ADVERTISEMENT

ദുബായ് ∙ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മരുഭൂമിയിൽ കാർഷിക പദ്ധതികൾ വ്യാപകമാക്കാനൊരുങ്ങി യുഎഇ. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നെൽക്കൃഷിയും വൻ വിജയമായതോടെ കൂടുതൽ സംരംഭങ്ങളിലൂടെ ഉൽപാദനം വർധിപ്പിക്കാനും ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾക്കു തുടക്കമിടാനുമാണ് പദ്ധതി. ഭക്ഷ്യ, ജല, ഊർജ സുരക്ഷ ഉറപ്പാക്കാനുള്ള ബൃഹദ് സംരംഭങ്ങൾക്കു നെതർലൻഡും ജോർദാനുമായി സഹകരിക്കും. ഒപ്പം മത്സ്യകൃഷിയും വ്യാപിപ്പിക്കും. 

ഇതു സംബന്ധിച്ച് എക്സ്പോയിൽ നടന്ന കാർഷിക സമ്മേളനത്തിൽ വിവിധ കർമപരിപാടികളുടെ രൂപരേഖ തയാറാക്കി. പരിസ്ഥിതി-കാലാവസ്ഥാമാറ്റ മന്ത്രിയും ഭക്ഷ്യസുരക്ഷാ സഹമന്ത്രിയുമായ മറിയം അൽ മഹൈരി, രാജ്യാന്തര കാർഷിക ശാസ്ത്രജ്ഞർ, ഗവേഷകർ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മരുഭൂമിക്ക് യോജിച്ച കാർഷിക വിളകളുടെ പട്ടിക ശാസ്ത്രജ്ഞർ അവതരിപ്പിച്ചു. 

180 ദിവസം കൊണ്ടു പാകമാകുന്ന ഇൻഡിക, ജപോനിക എന്നീ നെൽ ഇനങ്ങളാണ് ഷാർജയിൽ പരീക്ഷിച്ചത്.  വെള്ളം പാഴാകുന്നത് ഒഴിവാക്കാൻ ഭൂമിക്കടിയിലൂടെയുള്ള ഡ്രിപ് ഇറിഗേഷൻ സംവിധാനമാണ് സ്വീകരിച്ചത്. 

2,200  ചതുരശ്ര മീറ്റർ സ്ഥലത്തു നടത്തിയ കൃഷിയിൽ 1,000 ചതുരശ്രമീറ്ററിൽ നിന്ന് ശരാശരി 763 കിലോ എന്ന തോതിൽ നെല്ല് ലഭിച്ചിരുന്നു.കാലാവസ്ഥയെയും ഭൂപ്രകൃതിയെയും ആശ്രയിച്ചു കൃഷിചെയ്യുന്ന കാലം കഴിഞ്ഞെന്നും സമ്മേളനം വിലയിരുത്തി. പരിമിതമായ സ്ഥലത്ത് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി എന്തും വിളയിക്കാമെന്ന നെതർലൻഡ് മോഡലും യുഎഇയിൽ പരീക്ഷിക്കും. എക്സ്പോയിൽ ഏറെ ശ്രദ്ധയാകർഷിച്ച പദ്ധതിയാണിത്. 

27 തരം ഓറഞ്ച്, നാരങ്ങ ഇനങ്ങൾ കൃഷിചെയ്യാൻ യുഎഇ അനുയോജ്യമെന്ന് അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി  അതോറിറ്റി കണ്ടെത്തിയതിനെ തുടർന്ന്  മലയോര മേഖലകളിൽ ഇതിനു തുടക്കമിട്ടു.

ഇനി സാൽമൺ സമൃദ്ധി

ഇറക്കുമതി ചെയ്തിരുന്ന സാൽമൺ മത്സ്യം യുഎഇ ഫാമുകളിൽ ഉൽപാദിപ്പിച്ചു തുടങ്ങിയതായി മറിയം അൽ മഹൈരി പറഞ്ഞു. ഇറക്കുമതിച്ചെലവ് കുറയ്ക്കാനും രുചികരമായ മത്സ്യം പുതുമയോടെ ഉപയോഗിക്കാനും കഴിയും. അറബ് മേഖലയിലുള്ളവർക്ക് ഏറെയിഷ്ടപ്പെട്ട സീ ബ്രീം, സീബാസ്, കിങ് ഫിഷ്, സാഫി, ബദാ, സെറിദി, ജാഷ്, യെമ, ഗാബിത്, കോഫർ എന്നിവയും വിളവെടുക്കുന്നുണ്ട്.

