ADVERTISEMENT

അബുദാബി∙ മൂന്നാഴ്ചത്തെ ഓൺലൈൻ പഠനത്തിനുശേഷം വിദ്യാർഥികൾ നാളെ സ്കൂളിലെത്തും. തിരക്കു കുറയ്ക്കുന്നതിനും കൂടിച്ചേരൽ ഒഴിവാക്കുന്നതിനും 2 ഘട്ടമായാണ് വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നത്. ശൈത്യകാല അവധിക്കുശേഷം ജനുവരി 3ന് സ്കൂൾ തുറന്നെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് 3 ആഴ്ചത്തേക്ക് പഠനം ഇ–ലേണിങിലേക്ക് മാറ്റുകയായിരുന്നു.

 

കെ.ജി, ഗ്രേഡ് 1–5, ഗ്രേഡ് 12 എന്നീ ക്ലാസുകളിലെ വിദ്യാർഥികൾക്കു പുറമേ രാജ്യാന്തര പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും നാളെ മുതൽ നേരിട്ട് സ്കൂളിലെത്തും. 6–11 ഗ്രേഡിലുള്ള വിദ്യാർഥികൾ ജനുവരി 31 മുതലാണ് സ്കൂളിൽ എത്തുക. ഇതേസമയം നേരിട്ടെത്താൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്നും ഫെയ്സ് ടു ഫെയ്സ് (എഫ്ടിഎഫ്), ഇ–ലേണിങ് ഇവയിൽ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകണമെന്നും അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) സ്കൂളുകൾക്ക് കർശന നിർദേശം നൽകി.

 

ഇതനുസരിച്ച് ഇ–ലേണിങ്, എഫ്ടിഎഫ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ പ്രത്യേക അപേക്ഷാ ഫോറം പൂരിപ്പിച്ചു വാങ്ങി 2 ഗ്രൂപ്പായി തിരിച്ചാണ് പഠനം തുടരുന്നത്. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സ്കൂൾ ട്രിപ്പുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ  നിർത്തലാക്കിയെന്ന് അഡെക് അറിയിച്ചു. അഡെകിന്റെ മാർഗനിർദേശം അനുസരിച്ച് വിദ്യാർഥികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ അറിയിച്ചു.

 

സ്കൂളിന്റെ അകവും പുറവും ശുചിമുറികളുമെല്ലാം വൃത്തിയാക്കിയ ശേഷം അണുവിമുക്തമാക്കി. ഒരു മീറ്റർ അകലത്തിൽ സീറ്റുകൾ ക്രമീകരിച്ചു. ക്ലാസിലും പുറത്തും സാനിറ്റൈസർ സ്ഥാപിച്ചു. സ്കൂളിലേക്കു പ്രവേശിക്കാനും തിരിച്ചുപോകാനും പ്രത്യേക കവാടം ഏർപ്പെടുത്തി. ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ വിദ്യാർഥികളെ അകത്തേക്കു കടത്തിവിടൂ. കോവിഡ് ഉൾപ്പെടെ പകർച്ചവ്യാധി രോഗമുള്ള കുട്ടികളെ സ്കൂളിൽ വിടരുതെന്ന് അഡെകും സ്കൂൾ അധികൃതരും രക്ഷിതാക്കളോട് അഭ്യർഥിച്ചു.

 

വീട്ടിൽ മറ്റാർക്കെങ്കിലും കോവിഡ് പിടിപെട്ടിട്ടുണ്ടെങ്കിലും വിദ്യാർഥികളെ സ്കൂളിൽ വിടരുത്. അക്കാര്യം സ്കൂൾ അധികൃതരെ യഥാസമയം അറിയിക്കണം. ക്വാറന്റീൻ കാലയളവ് കഴിയുന്നതുവരെ ഇവർക്ക് ഓൺലൈനിൽ പഠനം തുടരാം. വീണ്ടും സ്കൂളിൽ എത്തുന്നതിന് മുൻപ് പിസിആർ ടെസ്റ്റ് എടുത്ത് രോഗമില്ലെന്ന് ഉറപ്പാക്കണമെന്നും അഭ്യർഥിച്ചു. മാസ്കിൽ മുഖം മറച്ച് അകലത്തിൽ ഇരുന്നാണെങ്കിലും കൂട്ടുകാരെയും അധ്യാപകരെയും നേരിട്ട് കാണാമെന്ന ആവേശത്തിലാണ് വിദ്യാർഥികൾ.

 

നിയന്ത്രണങ്ങൾക്കു നടുവിലാണെങ്കിലും സ്കൂളിൽ പോയി പഠിച്ചാൽ മതിയെന്നാണ് ഓൺലൈനിലിരുന്ന് മടുത്ത ഭൂരിഭാഗം കുട്ടികളും അഭിപ്രായപ്പെട്ടു. എന്നാൽ ജോലിക്കാരായ രക്ഷിതാക്കളുടെ സമ്മർദത്താൽ സ്കൂളിലേക്ക് പോകേണ്ടിവരുന്നുവെന്ന് പറഞ്ഞ വിദ്യാർഥികളുമുണ്ട്. കോവിഡ് ഭീതിയിൽ എഫ്ടിഎഫിലെ ചില വിദ്യാർഥികൾ ഇ–ലേണിങിലേക്കും വാക്സീൻ എടുത്ത വിദ്യാർഥികൾ എഫ്ടിഎഫിലേക്കും മാറി.

