ADVERTISEMENT

ദോഹ∙പത്തു ദിവസം നീണ്ട ദോഹ രാജ്യാന്തര പുസ്തക മേള ഇന്ന് സമാപിക്കും.  ഇതുവരെ നടത്തിയതിൽവച്ചേറ്റവും വലുതും വൈവിധ്യവുമാണ് ഇത്തവണത്തെ മേള എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അറിവ് വെളിച്ചമാണ് എന്ന മുദ്രാവാക്യത്തിൽ ഈ മാസം 13നാണ് പ്രദർശനം തുടങ്ങിയത്.

 

മേളയുടെ പകുതി ദിവസം മുതൽ കുട്ടികൾക്കും സന്ദർശനം അനുവദിച്ചതോടെ മേള കൂടുതൽ സജീവമായി. കുട്ടികളുടെ പുസ്തകങ്ങളുടെ പ്രത്യേക പവിലിയനുകളുമായി ഇറ്റലി ഉൾപ്പെടെയുള്ള എംബസികളും സജീവമാണ്. ഇന്ത്യൻ പാർലമെന്റ് അംഗം ഡോ.ശശി തരൂരിന്റെ 'ഇന്ത്യ ഫ്രം മിഡ്‌നൈറ്റ് ടു ദി മില്ലേനിയം' എന്ന പുസ്തകത്തിന്റെ അറബിക് വിവർത്തനം മേളയിൽ പ്രകാശനം ചെയ്തതും ശ്രദ്ധേയമായി.

 

ഇതിനകം വിവിധ ഭാഷകളിൽ വിവർത്തനം ചെയ്ത ഗ്രന്ഥം ഖത്തർ സർവകലാശാലയിലെ  കോളജ് ഓഫ് എജ്യൂക്കേഷനിലെ ഡോ.സാമി ഹസൻ അറാറും സാംസ്‌കാരിക മന്ത്രാലയത്തിലെ ട്രാൻസ്‌ലേഷൻ വകുപ്പിലെ ഡോ.സമർ അൽച്ചി ചക്ലിയും ചേർന്നാണ്  'അൽ ഹിന്ദ് മിനൽ അൽ അത്മ ഇല അൽ അലഫിയ വമ ബാദഹ' എന്ന പേരിൽ അറബിക് ഭാഷയിലേക്ക് വിവർത്തനം ചെയ്തത്.

 

ഇന്ത്യ ഉൾപ്പെടെ 37 രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ ആരംഭിച്ച മേള പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അൽതാനിയാണ് ഉദ്ഘാടനം ചെയ്തത്. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പുസ്തക മേളയിലെത്തിയത് സന്ദർശകർക്കും പ്രദർശകർക്കും ആവേശമായി.

 

സെമിനാറുകൾ, ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ  തുടങ്ങി വ്യത്യസ്ത പരിപാടികളാണ് മേളയുടെ ഭാഗമായി നടക്കുന്നത്. കുട്ടികൾക്കായി പ്രത്യേക ക്രിയേറ്റീവ് സെക്ഷനുമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം 30 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. രാവിലെ 9.00 മുതൽ രാത്രി 10.00 വരെയാണ് മേള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com