വിവിധ എമിറേറ്റുകളിൽ മത്സ്യഫാമുകളുടെയും ഹാച്ചറികളുടെയും എണ്ണം കൂട്ടാനും ശാസ്ത്രീയ സംവിധാനങ്ങൾ വികസിപ്പിക്കാനും മേഖലയിലെ ഏറ്റവും വലിയ മത്സ്യഗവേഷണ കേന്ദ്രമായ ഉമ്മുൽഖുവൈൻ ഷെയ്ഖ് ഖലീഫ മറൈൻ റിസർച് സെന്ററിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.

tent-farming
നെതർലൻഡ്സ് 'കൂടാരകൃഷി'. എക്സ്പോ പവിലിയനിൽ ഇതുകാണാം.

‘കൂടാരകൃഷി'യുമായി നെതർലൻഡ് 

പാടത്തുമാത്രമല്ല, വീടിനകത്തും വിപുലമായി കൃഷി ചെയ്യാമെന്ന് എക്സ്പോയിൽ നെതർലൻഡ്സ് കാട്ടിത്തരുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഏതു കാലാവസ്ഥയിലും അകത്തളങ്ങളിൽ മഴയും പെയ്യിക്കാം. 

സോളർ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ ഈർപ്പത്തിൽ നിന്നാണു മഴ പെയ്യിക്കുക. നൂൽമഴയിൽ തട്ടുകൃഷിത്തോട്ടം നനഞ്ഞുകൊണ്ടിരിക്കും. ദിവസവും നൂറുകണക്കിനു ലീറ്റർ വെള്ളം മഴയിലൂടെ ലഭ്യമാകും. എപ്പോഴും മഴക്കുളിർ ഉണ്ടാകുമെന്നതിനാൽ ശീതീകരണികളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യാം. കുറഞ്ഞ സ്ഥലത്ത് 19 മീറ്റർ ഉയരത്തിൽ ഗോപുരമാതൃകയിലൊരുക്കിയ തട്ടുകൃഷിയാണ് നെതർലൻഡ്സിന്റെ മറ്റൊരു മാതൃക. വിവിധ കാലാവസ്ഥകളിൽ വളരുന്ന പച്ചക്കറികൾ തട്ടിൽ ഒരുമിച്ച് നടാമെന്നതാണ് പ്രധാന പ്രത്യേകത.  ചോളം, കരിമ്പ്, കപ്പയുൾപ്പെടെ മണ്ണിനടിയിൽ വിളയുന്ന ഇനങ്ങളും കൃഷിചെയ്യാം. 

തലമുറമാറ്റം തളർത്തരുത്: ജയത്മ വിക്രമനായകെ (യുഎൻ പ്രതിനിധി)   

പദ്ധതികൾ മുന്നോട്ടു പോകാൻ യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കണം. ഇതിനു സർക്കാർ തലത്തിൽ നടപടിയെടുത്ത് പരിശീലന പരിപാടികൾക്കു തുടക്കമിടണം. നിലവിലെ സാഹചര്യത്തിൽ കാർഷിക സർവകലാശാലകളുടെ പ്രധാന്യം കൂടുകയാണ്.

ജല, ഭക്ഷ്യ, ഊർജ മേഖലകൾ സംയോജിപ്പിച്ചാണ് കാർഷിക പദ്ധതികൾ നടപ്പാക്കേണ്ടത്. പദ്ധതികൾ വിജയിക്കാൻ ഇവയുടെ ഉൽപാദനത്തിലും വിതരണത്തിലും ഉപയോഗത്തിലും വ്യക്തമായ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് പ്രഫ. ലൂയിസ് ഫ്രെസ്കോ (നെതർലൻഡ്സ് പ്രതിനിധി) വ്യക്തമാക്കി 

 

English Summary : UAE, Jordan and Netherlands unite to grow food in the desert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com