്ടപ്പെട്ടെന്നു കരുതിയ 28 ലക്ഷത്തിലധികം രൂപ തിരികെ ലഭിച്ചപ്പോൾ അദ്ദേഹവും നൽകി ദുബായ് പൊലീസിന് ഉഗ്രൻ സല്യൂട്ട്. ദുബായ് വിമാനത്താവളം വഴി തായ്‌ലാൻഡിലേക്കു അവധി ആഘോഷിക്കാൻ പോയ സീഗ്ഫ്രീഡ് ടെൽബാച്ചിന്റെ 33600 യൂറോയാണ് നഷ്ടമായത്. പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത് തായ്‌ലൻഡിലെ ഹോട്ടലിൽ എത്തിയപ്പോൾ. 

 

ജർമനിയിലെ ഡസൽഡ്രോഫ്, ദുബായ്, തായ് ലാൻഡ് എന്നിങ്ങനെ മൂന്നു വിമാനത്താവളങ്ങളിലൂടെ കടന്നു പോയതിനാൽ എവിടെയാണ് പണം നഷ്ടപ്പെട്ടതെന്ന് നിശ്ചയമില്ലാതെ വിഷമിക്കുകയായിരുന്നു സീഗ് ഫ്രീഡ്. എന്നാൽ തിരികെ ജർമനിയിലേക്ക് പോകാൻ ദുബായിലെത്തിയ സീഗ് ഫ്രീഡിനെ സമീപിച്ച് ദുബായ് എയർപോർട്ടിലെ പൊലീസ് ഉദ്യോഗസ്ഥൻ പണം തിരികെ ഏൽപ്പിച്ചപ്പോൾ അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നു സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേ.ഹമൂദ ബെൽസുവെയ്ദ അൽ അമേറി വ്യക്തമാക്കി. പണമടങ്ങിയ ബാഗ് ലഭിച്ച ഉടനെ അതിന്റെ ഉടമസ്ഥനെ കണ്ടെത്താൻ എമിറേറ്റ്സ് വിമാന അധികൃതരുമായി ബന്ധപ്പെടുകയും മടക്കയാത്രയുടെ ഉൾപ്പടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതായി ലോസ്റ്റ് ആൻഡ് ഫൗണ്ട് സെക്ഷൻ തലവൻ മേജർ മുഹമ്മദ് ഖലീഫ അൽ കമദ പറഞ്ഞു.

 

സീഗ് ഫ്രീഡ് ട്രാൻസിറ്റ് ചെയ്യാൻ എത്തുന്നത് മനസ്സിലാക്കി പണം തിരികെ കൊണ്ടുപോയി ഏൽപ്പിക്കുക ആയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇത്ര പെട്ടെന്ന് തന്റെ പണം തിരികെ ലഭിക്കുമെന്നു ഒരിക്കലും വിചാരിച്ചില്ലെന്നും ഏറ്റവും സുരക്ഷിത നഗരമായി ദുബായ് അറിയപ്പെടുന്നത് ഇതുകൊണ്ടെല്ലാമാണെന്നും സീഗ് ഫ്രീഡ് പറഞ്ഞു. ദുബായ് പൊലീസിന് നന്ദി പറയാനും സന്തോഷം അറിയിക്കാനും അദ്ദേഹത്തിന് വാക്കുകളില്ല. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com