ADVERTISEMENT

അബുദാബി∙ പ്രതികൂല കാലാവസ്ഥയിലും പ്രകൃതിയെ നെഞ്ചോട് ചേർത്ത് യുഎഇ. പത്തു കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിച്ച് മരുഭൂമിയെ കൂടുതൽ ഹരിതാഭമാക്കാനുള്ള യജ്ഞത്തിനും തുടക്കമായി. വിവിധ എമിറേറ്റുകളിലെ പദ്ധതികളിലൂടെ 8 വർഷത്തിനകം ലക്ഷ്യം കാണും.

നിലവിലുള്ള കണ്ടൽകാടുകൾക്ക് പുറമെയാണ് പുതിയ ഹരിതവൽക്കരണ പദ്ധതികൾ. രാജ്യത്തിന്റെ ഹരിതവത്ക്കരണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച അബുദാബിയിലെ ജുബൈൽ ഐലൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ദ്വീപിൽ 10 വർഷത്തിനകം 10 ലക്ഷം കണ്ടൽ മരങ്ങൾ നടുമെന്ന് പ്രഖ്യാപിച്ചു.

ഒരു കോടി ദിർഹമാണ് ഇതിനു ചെലവ് കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി 3.5 ലക്ഷം തൈകൾ നട്ടു. കൂടാതെ 5 വർഷത്തിനകം 1.82 ലക്ഷം കണ്ടൽ ചെടികൾ കൂടി നട്ടുപിടിപ്പിക്കാൻ ഇത്തിഹാദ് എയർവേയ്‌സുമായി കമ്പനി ധാരണയായി. ദ്വീപിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

സാമൂഹിക, പാരിസ്ഥിതിക ഉത്തരവാദിത്തം ഉൾക്കൊണ്ടുള്ള വികസനം പ്രോത്സാഹിപ്പിക്കും. ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനുള്ള പരിസ്ഥിതി ഏജൻസിയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് ജുബൈൽ ഐലൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി മാനേജിങ് ഡയറക്ടർ മൗനീർ ഹൈദർ പറഞ്ഞു.

വന്യജീവികൾക്ക് സുരക്ഷിത ആവാസ വ്യവസ്തയൊരുക്കുന്നതോടൊപ്പം കാർബൺ മലിനീകരണം കുറച്ച് ശുദ്ധവായു ഉറപ്പാക്കാനും ഇതുവഴി സാധിക്കും.  ജലപാതകളിലും തീരങ്ങളിലും മണ്ണൊലിപ്പും മലിനീകരണവും കുറയ്ക്കാനും സഹായിക്കുന്നു.

തണ്ണീർത്തട മേഖലകളുടെ സംരക്ഷണത്തോടൊപ്പം പുതിയ ജലസംഭരണ കേന്ദ്രത്തിന്റെ പിറവിക്കും ഇതു കാരണമാകും. ഭൂഗർഭ ജലത്തിന്റെ ലഭ്യത വർധിപ്പിക്കാനും ഇതു വഴിയൊരുക്കുമെന്ന് പരിസ്ഥിതി ഏജൻസി പറഞ്ഞു. നിലവിൽ യുഎഇയിൽ 4000 ഹെക്ടർ സ്ഥലത്ത് കണ്ടൽകാടുകളുണ്ട്. ഇതിൽ 2500 ഹെക്ടറും അബുദാബിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com