 

വിദ്യാർഥികളെ നേരിൽ കണ്ട് പഠിപ്പിക്കാനാവുന്നതിലെ സന്തോഷത്തിലാണ് അധ്യാപകർ. എന്നാൽ ഒരേ സമയം എഫ്.ടി.എഫ്, ഇ–ലേണിങ് വിദ്യാർഥികളെ ശ്രദ്ധിക്കേണ്ടതിനാൽ സ്കൂളിലായാലും ലാപ്ടോപിനു മുന്നിൽനിന്നു മാറാൻ അധ്യാപകർക്കാകില്ല.

 

സ്കൂളിലെത്താൻ പിസിആർ നെഗറ്റീവ് നിർബന്ധം

 

അബുദാബി∙ സ്കൂൾ പ്രവേശനത്തിനു വിദ്യാർഥികൾക്ക് 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം നിർബന്ധം. കൂടാതെ 14 ദിവസത്തിനിടയിൽ പിസിആർ ടെസ്റ്റ് എടുക്കുകയും വേണം. അധ്യാപകർക്കും സ്കൂളിലേക്കു വരുന്ന രക്ഷിതാക്കൾ സന്ദർശകർക്കും 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. ഇതോടെ യുഎഇയിലെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വീണ്ടും തിരക്കുകൂടി. ഇതു മുന്നിൽ കണ്ട് സ്കൂൾ പ്രവേശനത്തിനു കുട്ടികളെ 2 വിഭാഗമാക്കി തിരിച്ചിരുന്നു. 

 

പരിശോധനയ്ക്ക്പ്രത്യേക കേന്ദ്രങ്ങൾ

 

അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സൗജന്യ പിസിആർ, സലൈവ (ഉമിനീർ) ടെസ്റ്റുകൾക്ക് പ്രത്യേക കേന്ദ്രങ്ങൾ അനുവദിച്ചു. താമസിക്കുന്ന പരിസരത്തെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങൾക്കു പുറമെ പൊതുസ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും ടെസ്റ്റിന് അവസരം ഒരുക്കിയിട്ടുണ്ട്. 20 മുതൽ 31 വരെയാണ് ഈ ആനുകൂല്യം.

 

പിസിആർ / സലൈവ ടെസ്റ്റ്

 

12 വയസ്സിനു താഴെയുള്ളവർക്ക് സലൈവ (ഉമിനീർ) ടെസ്റ്റ് ആണ് നടത്തുക. 12നു മുകളിലുള്ളവർക്ക് പിസിആർ ടെസ്റ്റും. ഇവ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ പട്ടിക സ്കൂളുകൾ വിദ്യാർഥികൾക്കു നൽകി. 31 മുതൽ സ്കൂളിൽ എത്തുന്ന 6–11 ഗ്രേഡിലുള്ളവർ 27, 28, 29 തീയതികളിൽ നിശ്ചിത കേന്ദ്രത്തിലെത്തി പിസിആർ എടുക്കണമെന്നും നിർദേശിച്ചു. കൂടുതൽ പേർ എത്താൻ സാധ്യതയുള്ളതിനാൽ അവസാന നിമിഷത്തേക്കു മാറ്റിവയ്ക്കരുതെന്നും ഓർമിപ്പിച്ചു. 

 

തിരിച്ചറിയൽ കാർഡ് നിർബന്ധം

 

പരിശോധനയ്ക്കു പോകുന്നവർ സ്കൂൾ ഐഡിയും എമിറേറ്റ്സ് ഐഡിയും കരുതണം. ജീവനക്കാർ സ്കൂൾ കോഡും പറഞ്ഞുകൊടുക്കണം. സ്കൂൾ തുറന്ന ശേഷം സമയബന്ധിതമായി സ്കൂളിൽ തന്നെ പരിശോധനയ്ക്കു സൗകര്യം ഒരുക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

 

16നു മുകളിൽ ഗ്രീൻ പാസും

 

16 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും പിസിആർ ടെസ്റ്റിനു പുറമെ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസും കാണിക്കണം. 2 ഡോസ് വാക്സീനും ബൂസ്റ്ററും എടുത്തവർ പിസിആർ ടെസ്റ്റ് എടുത്താൽ 14 ദിവസത്തേക്ക് അൽഹൊസനിൽ ഗ്രീൻപാസ് ലഭിക്കും.

 

വിദേശ യാത്രക്കാർക്ക് സത്യവാങ്മൂലം

 

വിദേശത്തുനിന്ന് വരുന്ന വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും ആദ്യ ദിവസവും ആറാം ദിവസവും പിസിആർ എടുത്ത് രോഗമില്ലെന്ന് ഉറപ്പാക്കിയാലേ സ്കൂളിലേക്ക് പ്രവേശിപ്പിക്കൂ. യാത്രാ വിവരം സംബന്ധിച്ച സത്യവാങ്മൂലം നൽകുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com